Covid19
ഭക്ഷണവും വെള്ളവും ലഭിച്ചില്ല: കൊവിഡ് രോഗികള്‍ അസമിയില്‍ ദേശീയ പാത ഉപരോധിച്ചു

ദിസ്പുര്‍ | ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് അസമിയില്‍ ആശുപത്രി കിടക്കയില്‍ നിന്ന് റോഡിലിറങ്ങി കൊവിഡ് രോഗികളുടെ പ്രതിഷേധം. അസാമിലെ കംറുപ് ജില്ലയിലെ ചാന്‍ഗ്സരിയിലാണ് നൂറുകണക്കിന് കൊവിഡ് രോഗികള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്നും പുറത്തിറങ്ങി ദേശീയ പാത 31 ഉപരോധിച്ചു. മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രോഗികള്‍ പുറത്തിറങ്ങിയത്.
കംറുപ് ഡെപ്യൂട്ടി കമ്മീഷണര്‍ കൈലാഷ് കാര്‍ത്തിക് രോഗികളോട് സംസാരിച്ച് ഭക്ഷവും വെള്ളവും എത്തിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രോഗികള്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക മടങ്ങിയത്. എന്നാല്‍ രോഗികള്‍ കൂട്ടത്തോടെ തെരുവിലെത്തിയതിനാല്‍ പ്രദേശത്ത് വലിയ സമ്പര്‍ക്ക ഭീഷണി നിലനില്‍ക്കുകയാണ്.
തങ്ങള്‍ക്ക് മതിയായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കിടക്കകളുടെ അവസ്ഥ പരിതാപകരമാണ്. പത്തും പന്ത്രണ്ടും ആളുകള്‍ ഒരു മുറിയില്‍ തിങ്ങി നിറഞ്ഞ് കഴിയുകയാണെന്നും രോഗികള്‍ വ്യക്തമാക്കി. ആശുപത്രിയില്‍ രോഗികളുടെ അവസ്ഥ പരിതാപകരമാണെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് ഹോം ക്വാറന്റൈനില്‍ കഴിയാമെന്നും ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.