Connect with us

Gulf

യു എ ഇ കുതിക്കുന്നു; ബഹിരാകാശവും കടന്ന്

Published

|

Last Updated

ദുബൈ | സൗരയൂഥ ഗവേഷണത്തില്‍ വന്‍ കുതിപ്പ് നടത്തുകയാണ് യു എ ഇ. വലിയ, അതിസമ്പന്ന രാജ്യങ്ങള്‍ക്കു പോലും സാധിക്കാത്തത്ര ഉയരത്തിലേക്കാണ് യു എ ഇ പോകുന്നത്. നാളെ ഹോപ് പേടകം ചൊവ്വയിലേക്ക് പറക്കുമ്പോള്‍ യു എ ഇ അറബ് ലോകത്തിന്റെ തന്നെ അഭിമാനമാകും. കഴിഞ്ഞ വര്‍ഷം ബഹിരാകാശ സഞ്ചാരിയെ ലോകത്തിനു സമ്മാനിച്ച അതേ രാജ്യം, മനുഷ്യരാശിയുടെ പുരോഗതിക്കു മറ്റൊരു ചുവടുവെപ്പ് നടത്തുകയാണ്.

ജപ്പാനില്‍ നിന്നാണ് ഹോപ് അഥവാ അമലിന്റെ വിക്ഷേപണം, എങ്കിലും പൂര്‍ണമായും യു എ ഇ ശാസ്ത്രജ്ഞര്‍ നിര്‍മിച്ച പേടകമാണിത്. ചൊവ്വാ ഗ്രഹത്തില്‍ അടുത്ത വര്‍ഷം പേടകം എത്തും. ദുബൈയില്‍ മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ ഗവേഷണ കേന്ദ്രം ചൊവ്വയുടെ കാലാവസ്ഥ മാറ്റങ്ങള്‍ നിരീക്ഷിക്കും. മനുഷ്യര്‍ക്ക് അവിടെ കുറേക്കാലം വസിക്കാന്‍ എങ്ങനെ സാധ്യമാകുമെന്ന് വിലയിരുത്തും. ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് ഹോപ് വിക്ഷേപണം. ഭൂമിയിലെ മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭ്രമണപഥത്തില്‍ യു എ ഇ യുടെ എട്ട് ഉപഗ്രഹങ്ങളുണ്ട്.അടുത്ത വര്‍ഷം ഒരെണ്ണം കൂടി വിക്ഷേപിക്കും. കാലാവസ്ഥ വ്യതിയാനം പഠിക്കാനും വിവര വിനിമയ സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്താനുമാണ് ഉപഗ്രഹങ്ങള്‍.

ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് അടുത്ത വര്‍ഷം ഹോപ് ചൊവ്വയുടെ മണ്ഡലത്തില്‍ എത്തുമ്പോള്‍ ചൈനയില്‍ നിന്നുള്ള ടിയാന്‍വെന്‍ 1, അമേരിക്കയില്‍ നിന്നുള്ള ചൊവ്വ 2020 എന്നിവയും പിന്നാലെയുണ്ട്. അവയില്‍ നിന്ന് വ്യത്യസ്തമായി, യു എ ഇയുടെ അന്വേഷണം ചൊവ്വയെ വര്‍ഷം മുഴുവന്‍ പരിക്രമണം ചെയ്യുക എന്നതാണ്. 687 ദിവസമാണ് പരിക്രമണം. ഇക്കാലയളവിലെ ചൊവ്വയുടെ അന്തരീക്ഷ മാറ്റം ഹോപ് ഒപ്പിയെടുക്കും.

ഹോപ് ചൊവ്വയിലെത്തുന്ന 2021 എമിറേറ്റ്‌സ് യൂvിയന്റെ അമ്പതാം വാര്‍ഷികമാണ്. 49.3 കോടി കിലോമീറ്റര്‍ അപ്പുറം ചൊവ്വയില്‍ യു എ ഇയുടെ ആ സന്ദശം എത്തും. ചൊവ്വയില്‍ എത്താന്‍ പേടകത്തിന് ഏഴ് മാസമാണ് വേണ്ടത്. ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാല്‍, ഒരു പരിക്രമണം ശരാശരി 121,000 കിലോമീറ്റര്‍ ആകും. ഇതിന് 55 മണിക്കൂര്‍ എടുക്കും. പേടകത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൂന്ന് ഉപകരണങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ചിത്രങ്ങള്‍ ദുബൈക്ക് അയച്ചു കൊണ്ടേയിരിക്കും. ആദ്യത്തെ ഉപകരണം താഴ്ന്ന അന്തരീക്ഷം നിരീക്ഷിക്കുന്നതിനും താപനില ഘടന വിശകലനം ചെയ്യുന്നതിനുമുള്ള ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്ററാണ്. രണ്ടാമത്തേത് ഓസോണ്‍ അളവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഇമേജറാണ്. മൂന്നാമത്തേത്, അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍. ഓക്‌സിജന്റെയും ഹൈഡ്രജന്റെയും അളവ് കണക്കാക്കും. 43,000 കിലോമീറ്റര്‍ വരെ അളക്കാന്‍ ശേഷിയുണ്ട്. ശാസ്ത്ര ഗവേഷണം സംബന്ധിച്ച് അറബ് യുവാക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കാനും ഭൂതകാലത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനും ദൗത്യം വഴിയൊരുക്കുമെന്ന് പ്രോജക്ട് മാനേജര്‍ ഒമ്‌റാന്‍ ഷറഫ് പറഞ്ഞു.

കഴിഞ്ഞ സെപ്തംബറിലാണ് ഒരു സ്വദേശിയെ യു എ ഇ ബഹിരാകാശത്തേക്ക് അയച്ചത്. ഹസ്സ അല്‍ മന്‍സൂരിയാണ് യു എ ഇക്കു വേണ്ടി ദൗത്യം ഏറ്റെടുത്തത്. കസാക്കിസ്ഥാനില്‍ നിന്ന് സോയൂസ് റോക്കറ്റില്‍ ഹസ്സ സ്‌പേസ് സ്‌റ്റേഷനില്‍ എത്തി. എട്ട് ദിവസം ഭൂമിയെ വലംവെച്ചു. സുരക്ഷിതമായി രാജ്യത്തേക്ക് മടങ്ങി. അങ്ങിനെ ബഹിരാകാശ നിലയം സന്ദര്‍ശിച്ച ആദ്യ അറബ് വംശജന്‍ ഹസ്സയായി.

2117ഓടെ ചൊവ്വയില്‍ ഒരു മനുഷ്യവാസ കേന്ദ്രം കെട്ടിപ്പടുക്കുകയാണ് യു എ ഇയുടെ പ്രധാന ലക്ഷ്യം. അതിന് മുന്നോടിയായി ദുബൈയിലെ മരുഭൂമിയില്‍ “സയന്‍സ് സിറ്റി” സൃഷ്ടിക്കും. ചൊവ്വയുടെ അവസ്ഥ അനുകരിക്കാനും കോളനിവത്കരിക്കാനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കാനും ഈ സയന്‍സ് സിറ്റി നിലകൊള്ളും. കൂടാതെ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ബഹിരാകാശ ടൂറിസം കമ്പനിയായ വിര്‍ജിന്‍ ഗാലക്റ്റിക് എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ബഹിരാകാശത്തേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന കമ്പനിയാണ് വിര്‍ജിന്‍.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest