Connect with us

Editorial

സുതാര്യമാകണം കണ്‍സല്‍ട്ടന്‍സി നിയമനങ്ങളും

Published

|

Last Updated

‘കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി”യെന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് പല സര്‍ക്കാര്‍ വകുപ്പുകളിലെയും താത്കാലിക നിയമനങ്ങളെന്നാണ് “നയതന്ത്ര സ്വര്‍ണക്കടത്തു”മായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷ് ഐ ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക് ഓപറേഷന്‍സ് മാനേജറായി നിയമിക്കപ്പെട്ടത് പി ഡബ്ല്യു സി വഴിയെന്നായിരുന്നു അധികൃത കേന്ദ്രങ്ങള്‍ നേരത്തേ അവകാശപ്പെട്ടിരുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്നും ശിവശങ്കറിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നിയമനമെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ശിവശങ്കര്‍ നിയമം തെറ്റിച്ചും പ്രോട്ടോകോള്‍ ലംഘിച്ചും സ്വപ്‌നയുടെ നിയമനത്തില്‍ ഇടപെട്ടതായി വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് സമിതി അന്വേഷണം നടത്തിയത്.

ശിവശങ്കര്‍ അധികാരത്തിലിരിക്കെ സെക്രട്ടേറിയറ്റില്‍ ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തുടങ്ങി വേറെ പല തസ്തികകളിലും അനധികൃത നിയമനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ സെക്രട്ടേറിയറ്റില്‍ ഐ ടി വിഭാഗവുമായി ബന്ധപ്പെട്ട ജീവനക്കാരെ ആവശ്യമായാല്‍ സിഡിറ്റ്, കെല്‍ട്രോണ്‍ എന്നിവയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ അയക്കുകയാണ് പതിവ്. ഈ കീഴ്‌വഴക്കം ലംഘിച്ച് ശിവശങ്കര്‍ തനിക്കു താത്പര്യമുള്ളവരെയും വേണ്ടപ്പെട്ടവരെയും പരീക്ഷ പോലും നടത്താതെ നിയമിച്ചുവെന്നാണ് വിവരം. ഇത്തരം ജീവനക്കാര്‍ സര്‍ക്കാര്‍ മുദ്രയുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചതായും കണ്ടെത്തി. സെക്രട്ടേറിയറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെയാണ് താത്കാലിക ജീവനക്കാരുടെ സര്‍ക്കാര്‍ മുദ്ര ദുരുപയോഗം. സര്‍ക്കാറില്‍ നിന്ന് പ്രതിഫലം വാങ്ങുന്ന നിയമനങ്ങളെല്ലാം സുതാര്യമായിരിക്കണമെന്നാണ് നിയമമെന്നിരിക്കെ വഴിവിട്ട ഇത്തരം നിയമനങ്ങള്‍ സര്‍ക്കാറിനും ഭരണ കക്ഷികള്‍ക്കും തലവേദനയായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഐ ടി വകുപ്പിലെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സ്വകാര്യ ഏജന്‍സികളടക്കം അടുത്ത കാലത്ത് നടത്തിയ എല്ലാ കരാര്‍ നിയമനങ്ങളും ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന ഈ അന്വേഷണ പരിധിയില്‍ വരും.

ഐ ടി വകുപ്പില്‍ മാത്രമല്ല, സര്‍ക്കാറിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും മിക്ക നിയമനങ്ങളും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നടക്കുന്നതെന്നാണ് വിവരം. കിന്‍ഫ്രയിലെ നിയമനം ഉദാഹരണം. സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലെ നിയമനങ്ങള്‍ക്ക് കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സ് ആക്ട് (സി എന്‍ വി) ബാധകമാണ്. അതനുസരിച്ച് പി എസ് സി വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുമാണ് ഈ സ്ഥാപനത്തിലേക്ക് നിയമനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ മിന്റ് എന്ന സ്വകാര്യ ജോബ് കണ്‍സല്‍ട്ടന്‍സിയാണ് കിന്‍ഫ്രയിലേക്ക് ജീവനക്കാരെ നല്‍കിയത്. സ്ഥാപനത്തിന് 37 സ്ഥിരം ജീവനക്കാര്‍ മാത്രമാണുള്ളത്. മറ്റെല്ലാം സ്വകാര്യ ഏജന്‍സികള്‍ വഴി കയറിപ്പറ്റിയവരാണ്.

