Connect with us

Editorial

സിലബസ് ഏകീകരണ ശ്രമം ആസൂത്രിതം

Published

|

Last Updated

രാജ്യമൊട്ടാകെ ഏകീകൃത വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നു ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായ. ആറ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഐ സി എസ് ഇ, സി ബി എസ് ഇ ബോര്‍ഡുകള്‍ ലയിപ്പിച്ച് “ഒരു രാജ്യം, ഒരു ബോര്‍ഡ്” ആക്കി പൊതു പാഠ്യപദ്ധതി നടപ്പാക്കണമെന്നാണ് ഉപാധ്യായയുടെ ആവശ്യം. ഈ പദ്ധതിയുടെ നടത്തിപ്പിന് നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലോ കമ്മീഷനോ രൂപവത്കരിക്കണമെന്നും വിദ്യാഭ്യാസ രംഗത്ത് എല്ലാ കുട്ടികള്‍ക്കും തുല്യമായ അവസരം ലഭിക്കാന്‍ ഇത് സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ഈ ആവശ്യമുന്നയിച്ച് ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അത് നിരാകരിക്കുകയായിരുന്നു. എജ്യുക്കേഷന്‍ ബോര്‍ഡുകള്‍ ലയിപ്പിക്കുന്ന പണിയല്ല കോടതികള്‍ക്ക്, ഇത്തരം നയപരമായ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാറാണെന്നാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ച് പറഞ്ഞത്. ഇപ്പോള്‍ തന്നെ ചുമലില്‍ അമിത ഭാരമുള്ള ബാഗുകളുമായാണ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകുന്നത്. കൂടുതല്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ക്ലേശം വര്‍ധിപ്പിക്കുന്നതെന്തിനാണെന്ന് ഹരജിക്കാരനോട് കോടതി ചോദിച്ചു. പരമോന്നത കോടതി ഇക്കാര്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മാനവ വിഭവശേഷി മന്ത്രി എന്നിവര്‍ക്ക് വിശദമായ അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാറിനെക്കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകാനാണ് അശ്വനി കുമാര്‍ ഉപാധ്യായയുടെ തീരുമാനം.

പാഠ്യപദ്ധതികളെ തീവ്ര ഹിന്ദുത്വത്തിന്റെ ആശയങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസൃതമായി ഉടച്ചു വാര്‍ത്ത് ദേശീയ തലത്തില്‍ അത് അടിച്ചേല്‍പ്പിക്കുകയെന്നത് ആര്‍ എസ് എസ് അജന്‍ഡയാണ്. ഇതാണ് അശ്വനി കുമാര്‍ ഉപാധ്യായയുടെ നീക്കത്തിന് പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. വാജ്പയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്തേ ആരംഭിച്ചതാണ് ഇതിനുള്ള ശ്രമങ്ങള്‍. അന്ന് മുരളീമനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ ദിശയിലുള്ള നീക്കങ്ങള്‍ ശക്തമായ എതിര്‍പ്പ് കാരണമാണ് നടപ്പാകാതെ പോയത്. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സര്‍വകലാശാലകളില്‍ ഏകീകൃത സിലബസിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പ്രമുഖ സര്‍വകലാശാലകളായ ജെ എന്‍ യു, അലിഗഢ്, ബനാറസ് തുടങ്ങിയവയിലേക്കും ക്രമേണ രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളിലേക്കും ഇത് വ്യാപിക്കുമെന്നാണ് അന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി അറിയിച്ചത്. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങി എല്ലാറ്റിലും ഇത് ബാധകമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയും വ്യാപകമായ വിമര്‍ശനമാണ് അന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുയര്‍ന്നത്. പാഠ്യപദ്ധതി തയ്യാറാക്കല്‍ യു ജി സിയുടെ പരിധിയില്‍ വരുന്നതല്ല. സര്‍വകലാശാലകളുടെ അക്കാദമിക സമിതികള്‍ക്കാണ് യു ജി സി ചട്ടമനുസരിച്ച് അതിനുള്ള അധികാരം. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ കൈകടത്താനും അവയെ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ഇംഗിതങ്ങള്‍ക്കനുസരിച്ച് ചൊല്‍പ്പടിക്കു നിര്‍ത്താനുമാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ശ്രമമെന്നും ആരോപിക്കപ്പെട്ടു. സിലബസ് തീരുമാനിക്കാനുള്ള സര്‍വകലാശാലകളുടെ അവകാശം ഇത് നഷ്ടപ്പെടുത്തും. ഇന്ത്യന്‍ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്തുടരുന്ന പാഠ്യപദ്ധതികള്‍ വലിയൊരളവോളം മതേതര, ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇതിനു വിരുദ്ധമായി വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു ചൂണ്ടിക്കാട്ടി മതേതര പ്രസ്ഥാനങ്ങളും രംഗത്തു വന്നു.

