National
മുഖ്യമന്ത്രിയാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി| ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച നടത്താനും അദ്ദേഹം വിസമ്മതിച്ചതായും പ്രിയങ്ക ഗാന്ധി വദ്രയോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ പറയുന്നു.
പൈലറ്റുമായി പ്രിയങ്ക ഗാന്ധി സംസാരിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നത്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ശ്രമിച്ചുവെങ്കിലും അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി ഉറച്ചു നില്‍ക്കുകയായിരുന്നു.
പ്രിയങ്കയുമായി സംസാരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതില്‍ പൈലറ്റ് അസ്വസ്ഥനായിരുന്നു. പ്രിയങ്കയുമായി സംസാരിച്ചപ്പോള്‍ തന്റെ വിഷയം സോണിയയും രാഹുലുമായി സംസാരിക്കാമെന്ന് അവര്‍ പറഞ്ഞതായി പൈലറ്റ് പറഞ്ഞു. തനിക്കെതിരേ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് എങ്ങനെ അനുരഞ്ജനത്തിന് ശ്രമിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ ഉറപ്പ് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.