National
പൈലറ്റിനെയും സിന്ധ്യയെയും കോണ്‍ഗ്രസ് വേണ്ട വിധത്തില്‍ പരിഗണിച്ചില്ല: കുല്‍ദീപ് ബിഷ്‌നോയി

ന്യൂഡല്‍ഹി| യുവനേതാക്കളായ ജോതിരാദിത്യ സിന്ധ്യയെയും സച്ചിന്‍ പൈലറ്റിനെയും കോണ്‍ഗ്രസ് വേണ്ട വിധത്തില്‍ പരിഗണിക്കാത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടയാക്കിയെന്ന് ഹരിയാന കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയി.
എല്ലാ സംസ്ഥാനത്തും ബിജെപിക്കെതിരേ ശക്തമായി പോരാടണമെന്നും അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ നേരിടാതെ 35 വര്‍ഷമായി ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവര്‍ക്ക് മറ്റ് ഉത്തരവാദിത്വങ്ങള്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മുന്‍ ഹരിയാന മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനാണ് ബിഷ്‌നോയി. സിന്ധ്യയുടെയും പൈലറ്റിന്റെയും ഒപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതോടെ അദ്ദേഹവും കോണ്‍ഗ്രസ് വിടുമെന്ന ഊഹാപോഹം ശക്തമായി.
സിന്ധ്യ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം അദ്ദേഹത്തിന് ബിഷ്‌നോയ് അഭിനന്ദനം അറിയിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് അംഗമായ പ്രിയങ്ക ചതുര്‍വേദി ശിവസേനാ അംഗമായി രാജ്യസഭയിലെത്തിയതിനെയും അദ്ദേഹം പ്രശംസിച്ചിരുന്നു.
പൈലറ്റും സിന്ധ്യയും എന്റെ നല്ല സുഹൃത്തുക്കളാണ് രണ്ട് പേരും കോണ്‍ഗ്രസ് വിടുന്നത് എന്നെ വേദനിപ്പിക്കുന്നതാണ്. പാര്‍ട്ടി അവരെ പരിഗണിക്കാത്തതില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. താന്‍ ജന്‍മനാ കോണ്‍ഗ്രസുകരനാണെന്നും അത് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിയുടെ നടപടികളിൽ അദ്ദേഹം കുറച്ച് കാലമായി അസ്വസ്ഥനാണ്.
കുൽദീപ് നേരത്തെ ഹരിയാന ജന്‍ഹിത് പാര്‍ട്ടി രൂപീകരിച്ച് എന്‍ ഡി എയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. രണ്ട് തവണ എം പിയായ അദ്ദേഹം ഇപ്പോള്‍ ആദംപൂര്‍ മണ്ഡലത്തിലെ എം എല്‍ എയാണ്.