Connect with us

Articles

24 ക്യാരറ്റ് ‘രാജ്യദ്രോഹം'

Published

|

Last Updated

സവര്‍ണ ഹിന്ദുക്കള്‍ക്കിടയിലെ മരണാനന്തര ക്രിയകളിലൊരു സൗകര്യമുണ്ട്. തൊട്ടുനിന്നാലും മതി. ക്രിയ ഒരാള്‍ ചെയ്യും. അയാളെ തൊട്ടുനില്‍ക്കുന്നവരൊക്കെ ക്രിയ ചെയ്തുവെന്നാണ് സങ്കല്‍പ്പം. യു എ ഇ സര്‍ക്കാറിന്റെ തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലേക്ക് അയച്ച ബാഗേജിലൂടെ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത് കണ്ടെത്തിയതോടെ ഉടലെടുത്തിരിക്കുന്ന അവസ്ഥ സമാനമാണ്. തൊട്ടുനിന്നവരൊക്കെ സ്വര്‍ണക്കടത്തുകാരായ സ്ഥിതി. ചുരുങ്ങിയപക്ഷം സ്വര്‍ണക്കടത്തിന് ഒത്താശ നിന്നവരായെങ്കിലും മാറിയിരിക്കുന്നു. സ്വര്‍ണം കടത്തുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ആക്രമിക്കുകയാണ് ചെയ്യുന്നത്. സമ്പദ് വ്യവസ്ഥയെ ആക്രമിക്കുക എന്നാല്‍ രാജ്യത്തെ ആക്രമിക്കുക തന്നെ. ഇരുപത്തിനാല് ക്യാരറ്റ് രാജ്യദ്രോഹമെന്ന് ചുരുക്കം. അതിലേക്ക് കൂടിയാണ് ഈ തൊട്ടുനിന്നവരൊക്കെ പ്രതിചേര്‍ക്കപ്പെടുന്നതും പൊതുവിചാരണക്ക് വിധേയമാക്കപ്പെടുന്നതും.

ഇപ്പോള്‍ പിടിച്ചെടുത്തത് 15 കോടിയുടെ സ്വര്‍ണമാണ്. 100 കോടിയുടെ സ്വര്‍ണം ഇതുവരെ കടത്തിയെന്നാണ് ആദ്യം പിടിയിലായ, യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി കസ്റ്റംസിന്റെ രേഖയിലുള്ളത്. സ്വര്‍ണക്കടത്തിന്റെ ആസൂത്രണം കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയും നടപ്പുകാലത്ത് സംസ്ഥാന സര്‍ക്കാറിന്റെ ഐ ടി വിഭാഗത്തിന് കീഴിലുള്ള കമ്പനിയിലെ കരാര്‍ ജീവനക്കാരിയുമായ യുവതിയുടേതാണെന്നാണ് കസ്റ്റംസ് പറയുന്നത്. അല്ലെങ്കില്‍ കസ്റ്റംസ് അങ്ങനെ പറയുന്നുവെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരം. അവരെ കണ്ടെത്താനും സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ രണ്ട് വട്ടം പരിശോധന നടത്തുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ ശിവശങ്കറിന്, ആരോപണ വിധേയയായ സ്വപ്‌ന സുരേഷുമായി സൗഹൃദമുണ്ടെന്ന വിവരം ഇതിനിടെ പുറത്തുവന്നു. ആരോപണ വിധേയക്കൊപ്പം നില്‍ക്കുന്ന ചിത്രം, സ്വപ്‌ന താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വന്നിരുന്നുവെന്ന ഫ്ലാറ്റ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയുടെ വാക്കുകള്‍ എന്നിവ കൂടി പുറത്തുവന്നതോടെ സ്വര്‍ണക്കടത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധവും ആരോപണ വിധേയമായി. സ്വര്‍ണക്കടത്ത് രാജ്യദ്രോഹമാകയാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹത്തിന് കൂട്ടുനിന്നുവെന്ന ആരോപണമാണ് ഇപ്പോഴത്തെ തരംഗം.

