Articles
പുറന്തോടിനപ്പുറം പാഷാണം

ജനാധിപത്യ ഇന്ത്യയുടെ അസ്തിവാരമിട്ട ശിലകള്‍ക്ക് കാര്യമായ ഇളക്കം തട്ടിക്കൊണ്ടിരിക്കുന്നു. അതൊരു സ്വാഭാവിക ദ്രവീകരണമല്ല. കാലാന്തരത്തില്‍ തുരുമ്പെടുക്കാത്ത ഉറപ്പുണ്ട് ഇന്ത്യന്‍ ഭരണഘടനക്ക്. അതിനാല്‍ തിരശ്ശീലക്ക് പിന്നില്‍ നടന്നുകൊണ്ടിരിക്കുന്ന ബോധപൂര്‍വമായ നീക്കങ്ങളുടെ പരിണതിയാണ് ജനാധിപത്യത്തിന്റെ ദൈനംദിന നിറം മങ്ങല്‍. നാമൊക്കെ നോക്കിനില്‍ക്കെ ലോകത്തെ വിശാല ജനാധിപത്യ ക്രമം മരിച്ചുകൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല അത് തിരിച്ചറിയപ്പെടുന്നില്ല എന്നത് നമ്മെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കേണ്ടതാണ്. 2014 മുതല്‍ രാജ്യത്ത് സകല ആവിഷ്‌കാരങ്ങളിലും സമഗ്രാധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രം ബഹുസ്വര രാഷ്ട്ര ഗാത്രത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഇത്തിക്കണ്ണിയായാണ് ആക്രമണം നടത്തുന്നത്. ഭരണഘടന അപ്രസക്തമാകുന്നതും അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കുരുക്കുകള്‍ മുറുകുന്നതും ഓരോ ദിനാന്ത്യത്തിലുമാണ്. ഒന്നും ഒറ്റ നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല. പ്രവര്‍ത്തന നൈരന്തര്യങ്ങള്‍ക്കൊടുവില്‍, ഇന്ത്യന്‍ ജനാധിപത്യം നിലംപൊത്തില്ലെന്ന വിശ്വാസത്തിന് ബലം കുറഞ്ഞു വരുന്നുണ്ട് ഭരണകൂടത്തെ സൂക്ഷ്മ വായനക്ക് വിധേയമാക്കുമ്പോള്‍.
ജനാധിപത്യ സംവിധാനങ്ങളെ നവീകരിക്കുന്നു എന്ന തോന്നലുണ്ടാക്കി അതിനെ അട്ടിമറിക്കുകയാണ് ആദ്യ അധികാരാരോഹണം മുതല്‍ മോദി സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു, തിരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നു, അഴിമതിയോട് യുദ്ധ പ്രഖ്യാപനം നടത്തുന്നു, സാമ്പത്തിക സ്വാശ്രയത്വം നടപ്പാക്കുന്നു തുടങ്ങിയ മനോഹര ആശയങ്ങള്‍ക്കും വീരവാദങ്ങള്‍ക്കുമപ്പുറം ജനാധിപത്യത്തിന്റെ സത്തയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണിവിടെ.
ഭരണഘടനാ കോടതികളിലെ ന്യായാധിപ നിയമനം, സ്ഥലംമാറ്റ – സ്ഥാനക്കയറ്റങ്ങള്‍ എന്നിവ തീരുമാനിക്കാനുള്ള അവകാശം തുടങ്ങിയവ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരടങ്ങുന്ന സുപ്രീം കോടതി കൊളീജിയത്തിനാണ്. പൂര്‍ണ ദോഷമുക്ത സംവിധാനമല്ല കൊളീജിയം എന്നിരിക്കെ കൊളീജിയം സംവിധാനത്തില്‍ കാലോചിത പരിഷ്‌കരണങ്ങള്‍ വേണ്ടത് തന്നെയാണ്. എന്നാല്‍ ആ വിടവില്‍ ഗൂഢ താത്പര്യത്തോടെ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്സ് കമ്മീഷനെ (NJAC) പ്രതിഷ്ഠിക്കാന്‍ ഒന്നാം മോദി സര്‍ക്കാര്‍ ആദ്യമേ ശ്രമം നടത്തി. പക്ഷേ, പരമോന്നത