Kerala
സ്വര്‍ണക്കടത്ത് കേസ് മറ്റൊരു ചാരക്കേസ്; കോണ്‍ഗ്രസ് സ്വപ്‌നം നടക്കില്ല- കോടിയേരി

തിരുവനന്തപുരം | സ്വര്‍ണക്കടത്തുക്കേസിനെ മറ്റൊരു ചാരക്കേസായി ഉപമിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്നും ക്കാര്യത്തിലുള്ള കോണ്‍ഗ്രസിന്റെ സ്വപ്‌നം നടക്കാന്‍ പോകുന്നില്ലെന്നും ദേശാഭിമാനിയില്‍ ഏഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു. പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവെപിച്ച അനുഭവം ഉണ്ട്. അത് കോണ്‍ഗ്രസിലേയും യു ഡി എഫിലേയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐ പി എസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട.
കൊവിഡ് പ്രതിരോധത്തില്‍ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കളങ്കമില്ലാത്ത സര്‍ക്കാറിനെതിരെ കള്ളക്കഥകള്‍ ചമച്ച്, അരാജകസമരം നടത്തി സര്‍ക്കാറിനെ തകര്‍ക്കാമെന്ന് കരുതേണ്ട. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം സമ്മതിക്കില്ല. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതില്‍ മോദി സര്‍ക്കാറിന് അതിവൈഭവമുണ്ടെന്ന് പറഞ്ഞ കോടിയേരി അത് മറക്കുന്നില്ലെന്നും അതുള്ളപ്പോള്‍ തന്നെ കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്തത് കേസില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ഭയക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണെന്നും വ്യക്തമാക്കി.
സ്വര്‍ണക്കടത്തുകേസില്‍ ആരോപണവിധേയനായ ശിവശങ്കറിനെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ആക്ഷേപവിധേയനായ ശിവശങ്കര്‍ യു ഡി എഫ് ഭരണകാലത്ത് മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഭരണശേഷിയുളള ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനില്‍ക്കാതെ തന്റെ ഓഫീസില്‍ നിന്നും പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടി. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയില്‍ വീണിട്ടുണ്ടെങ്കില്‍ അവരെ കരകയറ്റാനുള്ള ഒരു കൈയും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം എഴുതുന്നു.
കേരളത്തില്‍ വരുന്ന സ്വര്‍ണത്തിന് ചുവപ്പ് നിറമാണെന്നാണെന്ന ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ പരാമര്‍ശത്തേയും കോടിയേരി വിമര്‍ശിച്ചു. ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് സ്വര്‍ണത്തിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബി ജെ പിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വര്‍ണക്കടത്തിന്റെ മറവില്‍ ഏതെങ്കിലും സമുദായത്തെയോ, ജില്ലയെയോ, പ്രദേശത്തെയോ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാര്‍ നഖശിഖാന്തം എതിര്‍ക്കുമെന്നും കോടിയേരി ലേഖനത്തില്‍ വ്യക്താക്കുന്നു.