അതേസമയം, കണ്‍സല്‍ട്ടന്‍സി നിയമനങ്ങളെ പാടേ തള്ളിപ്പറയാന്‍ കഴിയില്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളില്‍ അത്തരം നിയമനങ്ങള്‍ ആവശ്യമായി വരുമെന്നുമാണ് നിലവിലെ വിവാദങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പശ്ചാത്തല സൗകര്യ പദ്ധതികളിലും നൂതന സാങ്കേതിക വിദ്യ ആവശ്യമായ മേഖലകളിലും പ്രത്യേക പരിജ്ഞാനവും പ്രാവീണ്യവുമുള്ളവര്‍ ആവശ്യമായി വരും. ഇത്തരം ഘട്ടങ്ങളില്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങള്‍ വഴി ഹ്രസ്വകാല നിയമനം മുമ്പേ പതിവുള്ളതാണ്. സര്‍ക്കാര്‍ നിയമനങ്ങളല്ല ഇവയെന്നതിനാല്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ സര്‍ക്കാറിന്റെ കാലത്തും നടന്നിട്ടുണ്ട് ആയിരക്കണക്കിന് കണ്‍സല്‍ട്ടന്‍സി നിയമനങ്ങളെന്നതിനാല്‍ മുഖ്യമന്ത്രിയുടെ ഈ നിലപാട് എതിര്‍ക്കപ്പെടേണ്ടതല്ല. എന്നാലും കരാര്‍ നിയമനങ്ങളിലും വേണം സുതാര്യത. കണ്‍സല്‍ട്ടന്‍സി മുഖേന ഒരു തസ്തികയിലേക്ക് നിയമിക്കപ്പെടുമ്പോള്‍ അത് തികച്ചും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. രാഷ്ട്രീയ, വ്യക്തി താത്പര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കരുത്. ഇത് പലപ്പോഴും ലംഘിക്കപ്പെടാറുണ്ട്. ബാഹ്യ താത്പര്യങ്ങള്‍ക്കായി പലപ്പോഴും കഴിവും യോഗ്യതയുമുള്ളവരെ അവഗണിക്കപ്പെടുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കിലയിലേക്ക് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) നടന്ന നിയമനത്തില്‍ പാര്‍ട്ടിക്കാരുടെ യോഗ്യതക്കനുസരിച്ച് ചട്ടങ്ങളില്‍ ഇളവ് വരുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ചെയര്‍ പ്രൊഫസര്‍, സീനിയര്‍ പ്രൊഫസര്‍, അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് ബിരുദാനന്തര ബിരുദവും പി എച്ച് ഡിയുമാണ് അടിസ്ഥാന യോഗ്യത. എന്നാല്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ ചെയര്‍ പ്രൊഫസര്‍ സ്ഥാനത്തേക്ക് മാത്രം ചട്ടപ്രകാരം യോഗ്യത നിശ്ചയിച്ചു. മറ്റു രണ്ട് തസ്തികകളുടെ പേര് ഫെലോ എന്നാക്കി മാറ്റി യോഗ്യത ബിരുദാനന്തര ബിരുദം മാത്രമാക്കി ചുരുക്കി. പി എച്ച് ഡി ഇല്ലാത്ത ഭരണകക്ഷി അനുഭാവികളായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടിയായിരുന്നു യോഗ്യതയിലെ ഈ ഇളവ്. അതേസമയം, ശമ്പളം പ്രൊഫസര്‍ തസ്തികക്ക് തുല്യവും. പി എസ് സി പരീക്ഷയില്‍ മിനിമം യോഗ്യത ഇല്ലാത്തവരെ സെക്രട്ടേറിയറ്റില്‍ ലീഗല്‍ അസിസ്റ്റന്റുമാരായി നിയമിക്കുന്ന പ്രവണതയുമുണ്ട്. ഈ തസ്തികയില്‍ മിനിമം 40 മാര്‍ക്ക് യോഗ്യതയായി നിശ്ചയിച്ചിരിക്കെ, പി എസ് സിയെ നോക്കുകുത്തിയാക്കി പത്തില്‍ താഴെ മാര്‍ക്ക് നേടിയവരെ നിയമിക്കപ്പെടുന്നു. ഭരണകക്ഷി ജീവനക്കാരുടെ സംഘടനയുടെ ഒത്താശയോടെയാണ് ഇത്തരം നിയമനങ്ങള്‍ അരങ്ങേറുന്നത്. വഴിവിട്ട ഇത്തരം നിയമനങ്ങളെല്ലാം അവസാനിപ്പിക്കുകയും എല്ലാ മേഖലയിലും നിയമനത്തില്‍ സുതാര്യത ഉറപ്പ്