നീതിപീഠത്തിന്റെ നീതിന്യായ പരിശോധനയില്‍ പുറംതള്ളപ്പെട്ടുപോയ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷന്‍ ഭരണകൂടത്തിന്റെ ഉഗ്ര പ്രഹര ശേഷിയുള്ള ആയുധമായി മാറുമായിരുന്നു. നിരുപദ്രവം എന്ന് തോന്നിപ്പിച്ച്, എന്നാല്‍ ജുഡീഷ്യറിയെ അപ്പാടെ വരുതിയിലാക്കാന്‍ അതിന് കഴിയുമായിരുന്നു. പുറത്ത് പുരോഗമനപരമെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും അകമേ പാഷാണവുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പ്രസ്തുത ഭരണഘടനാ ഭേദഗതി.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനകളുടെ കണക്കുകളില്‍ സുതാര്യത ഉറപ്പു വരുത്താനെന്ന മേമ്പൊടിയിലാണ് 2017ല്‍ ധനകാര്യ ബില്ലിന് ഭേദഗതി കൊണ്ടുവന്നത്. നേരത്തേ 2,000 രൂപയില്‍ അധികം ലഭിച്ച സംഭാവനകള്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടിയിരുന്നു. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് പ്രാബല്യത്തില്‍ വന്നതോടെ ബോണ്ട് വാങ്ങിയവരുടെ പേരുകള്‍ പോലും പുറത്തറിയിക്കേണ്ടതില്ല. ജന പ്രാതിനിധ്യ നിയമം, വിദേശ സംഭാവനാ നിയന്ത്രണ നിയമം, ആദായ നികുതി നിയമം, കമ്പനി നിയമം എന്നിവ ഭേദഗതി ചെയ്ത് കടന്നു വന്നതാണ് ഇലക്ടറല്‍ ബോണ്ട്. എന്നാല്‍ പാര്‍ട്ടി ഫണ്ടിലേക്ക് ആളറിയാതെ അനന്ത കോടികള്‍ സമാഹരിക്കാനുള്ള ഉപായം മാത്രമായിരുന്നു അത്. പൊളിറ്റിക്കല്‍ ഫണ്ടിംഗിന്റെ സുതാര്യതയെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തി ഒളിച്ചു കടത്തിയ അഴിമതിയാണ് ധനകാര്യ ബില്‍ ഭേദഗതി ചെയ്ത് കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സങ്കേതങ്ങളായ കാര്യനിര്‍വഹണ വിഭാഗത്തിന്റെയും നിയമനിര്‍മാണ സഭയുടെയും കൈയൊപ്പിലാണ് ഇലക്ടറല്‍ ബോണ്ട് നിയമപരമായ നിലനില്‍പ്പ് നേടിയതെങ്കിലും അതിന്റെ സാധുതയെച്ചൊല്ലി സുപ്രീം കോടതിയിലെത്തിയ വ്യവഹാരം ഇപ്പോഴും തീര്‍പ്പാക്കാതെ കിടക്കുകയുമാണ്.
സമീപ കാലത്ത് വിവരാവകാശ നിയമത്തിന്റെ ഉള്ളടക്കത്തില്‍ കത്തിവെച്ച് നിയമത്തെ അധികാരമില്ലാത്ത ചെങ്കോലാക്കി മാറ്റി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ അധികാര വൃത്തത്തില്‍ പറയത്തക്ക നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ഭരണകൂടം വിവരാവകാശ നിയമത്തെ അസ്ഥിപഞ്ജരമാക്കി എന്ന് പറയാം. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ മുഖമുദ്രയായ സുതാര്യതയും കാര്യക്ഷമതയും മോദി സര്‍ക്കാര്‍ നിഘണ്ടുവില്‍ വെറും പാഴ് വാക്കാണെന്ന് തെര്യപ്പെടുത്തുന്ന ഇടപെടലായിരുന്നു തദ്വിഷയികമായി നടത്തിയത്. എങ്കിലും നിയമത്തെ നവീകരിക്കുന്നു എന്നായിരുന്നു അവകാശവാദം.