പഠന മേഖലകളും അവയുടെ ഉള്ളടക്കവും അത് ലക്ഷ്യം വെക്കുന്ന വിദ്യാര്‍ഥികളും പകര്‍ന്നു നല്‍കേണ്ട അധ്യാപകരുമെല്ലാം സാമൂഹിക ജീവിതത്തിന്റെ ഭിന്ന വികാരങ്ങളെ ഉള്‍ക്കൊള്ളുന്നവയും ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. രാജ്യത്തെ വടക്കന്‍ മേഖലയും തെക്കന്‍ മേഖലയും വ്യത്യസ്ത വികാരങ്ങളെയും സംസ്‌കാരങ്ങളെയുമാണ് ഉള്‍ക്കൊള്ളുന്നത്. ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കുമ്പോള്‍ തന്നെ ഈ വൈജാത്യം വിദ്യാഭ്യാസമുള്‍പ്പെടെ അവരുടെ ജീവിതത്തിന്റെ നാനാ തുറകളിലും കാണാവുന്നതാണ്. ഇവയെയെല്ലാം പൂര്‍ണമായി തിരസ്‌കരിച്ച് ഏകശിലാ ക്രമത്തിലേക്ക് ജനങ്ങളെ നയിക്കാനുള്ള പുറപ്പാട് കടുത്ത പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. വ്യാപകമായ പ്രതിഷേധത്തിനിടയാക്കും. ദേശീയ ഭാഷയെന്ന പരിവേഷം നല്‍കി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ തമിഴ്‌നാട് ജനത നേരിട്ട രീതി മറക്കാറായിട്ടില്ല. ഭരണഘടനാ വിരുദ്ധവുമാണ് സാംസ്‌കാരിക വൈജാത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ഇത്തരം അജന്‍ഡകള്‍.

വേദകാലഘട്ട പഠനം കൂടുതലായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, രാമായണം പാഠഭാഗമാക്കുക തുടങ്ങിയവ സംഘ് പരിവാറിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. അദ്വാനിയുടെ രഥയാത്രയില്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. സിലബസ് ഏകീകരിക്കുകയും അതിന്റെ നിര്‍വഹണം കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡില്‍ നിക്ഷിപ്തമാകുകയും ചെയ്താല്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ എളുപ്പമായിത്തീരും. അഡ്വ. ഉപാധ്യായയുടെ പുറപ്പാടിന്റെ ലക്ഷ്യമിതായിരിക്കണം. മോദി സര്‍ക്കാറിന്റെ ഒത്താശയോടെ സംഘ്പരിവാര്‍ നടത്തുന്ന ആസൂത്രിത നീക്കമായിരിക്കാം ഇത്. ചരിത്ര പാഠപുസ്തകങ്ങളും ഇന്ത്യന്‍ ചരിത്രം തന്നെയും തിരുത്തിയെഴുതാനുള്ള തിരക്കിട്ട നീക്കങ്ങളും കൊവിഡിന്റെ പേരില്‍ സി ബി എസ് ഇ സിലബസില്‍ നടത്തിയ വെട്ടിക്കുറവുമെല്ലാം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. വ്യത്യസ്ത സമൂഹങ്ങളുടെ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങള്‍ക്കിണങ്ങും വിധമായിരിക്കണം പാഠ്യപദ്ധതികള്‍ തയ്യാറാക്കേണ്ടത്. സിലബസ് ഏകീകരണമല്ല, പഠന നിലവാരം മികവുറ്റതാക്കാനുള്ള പദ്ധതികളാണ് ഇന്നാവശ്യം. ആ നിലയിലുള്ള നീക്കങ്ങളാണ് ജനങ്ങളും അക്കാദമിക് വിദഗ്ധരും ആഗ്രഹിക്കുന്നത്.