National
ഇന്ത്യയുടെ അഭിമാനത്തെ വ്രണപ്പെടുത്തിയാൽ തിരിച്ചടിക്കും: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി| അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും പരസ്പരം സംസാരിച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്കില്‍ സൈനികരുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. എന്നാല്‍ അത് വിജയിക്കുമോ എന്നതിന് യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ന് രാവിലെയാണ് പ്രതിരോധ മന്ത്രി ലഡാക്കിലെത്തിയത്. ജൂണ്‍ 15ന് ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരെ ചൈന കൊലപ്പെടുത്തി ഒരുമാസം പിന്നിടുമ്പോഴാണ് പ്രതിരോധ മന്ത്രി ലഡാക്ക് സന്ദര്‍ശിക്കുന്നത്. ഇതുവരെ ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്‌നം പരിഹരിച്ചിച്ചിട്ടില്ല. എന്ത് സംസാരിച്ചാലും പ്രശ്‌നങ്ങള്‍ പരിഹരിക്കണം. എന്നാല്‍ ഇത് എത്രത്തോളം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ല. എന്നാല്‍ ലോകത്തെ ഏത് വലിയ ശക്തി വന്നാലും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും സ്വന്തമാക്കാന്‍ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫിംഗര്‍ നാല് പ്രദേശത്തെ ലുംകുംഗില്‍ നിന്ന് ഇരുകൂട്ടരും സൈന്യത്തെ പിന്‍വലിക്കുന്ന നടപടി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും സംയുക്തമായി നിലയുറപ്പിച്ച പോസ്റ്റാണ് ലുംകുംഗ്.
ലഡാക്കിലും ജമ്മുകശ്മീരുലുമായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് പ്രതിരോധമന്ത്രി. തങ്ങള്‍ക്ക് അശാന്തിയല്ല സമാധാനമാണ് വേണ്ടത്. ഒരു രാജ്യത്തിന്റെയു അഭിമാനത്തെ വ്രണപ്പെടുത്തുന്നത് ഇന്ത്യയുടെ സ്വഭവമല്ല.ഇന്ത്യയുടെ അഭിമാനത്തെ മുറിപ്പെടുത്തുന്ന സംഭവം ആരില്‍ നിന്നുണ്ടായാലും തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.