കൊറോണ കാലവുമായി പ്രത്യക്ഷ ബന്ധമില്ലെങ്കിലും അതിന്റെ വിപത് പരിസരത്തെ ലാക്കാക്കിയാണ് പി എം കെയേഴ്‌സ് ഫണ്ടിലേക്കുള്ള ധനസമാഹരണവും സമ്പൂര്‍ണ പൊതുമേഖലാ വിറ്റഴിക്കല്‍ യഞ്ജവും നടന്നു വരുന്നത്. രാജ്യത്തെ പൗരന്‍മാര്‍ക്കും സാമ്പത്തിക മേഖലക്കും വന്നു ഭവിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുന്ന അപകടത്തെ ഭരണകൂടം പ്രതിരോധിക്കുന്നു എന്ന് ഒറ്റ വാചകത്തില്‍ ഭംഗിവാക്കു പറയാം. അതേസമയം ഒരു വശത്ത്, പുര കത്തുമ്പോള്‍ വാഴവെട്ടിയും മറുഭാഗത്ത് വിത്തെടുത്ത് ഉണ്ടും കാലം കഴിക്കുകയാണ് “ദേശസ്‌നേഹ”ത്താല്‍ പ്രചോദിതരായ കേന്ദ്ര ഭരണകൂടം എന്ന് അധികപേരും അറിയുന്നില്ല. കൊവിഡ് 19ന്റെ മറവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും നഗ്‌നമായ മൗലികാവകാശ ലംഘനമാകുമ്പോഴും തങ്ങളുടെ കാലിനടിയിലെ മണ്ണ് ക്രമേണ ഒലിച്ചു പോകുകയാണെന്ന് പൗരസമൂഹം കരുതാതിരിക്കാന്‍ വേണ്ട രാഷ്ട്രീയ ഗിമ്മിക്കുകള്‍ ഇടക്കിടെ തലപൊക്കുന്നുമുണ്ട്.
പി എം കെയേഴ്‌സ് ഫണ്ട് കൃത്യവും വ്യക്തവുമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൊണ്ടുവന്ന ആശ്വാസ നിധിയായിരുന്നെങ്കില്‍ സി എ ജി പരിശോധനക്ക് അവസരമുണ്ടാക്കുകയായിരുന്നു വേണ്ടത്. പക്ഷേ, അതുണ്ടായില്ലെന്ന് മാത്രമല്ല കൊറോണയെ ചൂണ്ടി കോടികള്‍ സമാഹരിച്ച് ബി ജെ പി നേതാക്കള്‍ അംഗങ്ങളായ ട്രസ്റ്റില്‍ വകയിരുത്തുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ മന്ദീഭവിപ്പിച്ച്, അതാണെന്ന തോന്നലുണ്ടാക്കും വിധം പ്രധാനമന്ത്രിയുടെ പേരില്‍ തന്നെ നിധിയുണ്ടാക്കി വന്‍തോതില്‍ സംഭാവനകള്‍ സ്വീകരിക്കുന്നു. വിശ്വാസ വഞ്ചനയിലധിഷ്ഠിതമായ അധാര്‍മിക പ്രവൃത്തിയാണ് പി എം കെയേഴ്‌സിന്റെ പേരില്‍ നടക്കുന്നതെന്നതില്‍ സന്ദേഹമില്ല.
1975 ജൂണ്‍ 25ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഇംഗിത പ്രകാരം പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ഇന്ത്യന്‍ പൗരജീവിതത്തിനു മേല്‍ നിറഞ്ഞ വെളിച്ചത്തില്‍, പ്രത്യക്ഷ സ്വഭാവത്തില്‍ ഭരണകൂടം നടത്തിയ ഒരട്ടിമറിയാണ്. ആയതിനാല്‍ അതിനൊരു ഔദ്യോഗിക തുടക്കവും അവസാനവുമുണ്ടായിരുന്നു. സംശയത്തിന്റെ പുകമറയില്ലാതെ ഏത് ജനാധിപത്യവാദിക്കും മൗലികാവകാശങ്ങളുടെ ശവപ്പറമ്പായിത്തീരുന്നു രാജ്യമെന്ന തീര്‍പ്പുണ്ടായിരുന്നു, മുഷ്ടി ചുരുട്ടാന്‍ ഭയമുണ്ടായിരുന്നെങ്കിലും. എന്നാല്‍ പോയ ആറാണ്ടില്‍ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ നാള്‍ക്കുനാള്‍ ഇരുള്‍ മൂടിക്കൊണ്ടിരിക്കുന്നു. ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നടപ്പു കാലമല്ലെങ്കിലും അതിനേക്കാള്‍ ഭീഷണമായ അന്തരീക്ഷത്തിന് കനംവെച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യര്‍ ദുരിതപര്‍വം താണ്ടുന്ന അസാധാരണ കാലത്തും ഈ ഭീതിയുടെ അന്തരീക്ഷം സാധാരണ പോലെ തന്നെ. പൗരാവകാശങ്ങളോട് നീരസവും ജനാധിപത്യ, മതനിരപേക്ഷ കാഴ്ചപ്പാടുകളോട് വിപ്രതിപത്തിയും അലങ്കാരമായ ഭരണകൂടത്തിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ തുടര്‍ച്ചയില്‍ നമ്മളറിയാതെ നമ്മുടെ കണ്‍മുമ്പില്‍ ഇന്ത്യ ആത്മാവിറങ്ങിയ ജഡമാകാതിരിക്കട്ടെ.