സ്വര്‍ണക്കടത്ത് കേരളത്തില്‍ പുത്തരിയല്ല. ഇറക്കുമതിച്ചുങ്കം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിവെക്കുമ്പോഴൊക്കെ കടത്തുണ്ടാകും. സ്വര്‍ണത്തോട് ഇത്രയും ഭ്രമമുള്ള സമൂഹം ഇന്ത്യാ മഹാരാജ്യത്ത് വേറെയില്ലാത്തതിനാല്‍ വിപണനം കൂടുതലാണ് എന്നതുകൊണ്ട് സ്വര്‍ണക്കടത്തിലേറെയും കേരളത്തിലേക്കായിരിക്കും. സ്വര്‍ണക്കടത്തിന് നേരേ കണ്ണടക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും കുറവല്ല. (തൊട്ടു നിന്നവരൊക്കെ ക്രിയ ചെയ്തുവെന്ന സങ്കല്‍പ്പം വെച്ചാണെങ്കില്‍ കണ്ണടക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ തൊട്ടുനില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവരൊക്കെ ഉത്തരവാദികളാണ്) ഒരുപാട് കടത്തുമ്പോള്‍ ഇടക്കൊന്ന് കസ്റ്റംസ് പിടിക്കും. കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചവരൊഴികെ ആരും ഉത്തരവാദിയായുണ്ടാകില്ല ഈ സ്വര്‍ണത്തിന്. ഇങ്ങനെ കടത്തുന്ന സ്വര്‍ണം കൂടിയാണ് കേരളത്തിന്റെ സമ്പദ് ഘടനയെ നിലനിര്‍ത്തുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജി എസ് ടിയുടെ വിഹിതം കൃത്യസമയത്ത് കൈമാറാതെയും ജി എസ് ടി നടപ്പാക്കിയപ്പോഴുണ്ടായ വരുമാന നഷ്ടം നികത്തുന്നതിന് നല്‍കേണ്ടത് കുടിശ്ശികയാക്കിയും പ്രളയം, കൊവിഡ് പോലുള്ള ഘട്ടങ്ങളില്‍ സഹായിക്കാതെയും കേരളത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തള്ളിവിടുമ്പോള്‍ പ്രത്യേകിച്ചും.

ഇപ്പോഴത്തെ സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പ്രത്യേക സൗകര്യങ്ങളുപയോഗപ്പെടുത്തി എന്നതാണ് പ്രശ്‌നം. ഇതിന് മുമ്പുള്ള സ്വര്‍ണക്കടത്തൊക്കെ ഇന്ത്യയുടെ ആഭ്യന്തര കാര്യമായിരുന്നുവെങ്കില്‍ ഇത് യു എ ഇയുടെ കൂടെ വിഷയമാണ്. നയതന്ത്ര പ്രതിനിധിക്കയച്ച ബാഗേജ്, സ്വര്‍ണക്കടത്തിന് ഉപയോഗിക്കപ്പെട്ടത് എങ്ങനെ എന്ന് കണ്ടെത്താന്‍ അവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അത് ഫലം കാണാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇങ്ങ് കേരളത്തിലെ കാര്യങ്ങളിലെ തുടരന്വേഷണവും ഫലപ്രദമായി നടന്നേക്കും. ആര്‍ക്ക് കൊടുക്കാനാണ് സ്വര്‍ണം കൊണ്ടുവന്നത് എന്നത് ഒരുപക്ഷേ, ചരിത്രത്തിലാദ്യമായി പുറത്തുവന്നേക്കും. അങ്ങനെ പുറത്തുവന്നാല്‍ സ്വര്‍ണക്കടത്തെന്നും രാജ്യദ്രോഹമെന്നുമൊക്കെ ഇപ്പോള്‍ വിലപിക്കുന്ന രമേശ, രാമചന്ദ്ര, സുരേന്ദ്രാദികളും അതേറ്റ് പാടുന്നവരും ഞൊടിയിടയില്‍ അപ്രത്യക്ഷരാകാന്‍ സാധ്യതയുണ്ട്. ഒരന്വേഷണമെന്നതിനപ്പുറത്ത് ഗൗരവം യു എ ഇ ഈ സംഭവത്തിന് കല്‍പ്പിക്കുന്നില്ലായെങ്കില്‍ മറ്റെല്ലാ സ്വര്‍ണക്കടത്തും പോലെ ഇതും അവസാനിക്കും. സ്വര്‍ണക്കടത്തെന്ന മുഖ്യ വിഷയത്തേക്കാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്ന രാഷ്ട്രീയ ആരോപണത്തില്‍ കേന്ദ്രീകരിക്കുന്നവര്‍ കുറച്ചു ദിവസം കൂടി ഓരിയിടും.

