Connect with us

Gulf

യു എ ഇയിൽ ഇന്ന് മുതൽ പുതിയ വിസാ നിയമം; വിസ പുതുക്കേണ്ടത് ഷെഡ്യൂൾ അനുസരിച്ച്

Published

|

Last Updated

ദുബൈ | ഇന്ന് മുതൽ യു എ ഇ യിൽ വിസാ നിയമങ്ങളിൽ മാറ്റം. ആറ് മാസത്തിൽ കൂടുതൽ വിദേശത്തു ചെലവഴിച്ചു വിസ കാലഹരണപ്പെട്ടവർ യു എ ഇയിൽ തിരിച്ചെത്തിയാൽ ഒരു മാസത്തിനകം വിസ പുതുക്കണം. മാർച്ച് മുതൽ ഏപ്രിൽ വരെ കാലഹരണപ്പെട്ട താമസ വിസകൾക്കും ഐഡി കാർഡുകൾക്കുമായി പുതുക്കൽ അപേക്ഷകൾ അതോറിറ്റി സ്വീകരിച്ചു തുടങ്ങും.

മെയ് മാസത്തിൽ കാലഹരണപ്പെട്ടവർക്ക്, അവരുടെ പുതുക്കൽ അപേക്ഷകൾ ഓഗസ്റ്റ് 8ന് സ്വീകരിക്കാൻ തുടങ്ങും. ജൂൺ 1നും ജൂലൈ 11 നും ഇടയിൽ കാലഹരണപ്പെട്ട രേഖകൾ സെപ്തംബർ 10 മുതൽ പുതുക്കി നൽകും. ജൂലൈ 12 ന് ശേഷം കാലഹരണപ്പെടുന്നവർക്ക് പിന്നെയും സമയമുണ്ടാകും. സ്മാർട് സേവനങ്ങൾ (അതിന്റെ വെബ്സൈറ്റായ ica.gov.ae) പ്രയോജനപ്പെടുത്താനും അഡ്മിനിസ്‌ട്രേറ്റീവ് പിഴ ഒഴിവാകാൻ ഷെഡ്യൂൾ പാലിക്കാനും അതോറിറ്റി അഭ്യർഥിച്ചു.

മാർച്ച് 1 മുതൽ യുഎഇയിലുള്ളവർക്ക് വിസകളുടെയും എൻട്രി പെർമിറ്റിന്റെയും സാധുത ഡിസംബർ 31 വരെ നീട്ടാനുള്ള മുൻ തീരുമാനം റദ്ദാക്കി. മാർച്ച് ഒന്നിന് ശേഷം കാലഹരണപ്പെട്ട യു എ ഇ താമസ വിസ അല്ലെങ്കിൽ എൻട്രി പെർമിറ്റുകൾ (സന്ദർശനം / ടൂറിസ്റ്റ് വിസകൾ) ഈ വർഷം ഡിസംബർ വരെ സാധുത അനുവദിക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. വിമാന സർവീസ് ആരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ നിയമം ബാധകമല്ല.

Latest