Gulf
സിയാദ് വിട പറഞ്ഞത് ഉന്നത വിജയം ഒരുക്കിവെച്ച്

ദുബൈ | മാർച്ചിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബി എസ് ഇ) ഗ്രേഡ് 12 പരീക്ഷ അവസാനിച്ചതിന് തൊട്ടുപിന്നാലെ അന്തരിച്ച വിദ്യാർഥിക്ക് ഉന്നത വിജയം. അൽഖൂസ് ഔർ ഓൺ ഇന്ത്യൻ സ്‌കൂളിലെ അഹമ്മദ് സിയാദ് ആണ് കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടിയത്. 91.4 ശതമാനം മാർക്കുണ്ട്.
മാസ് മീഡിയ സ്റ്റഡീസ് വിഷയത്തിൽ 100 ശതമാനം മാർക്ക് നേടി. ഹൈപ്പർട്രോഫിക്ക് കാർഡിയോമിയോപ്പതി (എച്ച് സി എം) എന്ന ഹൃദ്രോഗമാണ് മരണത്തിലേക്ക് നയിച്ചത്.
തൃശൂർ നാട്ടിക മംഗലത്ത് വീട്ടിൽ ഷാനവാസ്-ഷക്കീല ദമ്പതികളുടെ മകനാണ്. ജീവിതത്തിൽ മികച്ച ലക്ഷ്യങ്ങൾ മകനുണ്ടായിരുന്നെന്നു ഷാനവാസ് പറഞ്ഞു.
മാസ് മീഡിയ സ്റ്റഡീസ് 100, മാർക്കറ്റിംഗ് 97, ഇംഗ്ലീഷ് 84, ഒന്റർപ്രണർഷിപ്പ് 82, ഹോം സയൻസ് 94 എന്നിങ്ങനെ ശതമാനം മാർക്കാണ് നേടിയത്. രണ്ട് പതിറ്റാണ്ടിലേറെയായി ദുബൈയിൽ റിയൽ എസ്റ്റേറ്റ് രംഗത്തുള്ളയാളാണ് ഷാനവാസ്. “ആറുമാസം മുമ്പ്, സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ മകൻ വീണു പോയിരുന്നു. അപ്പോഴാണ് ഹൃദയമിടിപ്പിൽ ക്രമക്കേട് കണ്ടെത്തിയത്.
മാർച്ച് 19ന് സുഹൃത്തുക്കളുമായി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മരണം”. ആ ദുഃഖത്തിൽ നിന്ന് കുടുംബം മോചിതമായിട്ടില്ല. കൊവിഡ് കാരണം പരീക്ഷ റദ്ദാക്കപ്പെട്ട ഹോം സയൻസ് പേപ്പറിൽ 94 മാർക്കുണ്ട്. മിടുക്കനായ വിദ്യാർഥിയുടെ വേർപാടിന്റെ ദു:ഖത്തിൽനിന്ന് വിദ്യാലയവും മുക്തമായിട്ടില്ല.