Editorial
പാലത്തായി പീഡനക്കേസില്‍ അട്ടിമറി?

പാലത്തായി ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ബി ജെ പി നേതാവ് പത്മരാജന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയ അന്വേഷണ ഉദ്യോഗസ്ഥരുടെ കളികള്‍ പിണറായി സര്‍ക്കാറിന്റെയും പോലീസ് വകുപ്പിന്റെയും വിശ്വാസ്യത തകര്‍ക്കുന്നതാണ്. കേസിന്റെ തുടക്കം മുതല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയുള്ള ഓരോ നടപടിയിലും പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള നീക്കങ്ങളാണ് പോലീസ് നടത്തിയത്. മാര്‍ച്ച് 17ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതി നാട്ടിലുണ്ടായിരിക്കെ തന്നെ ഒരു മാസത്തോളം അറസ്റ്റ് ചെയ്യാതെ നീട്ടിക്കൊണ്ടുപോയി. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ഡി ജി പിയെ വിളിച്ച് ശാസിക്കുകയും ചെയ്ത ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. പ്രതിയുടെ അറസ്റ്റ് നീളുന്നത് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയതായി മന്ത്രി ഡി ജി പിയെ വിളിച്ച് അറിയിച്ചിരുന്നു.
പിന്നീട് കുറ്റപത്ര സമര്‍പ്പണം നീട്ടിക്കൊണ്ടുപോയി. പ്രതി അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ വിചാരണക്കോടതിയില്‍ നിന്ന് തന്നെ പ്രതിക്ക് ജാമ്യം ലഭിക്കുമെന്നതിനാല്‍ ജാമ്യ വിഷയത്തില്‍ പ്രതിയെ സഹായിക്കാനാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനെതിരെയും പ്രതിഷേധമുയര്‍ന്നതോടെയാണ് കാലാവധി തീരുന്നതിന്റെ ഒരു ദിവസം മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. എങ്കിലും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ചെറിയ തടവുശിക്ഷ ലഭിക്കാവുന്ന താരതമ്യേന നിസ്സാര വകുപ്പുകളാണ് അതില്‍ ഉള്‍ക്കൊള്ളിച്ചത്. കുട്ടിയെ പ്രതി ശാരീരികമായി ഉപദ്രവിച്ചെന്നു മാത്രമേ കുറ്റപത്രത്തില്‍ പറയുന്നുള്ളൂ. നേരത്തേ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും നിഷേധിച്ച ജാമ്യം ഇപ്പോള്‍ പോക്‌സോ കോടതി അനുവദിക്കാന്‍ വഴിവെച്ചത് കുറ്റപത്രത്തിലെ ഈ തിരിമറിയാണ്. വൈദ്യ പരിശോധനയില്‍ പീഡനത്തിനരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് നേരത്തേ പോക്‌സോ ചുമത്തിയതാണ്. കുട്ടിയെ നിരന്തരം വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയതായി സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നെ എന്തുകൊണ്ടാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് പോക്‌സോ വകുപ്പ് ഒഴിവായത്?
പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനാലും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നും നിലവില്‍ ഭാഗികമായ കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും കേസന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് പോക്‌സോ പ്രകാരമുള്ള വകുപ്പുകളടക്കം ചുമത്തുമെന്നുമാണ് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ന്യായീകരണം. എന്നാല്‍ ഇതുവരെയുള്ള അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ഈ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. തുടക്കത്തില്‍ കേസന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസ് പ്രതിയുമായി ഒത്തുകളിക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ ഈ അന്വേഷണ ഏജന്‍സിയിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ.്
ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി 2012ല്‍ കൊണ്ടുവന്നതാണ് പോക്‌സോ നിയമം. വീടുകളിലും വിദ്യാലയങ്ങളിലുമുള്‍പ്പെടെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ അപര്യാപ്തമാണെന്നു കണ്ട് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്താണ് പോക്‌സോ വകുപ്പ് തയ്യാറാക്കിയത്. ലൈംഗിക ആക്രമണത്തിന് ഏഴ് വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ തടവുശിക്ഷയും പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണ്. 2012ല്‍ നിമയം നിലവില്‍ വന്ന ശേഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 20 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഇരകളെ ഭീഷണിപ്പെടുത്തിയും സാക്ഷികളെ വശത്താക്കിയും കേസുകള്‍ അട്ടിമറിക്കപ്പെടുകയാണ് മിക്ക സംഭവങ്ങളിലും.
ഇത്തരമൊരു അട്ടിമറി ശ്രമമാണ് പാലത്തായി പീഡന കേസിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലത്തായി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ പത്ത് വയസ്സുകാരിയെ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചും സുഹൃത്തിന്റെ വീട്ടില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കൂടാതെ പ്രതി കുട്ടിയെ പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെച്ചതായും മാതാവ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയും പത്മരാജനും പൊയിലൂരിലെ ഒരു വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോള്‍ ബുള്ളറ്റില്‍ ഒരു യുവാവ് അവിടെയെത്തി കുട്ടിയെ പീഡിപ്പിച്ചുവെന്നും ഈ സമയത്ത് പത്മരാജന്‍ വീടിന് പുറത്ത് കാവല്‍ നിന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇതൊരു യുവ മോര്‍ച്ചാ നേതാവാണെന്ന സൂചനകള്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചതായി കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇരയുടെ സഹപാഠികള്‍ നല്‍കിയ മൊഴികളിലും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ക്രൈം ബ്രാഞ്ചിന് അപൂര്‍ണമായ കുറ്റപത്രം സമര്‍പ്പിക്കേണ്ടി വന്നത്? നേരേ ചൊവ്വേ കേസ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്ന ഘടകമെന്താണ്? കേസില്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുണ്ടാകേണ്ടതുണ്ട്. വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെടുന്ന കേസുകളില്‍ ഇതും ഉള്‍പ്പെടാന്‍ ഇടവരരുത്. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിച്ചാല്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളൂവെന്ന് എല്ലാവര്‍ക്കുമറിയാവുന്ന യാഥാര്‍ഥ്യമാണ്.