Connect with us

Kerala

മുഖ്യമന്ത്രിക്ക് മാന്യമായി രാജിവെക്കാനുള്ള ഉചിതമായ സമയം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലേക്ക് എന്‍ ഐ എ അന്വേഷണം നീളുന്നത് സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണ്. അദ്ദേഹത്തിന് മാന്യമായി രാജിവെച്ച് പോകാനുള്ള അവസരമാണിതെന്നും ചെന്നിത്തലവാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീങ്ങിയ സാഹചര്യത്തില്‍ എല്‍ ഡി എഫ് ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണം.

മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് തുടക്കം മുതല്‍ ശിവശങ്കര്‍ അടക്കമുള്ള പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന സ്വര്‍ണക്കടത്തിനെക്കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. എന്നാല്‍ കേരള പോലീസ് വിഷയത്തില്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പ്രതികളെ സംരക്ഷിക്കപ്പെടുന്നത്. കണ്‍സള്‍ട്ടെന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തില്‍ ഏതെങ്കിലും പദ്ധതി സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കണ്‍സള്‍ട്ടെന്‍സി നിയമനത്തില്‍ ഗുരുതര അഴിമതിയാണ് നടക്കുന്നത്. ഇതിനാലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആഗസ്റ്റ് ഒന്നിന് കേരളത്തിലെ എല്ലാ യു ഡി എഫ് എം പിമാരും എം എല്‍ എമാരും അവരുടെ വീട്ടില്‍ സത്യാഗ്രഹം ഇരിക്കും. സോഷ്യല്‍ മീഡിയയിലുടെ ജനങ്ങളോട് സമരത്തിന്റെ കാരണങ്ങള്‍ ജനപ്രതിനിധികള്‍ വിശദീകരിക്കും. ആഗസ്റ്റ് പത്തിന് 21905 വാര്‍ഡുകളില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, മെമ്പര്‍മാര്‍ ഇല്ലാത്ത സസ്ഥത്ത് മുന്നണി തിരഞ്ഞെടുക്കുന്നവര്‍ സത്യാഗ്രഹം ഇരിക്കും. ഇതും വീടുകളിലോ, ഓഫീസിലോ ആണ് നടക്കുകയെന്നും ചെന്നിത്തല പറഞ്ഞു.

സമ്പൂര്‍ണ ലോക്ക്ഡൗണിനോട് യു ഡി എഫ് യോജിക്കുന്നില്ലെന്ന് ചെന്നിത്തല അറിയിച്ചു. സംസ്ഥാനം മുഴുവന്‍ വീണ്ടും അടിച്ചിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.