Editorial
രോഗബാധ ആരോഗ്യ പ്രവര്‍ത്തകരിലേക്കും

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എല്ലാ കണക്കുകൂട്ടലുകളെയും കവച്ചുവെച്ച് കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കെ പുതിയ രോഗബാധിതരില്‍ നല്ലൊരു വിഭാഗവും ആരോഗ്യ പ്രവര്‍ത്തകരാണെന്ന വസ്തുത കൂടുതല്‍ ആശങ്ക ഉളവാക്കുന്നു. വിവിധ ജില്ലകളിലായി നിരവധി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലാബ് ടെക്‌നീഷ്യന്മാര്‍, ആശാവര്‍ക്കര്‍മാര്‍, പോലീസുകാര്‍, വളണ്ടിയര്‍മാര്‍ തുടങ്ങി നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരോ നിരീക്ഷണത്തിലോ ആണ്. ഇടുക്കിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കടക്കം നിരവധി ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചുപൂട്ടി മുഴുവന്‍ രോഗികളെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമുള്‍പ്പെടെ 18 ജീവനക്കാര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് മെഡി. കോളജില്‍ ഒമ്പത് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഒരു ഹൗസ് സര്‍ജന്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, രണ്ട് പി ജി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്ത് പേരില്‍ രോഗം സ്ഥിരീകരിച്ചു. ഏറെയും ഉറവിടം വ്യക്തമല്ലാത്ത രോഗപ്പകര്‍ച്ചയാണെന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇത് ഭീതിയുണര്‍ത്തിയിരിക്കുകയാണ്.
വിശ്രമമില്ലാത്ത ജോലിയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ക്വാറന്റൈന്‍ പരിശോധനകള്‍, ഫോണ്‍ വിളികള്‍, ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സുഖവിവരങ്ങളും മറ്റ് കാര്യങ്ങളും അന്വേഷിക്കല്‍, റൂട്ട് മാപ്പ് തയ്യാറാക്കല്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, പരിശോധനാ ഫലം വരുമ്പോള്‍ സമ്പര്‍ക്കപ്പട്ടിക ട്രേസ് ചെയ്യല്‍, രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റല്‍, ബോധവത്കരണം, തദ്ദേശ സ്ഥാപനങ്ങളുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ ജോലികളില്‍ മുഴുകിയിരിക്കുകയാണവര്‍. രോഗികളുടെ എണ്ണം വന്‍തോതില്‍ കൂടി വന്നതോടെ അധ്വാന ഭാരം പൂര്‍വോപരി വര്‍ധിച്ചു. ഇതിനിടയില്‍ രോഗപ്പകര്‍ച്ചക്കെതിരെയുള്ള മുന്‍കരുതലുകളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നു. നേരത്തേ ആരോഗ്യ പ്രവര്‍ത്തകര്‍ ഏഴ് ദിവസം ജോലി ചെയ്താല്‍ ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ അനുവാദമുണ്ടായിരുന്നു.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ തടയുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ ദിനം പ്രതി രോഗബാധിതരുടെ എണ്ണം എഴുനൂറും എണ്ണൂറുമൊക്കെയായതോടെ ഏഴ് ദിവസത്തെ വിശ്രമം ഒഴിവാക്കി ഒരു ദിവസത്തെ ഓഫില്‍ ചുരുക്കി.
