Connect with us

Kozhikode

പാലത്തായി പീഡനം: ലീഗ് മണ്ഡലം കമ്മിറ്റിക്കെതിരെ ആക്ഷേപം

Published

|

Last Updated

കണ്ണൂര്‍ | ബി ജെ പി നേതാവായ സ്‌കൂള്‍ അധ്യാപകന്‍ നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിനെതിരെ അണികള്‍. ക്രൈം ബ്രാഞ്ച് അന്വേഷണം കൃത്യമായാണ് പോകുന്നതെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടാണ് ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചതെന്നും ഈ സന്ദേശത്തില്‍ പറയുന്നു.

പാലത്തായി കേസില്‍ അന്വേഷണ സംഘം മെല്ലെപ്പോക്ക് നയം സ്വീകരിച്ചതിനെ തുടര്‍ന്ന് പ്രത്യക്ഷ സമരങ്ങളിലേക്കിറങ്ങാനും സോഷ്യല്‍ മീഡിയയിലെ പ്രചാരണം ശക്തിപ്പെടുത്താനും തുടങ്ങിയപ്പോഴാണ് അന്വേഷണം ശരിയായ ദിശയിലാണെന്നും സമരങ്ങളില്‍ നിന്ന് പിന്മാറണമെന്നും കാണിച്ച് മണ്ഡലം പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും പേരില്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. യൂത്ത് ലീഗിനും എം എസ് എഫിനും നല്‍കിയ ഈ നിര്‍ദേശത്തിനെതിരെ അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് 25 അഡ്മിന്‍മാരെ മണ്ഡലം കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശക്തമായ എതിര്‍പ്പ് അണികളും പ്രാദേശിക നേതാക്കളും ഉയര്‍ത്തിയിരുന്നു. തുടർന്ന്, നേതൃത്വത്തിനെ തള്ളി ഒരു വിഭാഗം സമര രംഗത്തിറങ്ങുകയും ചെയ്തു.

അതിനിടെ, ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില്‍ നിന്ന് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ആക്്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ അശ്‌റഫ് പാലത്തായിയുടെ വോയ്‌സ് പുറത്ത് വന്നതും വന്‍ പ്രതിഷേധത്തിനിടയാക്കി. അശ്‌റഫ് പാലത്തായിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, നേതൃത്വത്തിന്റെ നിലപാടിനെ പിന്തുണച്ച ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. സി പി എം നേതാവ് കണ്‍വീനറും ലീഗ് നേതാവ് ചെയര്‍മാനുമായ ആക്്ഷന്‍ കമ്മിറ്റിയിൽ മണ്ഡലം കോണ്‍ഗ്രസിലും എതിര്‍പ്പുണ്ടായിരുന്നു. ലീഗും സി പി എമ്മും ധാരണയിലാണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശം.
ഇത്രയും കോളിളക്കം സൃഷ്ടിച്ച ഒരു കേസായിട്ടും ഇതുവരെ യു ഡി എഫ് തലത്തില്‍ സമരത്തിനിറങ്ങാത്തത് ലീഗിന്റെ നിസ്സഹകരണം കാരണമാണെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ലീഗ് മണ്ഡലം കമ്മിറ്റി നേതൃത്വം പിന്നോട്ട് പോയപ്പോള്‍ ദേശീയ നേതാവ് സി കെ സുബൈര്‍ രംഗത്തെത്തിയതോടെയാണ് യൂത്ത് ലീഗും എം എസ് എഫും വീണ്ടും പ്രാദേശികമായി സമരരംഗത്തേക്കിറങ്ങിയത്.
എന്നാൽ, കേസ് ശക്തമാക്കാന്‍ എന്ന പേരില്‍ പെണ്‍കുട്ടിയെ ചിലര്‍ കൊണ്ടുനടന്നതും കൂടുതല്‍ കാര്യം പറയിച്ചതുമാണ് കേസ് ദുര്‍ബലപ്പെടാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എസ് ഡി പി ഐ പ്രാദേശിക നേതൃത്വമായിരുന്നു പെണ്‍കുട്ടിയുടെ മൊഴിക്ക് പിന്നിലെന്നാണ് ആക്ഷേപം.

പ്രാദേശിക തലത്തിലെ താത്കാലിക ലാഭത്തിനായുള്ള ചിലരുടെ നീക്കങ്ങള്‍ ഒരു അനാഥ ബാലികയുടെ നീതി നിഷേധത്തിന് കാരണമാകുന്നതിനെതിരെ രോഷമുയരുന്നുണ്ട്. കേസ് വിവരങ്ങള്‍ പുറത്തുവിട്ട ക്രൈംബ്രാഞ്ച് ഐ ജിക്കെതിരെ പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാനിരിക്കുകയാണ്.