Connect with us

National

യു പിയിലെ കൊടുംക്രിമിനല്‍ വികാസ് ദുബെ കൊല്ലപ്പെട്ടു

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. ഇന്നലെ മധ്യപ്രദേശിലെ ഉജ്ജ്വയ്ന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടിയ വികാസ് ദുബെയെ കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.  വികാസിനെ കൊണ്ടുപോയ പ്രത്യേക പോലീസിന്റെ അകമ്പടി വാഹനം കാണ്‍പൂരിലേക്കുള്ള യാത്രക്കിടെ കനത്ത മഴയില്‍  അപകടത്തില്‍പ്പെട്ടു. പോലീസ് വാഹനം മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തിനിടെ വികാസ് ദുബെ പോലീസിന്റെ ആയുധം തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്വയം രക്ഷാര്‍ത്തമാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്.
പ്രദേശത്ത് നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാരും വെളിപ്പെടുത്തി.  വികാസിന്റെ തലക്കാണ് വെടിയേറ്റതെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ പോലീസ് മനപ്പൂര്‍വ്വം വെടിവെച്ച് കൊന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മധ്യപ്രദേശില്‍ പിടിയിലായ വികാസ് ദുബെയെ യു പി പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയേക്കുമെന്ന് ചില ദേശീയ നേതാക്കള്‍ ഇന്നലെ ട്വിറ്ററില്‍ ആശങ്ക പങ്കുവെച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. യു പിയിലെ നിരവധി രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ക്രിമനലാണ് വികാസ് ദുബെയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസത്തോളം ഉന്തരേന്ത്യ മുഴുവന്‍ വിവിധ സംസ്ഥാന പോലീസുകാര്‍ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ദുബെ ഇന്നലെ മധ്യപ്രദേശില്‍ നിന്ന് പിടിയിലായത്. യു പിയില്‍ പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം വികാസ് ദുബൈ ഉജ്ജയിനിയിലെത്തിയത് റോഡ് മാര്‍ഗം 700 കി.മി താണ്ടിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യാജ ഐഡി ഉണ്ടാക്കി അഭിഭാഷകന്റെ ചിഹ്നം പതിച്ച കാറിലായിരുന്നു ഉജ്ജയിനിയിലെത്തിയത്. ഉജ്ജയിനിലെ ക്ഷേത്രത്തില്‍ സ്ഥാപിച്ച സി സി ടി വി ദൃശ്യങ്ങളാണ് വികാസിനെ കുടുക്കിയത്. ശ്രീകോവിലിന്റെ പിന്‍ഭാഗത്ത് നിന്ന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ച ദുബൈയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസിന് വിവരം നല്‍കുകയായിരുന്നു. വികാസിന്റെ കൂട്ടാളികളെല്ലാം നേരത്തെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
കാണ്‍പൂരിലെ ബിക്രു വില്ലേജില്‍ കഴിഞ്ഞ ആഴ്ചയാണ് എട്ട് പോലീസുകാരെ വികാസിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ച് കൊന്നത്. ഇയാള്‍ക്കായി പോലീസ് നടത്തിയ തിരച്ചിലിനിടെ ഏറ്റമുട്ടലഉണ്ടാകുകയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കലാപം ഉണ്ടാക്കല്‍ തുടങ്ങി 60 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദുബെ. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യു പി പോലീസ് അഞ്ച് ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

 

Latest