Connect with us

Kerala

സ്വര്‍ണക്കടത്തു കേസില്‍ എന്‍ ഐ എയും കസ്റ്റംസും നടത്തുന്നത് ഫലപ്രദമായ അന്വേഷണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ എന്‍ ഐ എയും കസ്റ്റംസും ഫലപ്രദമായ അന്വേഷണമാണ് നടത്തുന്നതെന്നും അതിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കെതിരെയാണ് അന്വേഷണമെന്നതു പ്രശ്‌നമല്ല. ആര്‍ക്കെതിരെയും അന്വേഷണം നടക്കട്ടെ. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ ആരോപണത്തില്‍ സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തലപ്പത്തുള്ള ചീഫ് സെക്രട്ടറിയെയാണ് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് താമസിയാതെ ലഭിക്കും. സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ചെയ്ത കാര്യം ശരിയോ തെറ്റോ എന്നാണ് അന്വേഷിക്കുന്നത്. അന്വേഷണം ഒരിക്കലും പ്രഹസനമാവില്ല.

സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധത്തെ കുറിച്ച് എന്‍ ഐ എയും കള്ളക്കടത്തു കേസ് കസ്റ്റംസുമാണ് അന്വേഷിക്കുന്നത്. അക്കാര്യങ്ങളില്‍ കേരള പോലീസിന്റെ അന്വേഷണം ആവശ്യമില്ല. സര്‍ട്ടിഫിക്കറ്റ് പോലുള്ള വിഷയങ്ങള്‍ വേണ്ടിവന്നാല്‍ പോലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. യു എ ഇ നയതന്ത്ര പ്രതിനിധിയെ വിളിക്കുന്നതിന് മുമ്പ് നയതന്ത്ര പ്രതിനിധി ജലീലിനെ വിളിച്ചിരുന്നു. റംസാന്‍ കാലത്താണ് വിളിച്ചത്. റംസാന്‍ കിറ്റ് മന്ത്രി വാങ്ങിയിട്ടില്ല. മന്ത്രി നയതന്ത്ര പ്രതിനിധിയെ വിളിക്കുന്നത് ചട്ടപ്രകാരം ശരിയാണോ എന്ന കാര്യങ്ങളൊക്കെ പിന്നീട് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest