National
യു പിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പിൽ അമ്മയും മകളും തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ലഖ്‌നൗ| ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഓഫിസിന്റെ മുമ്പിൽ അമ്മയും മകളും തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ വൈകീട്ട് ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ അമേധി ജില്ലയിലാണ് സംഭവം. ഗുതരമായി പൊള്ളലേറ്റതിനാൽ ഇരുവരെയും ലഖ്‌നൗവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭൂമി തർക്കത്തിന് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെത്തിയത്. ഇന്നലെ വൈകീട്ട് 5.40 ഓടെ ഇരുവരും സ്വയം തീകൊളുത്തുകയായിരുന്നു. അമേത്തി ജില്ലയിലെ ജാമോ പ്രദേശത്തുള്ള ഗ്രാമത്തിൽ അയൽവാസിയുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് സംഭവം. അയൽവാസികളെ ഭൂമിയിൽ നിന്ന് ഒഴിവാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീകൾ ആരോപിക്കുന്നു. ഞങ്ങളുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ഉപദ്രവിക്കാൻ അയൽവാസിയുമായി ഒത്തുകളിക്കുകയാണെന്നും അവർ പറഞ്ഞു.
എന്നാൽ മെയ് ഒമ്പതിന് സ്ത്രീയും അയൽവാസിയും തമ്മിലുള്ള ഒരു തർക്കത്തിൽ നടപടി സ്വീകരിച്ച് എഫ്‌ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അമേത്തിയിലെ പൊലീസ് സൂപ്രണ്ട് ഖ്യാതി ഗാർഗ് പറഞ്ഞു.
കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി ട്വീറ്റിൽ പറഞ്ഞു. ഭൂമി തർക്ക കേസിൽ അമേത്തി ജില്ലാ ഭരണകൂടത്തിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ ലഖ്നൗവിലെ മുഖ്യമന്ത്രി ഓഫീസിന് മുന്നിൽ അമ്മയും മകളും ആത്മഹത്യ ചെയ്യാൻ നിർബന്ധിതരായി. യുപി സർക്കാർ ഈ സംഭവത്തെ ഗൗരവമായി കാണുകയും ഇരക്ക് നീതി ലഭിക്കുകയും വേണം. ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ അശ്രദ്ധരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മായാവതി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
തീ ആളുന്ന അമ്മയുടെയും മകളുടെയും പിന്നാലെ പൊലീസ് എത്തുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതീവ സുരക്ഷാ മേഖലയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.