കൊവിഡ് രോഗി കഴിയുന്ന ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ തുടക്കത്തില്‍ പ്രത്യേക കൊവിഡ് കെയര്‍ സെന്ററില്‍ 14 ദിവസം സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു. ഫലം നെഗറ്റീവായാല്‍ മാത്രമേ വീട്ടിലേക്ക് വിടാറുള്ളൂ. ഈ സംവിധാനവും ഇപ്പോഴില്ല. 10 ദിവസം ജോലി കഴിഞ്ഞ് നേരേ വീട്ടിലേക്ക് പോകണം. വൈറസ് വാഹകരായാണ് വീട്ടിലേക്ക് പോകുന്നതെങ്കില്‍ വീട്ടുകാരിലേക്കും അത് പടരാന്‍ ഇടയാക്കും. ലീവ് കഴിഞ്ഞെത്തുമ്പോഴും പരിശോധനയില്ല. വീണ്ടും ജോലിക്ക് കയറുന്നതിനു മുമ്പ് കൊവിഡ് പരിശോധന വേണമെന്ന ആവശ്യം ശക്തമാണെങ്കിലും പി പി ഇ കിറ്റ് ധരിക്കുന്നതിനാല്‍ രോഗം പകരില്ലെന്നും അതിനാല്‍ ടെസ്റ്റ് വേണ്ടെന്നുമുള്ള നിലപാടിലാണ് ആരോഗ്യ വകുപ്പ്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്താം. നിലവില്‍ രോഗബാധിതരാകുന്നതില്‍ പകുതിയിലേറെയും രോഗലക്ഷണമില്ലാത്തവരായിരുന്നുവെന്ന കാര്യം അധികൃതര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
രോഗപ്രതിരോധത്തില്‍ മനക്കരുത്തും ആത്മവിശ്വാസവും വളരെ പ്രധാനമാണ്. നിരന്തരമായ ജോലിയും രോഗത്തിന്റെ അതിവേഗത്തിലുള്ള വ്യാപനവും രോഗികളുടെ കഷ്ടതകളും പ്രയാസങ്ങളും നേരിട്ടു കാണാനിടവരുന്നതും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം പ്രശ്‌നമല്ല ഇത്. കൊവിഡ് ബാധിച്ച മുഴുവന്‍ രാജ്യങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്, നൂറില്‍ 71 ആരോഗ്യ പ്രവര്‍ത്തകരും മാനസിക സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകുന്നുവെന്നാണ്.
കേരളത്തില്‍ ഒ പികളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൂടുതല്‍ ആശങ്കയും ടെന്‍ഷനുമെന്നാണ് കൊവിഡ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റിലിന്റെ പക്ഷം. ദിവസവും നൂറുകണക്കിനു പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഇവരില്‍ ആരൊക്കെയാണ് കൊവിഡ് വൈറസ് വാഹകരെന്നറിയില്ല. രോഗവാഹകരാണ് തങ്ങളെ തേടിയെത്തുന്നതെന്ന തികഞ്ഞ ബോധത്തോടെ പി പി ഇ കിറ്റ് ധരിച്ചും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുമാണ് കൊവിഡ് ആശുപത്രികളിലെ ജീവനക്കാര്‍ ജോലിക്കെത്തുന്നത്. മറ്റു ആശുപത്രികളിലെ ജീവനക്കാരാകട്ടെ, മാസ്‌കും ഫേസ് ഷീല്‍ഡും ഗ്ലൗസും മാത്രം ധരിച്ചാണു ജോലി ചെയ്യുന്നത്. മതിയായ ഉപകരണങ്ങളും മുന്‍കരുതലും ഇല്ലാതെ ജോലിക്കു പോകേണ്ടി വരുന്ന ഇവര്‍ക്ക് രോഗമുണ്ടെങ്കില്‍ അത് വലിയൊരു രോഗവ്യാപനത്തിനു കാരണമാകും.
പരിശോധനക്കെത്തുന്നവരില്‍ വൈറസ് ബാധിതരുണ്ടെങ്കില്‍ തിരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പകരും. ഇതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ മാനസിക സമ്മര്‍ദം അനുഭവിക്കാന്‍ കാരണമായി പറയപ്പെടുന്നത്.
നേരത്തേ മറ്റു സംസ്ഥാനങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചപ്പോഴും നമ്മളെ സുരക്ഷിതമായി നിര്‍ത്തിയത് ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവര്‍ത്തകരുമാണ്. നിലവില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും മരണ നിരക്ക് 0.30ല്‍ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നതും അവരുടെ കഠിനാധ്വാനം കൊണ്ടാണ്. ഒട്ടേറെ ഭീതികള്‍ക്കും ആശങ്കകള്‍ക്കും നടുവില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മനോനില തകരാന്‍ ഇടയായാല്‍ അത് വലിയ വിപത്തിനിടയാക്കും. ഇക്കാര്യത്തില്‍ അധികൃതരുടെ സജീവ ശ്രദ്ധ പതിയണം. അവരുടെ ആശങ്കകള്‍ കുറക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ ഊര്‍ജിതമാക്കുകയും വേണം.