Connect with us

Gulf

യു എ ഇയുടെ ചൊവ്വാ പര്യവേക്ഷണം നാളെ; ചരിത്രപരമെന്ന് ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ | യു എ ഇയുടെ ചൊവ്വ പര്യവേക്ഷണം ചരിത്രപരമെന്നു വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കം സന്നിഹിതമായ ഓണ്‍ലൈന്‍ യോഗത്തില്‍ യു എ ഇ ചൊവ്വ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

“ലോകമെമ്പാടും കോടിക്കണക്കിനാളുകള്‍ പദ്ധതിയെ വീക്ഷിക്കുകയാണ്. ഹോപ് പേടകം 49. 5 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് ചുവന്ന ഗ്രഹത്തിലെത്തുമ്പോള്‍ യു എ ഇ യുടെയും അറബ് ലോകത്തിന്റെയും ശാസ്ത്ര ഗവേഷണ മേഖലക്ക് വഴിത്തിരിവാകും. ലക്ഷ്യം നിങ്ങളുടെ പക്കലുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക. ഇച്ഛാശക്തിയും ദൃഢനിശ്ചയവും ഫലം തരും.” ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് പുറമെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ജപ്പാനിലെ വിക്ഷേപണ കേന്ദ്ര സംഘങ്ങളും ദുബൈ അല്‍ ഖവാനീജ് കണ്‍ട്രോള്‍ റൂമിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ രാജ്യം ഏറ്റവും വലിയ നേട്ടം കൈവരിക്കാന്‍ പോകുകയാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. നമ്മുടെ സര്‍ഗാത്മകവും അര്‍പ്പണബോധമുള്ളതുമായ യുവാക്കളുടെ പരിശ്രമ ഫലമാണിത്. യു എ ഇയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തെയും അതിന്റെ ഭാവി കാഴ്ചപ്പാടിനെയും അടയാളപ്പെടുത്താനുള്ള സഹോദരന്‍ മുഹമ്മദ് ബിന്‍ റാശിദിന്റെ ദൃഢനിശ്ചയത്തിനും നന്ദിയുണ്ട്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.

ജൂലൈ 20 തിങ്കള്‍ പുലര്‍ച്ചെ 1.58നാണ് ഹോപ് വിക്ഷേപണം. താനെഗാഷിമ സ്‌പേസ് സെന്ററില്‍ നിന്ന് പേടകം കുതിച്ചുയരും. അടുത്ത വര്‍ഷം ചൊവ്വയുടെ അന്തരീക്ഷത്തിലെത്തും.

---- facebook comment plugin here -----

Latest