കൊവിഡ്; കോഴിക്കോട് തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരം

Posted on: July 14, 2020 7:31 am | Last updated: July 14, 2020 at 10:51 am

കോഴിക്കോട് | ജില്ലയില്‍ ഏറെ പ്രവാസികളുള്ള നാദാപുരം മേഖലയില്‍ കൊവിഡ് വലിയ ആശങ്ക സൃഷ്ടിക്കുന്നു. നിരവധി കൊവിഡ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്ത തൂണേരി പഞ്ചായത്തില്‍ നിന്നാണ് വലിയ ആശങ്ക നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇവിടെ ഗ്രാമപഞ്ചായത്ത് അടക്കം 47 പേരുടെ ആന്റിജന്‍ പരിശോധന ഫലം പോസറ്റീവായതായണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന മുന്നൂറോളം പേരുടെ ആന്റിജന്‍ പരിശോധനയിലാണ് 47 പേര്‍ക്ക് പോസറ്റീവായിരിക്കുന്നത്. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരോട് ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയരാകാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതയിലാണ്. ഇദ്ദേഹം നേരത്തെ പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ലിസ്റ്റ് അടിയന്തരമായി പി എച്ച് സി അധികൃതര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്ന് തന്നെ പരിശോധനക്ക് വിധേയമാകണം. പഞ്ചായത്ത് ഓഫീസ് അടച്ചിട്ട് അണുവിമുക്തമാക്കാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ നെഗറ്റീവായവര്‍ മാത്രം അടുത്ത ദിവസം ജോലിക്ക് ഹാജരായാല്‍ മതി.

ഉറവിടം വ്യക്തമല്ലാത്ത രണ്ടു കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം തൂണേരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.