സര്‍വീസ് രേഖകളനുസരിച്ച് മികച്ച ഉദ്യോഗസ്ഥനാണ് ശിവശങ്കർ. അദ്ദേഹം സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുമെന്ന് വിശ്വസിക്കുക പ്രയാസം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കള്ളക്കടത്തിന് സഹായം ചെയ്യുന്ന ഇടമായി എന്ന പ്രതിപക്ഷ ആരോപണം, അനുയായികളെയും അനുയായിപ്പട്ടത്തിന് ശ്രമിക്കുന്നവരെയും ആവേശം കൊള്ളിച്ചേക്കാം. അതിനപ്പുറത്തുള്ള ജനം അത് വിശ്വസിക്കാനുള്ള സാധ്യത കുറവാണ്. അതുമാത്രമല്ല, എത്രയധികം കാറ്റടിക്കുന്നുവോ അത്രയധികം എളുപ്പത്തില്‍ പൊട്ടിപ്പോകാവുന്ന ആരോപണക്കുമിളയുമാണിത്. രമേശ, രാമചന്ദ്ര, സുരേന്ദ്രാദികളുടെ രീതി പരിഗണിച്ചാല്‍ ദിനേന കാറ്റടിച്ച് വേഗത്തില്‍ പൊട്ടിച്ചുകളയാനുള്ള സാധ്യത ഏറെയുമാണ്. കുറേക്കൂടി ഗൗരവമുള്ള ആരോപണമായിരുന്നിട്ട് കൂടി സോളാര്‍ ഇടപാട് എവിടെയാണ് എത്തിനില്‍ക്കുന്നത് എന്നത് മലയാളിക്ക് ഓര്‍മയില്ലാതെ വരില്ല. അതില്‍ മുഖ്യ പ്രതിസ്ഥാനത്തു നിന്ന ഉമ്മന്‍ ചാണ്ടി, അന്നും ഇന്നും മലയാളികളുടെ പ്രിയ നേതാവാണ്. വ്യവസായ സംരംഭം തുടങ്ങാനെത്തിയ യുവതി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് ഉപഭോക്താക്കളെ കണ്ടെത്താനും കബളിപ്പിക്കാനും യുവതി ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതും സോളാറിന്റെ കാര്യത്തില്‍ ഗൗരവമുള്ള പ്രശ്‌നങ്ങളായി ഇപ്പോഴുമുണ്ട്.

സ്വര്‍ണക്കടത്തുമായി ബന്ധമെന്ന ആരോപണത്തെ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും സി പി എമ്മിനും ഇടത് മുന്നണിക്കും തള്ളിക്കളയാമെങ്കിലും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെപ്പോലും നിയന്ത്രിച്ചിരുന്നവര്‍ സ്വജനപക്ഷപാതം കാട്ടിയോ എന്നത് ഗൗരവത്തോടെ പരിശോധിക്കപ്പെടണം. ഐ ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരിയായി സ്വപ്‌ന സുരേഷ് നിയോഗിക്കപ്പെട്ടത് ഐ ടി സെക്രട്ടറിയുടെ സ്വാധീനത്താലാണോ എന്ന് കണ്ടെത്തണം. ആണെങ്കില്‍ അതിനെ അഴിമതിയായി കണ്ട് നടപടി സ്വീകരിക്കണം. സ്വജനപക്ഷപാതിത്വമെന്ന ആരോപണം ഈ സര്‍ക്കാറിന്റെ കാലത്ത് പലകുറി ഉയര്‍ന്നതാണ്. ചിലതിലെങ്കിലും കഴമ്പുണ്ടായിരുന്നു. എന്നിട്ടും ഇത്തരം സംഗതികള്‍ തുടരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കുമല്ല. പ്രളയത്തെയും കൊവിഡിനെയും നേരിടുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയതാണ് ഈ ഉത്തരവാദിത്വം.

അധികാര കേന്ദ്രങ്ങളിലൊക്കെ പരിചയങ്ങളുണ്ടാക്കി വേഗത്തില്‍ വളരുന്നവര്‍ (ലിംഗഭേദമില്ല) അപകടകാരികളാകാനുള്ള സാധ്യത തിരിച്ചറിയാന്‍ ബുദ്ധിമുട്ടേതുമില്ല. സംസ്ഥാന ഇന്റലിജന്‍സ് ഇത് സംബന്ധിച്ച മുന്നറിവ് നല്‍കിയിട്ടും പരിഗണിക്കപ്പെട്ടില്ല എന്നാണ് കേള്‍വി. അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിയാരെന്നും കണ്ടെത്തണം. ഇല്ലെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഇനിയും നേരിടേണ്ടിവരും, അതുവഴി സമയവും പണവും പാഴാകുകയും ചെയ്യും.

മറ്റൊന്ന് സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ യുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളെ പിന്തുണച്ചുവെന്ന ആരോപണമുന്നയിക്കുന്നതിന് പിറകിലെ അജന്‍ഡയാണ്. രാജ്യ സ്‌നേഹം (ദ്രോഹവും), ദേശീയത എന്നതൊക്കെ വലിയ രാഷ്ട്രീയ ആയുധമാണ്. ഇടതുപക്ഷ സര്‍ക്കാറിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു മേല്‍ രാജ്യദ്രോഹത്തിന്റെ മുദ്രചാര്‍ത്തിക്കൊടുക്കുക എന്നത് സംഘ്പരിവാര്‍ അജന്‍ഡയാണ്. അവരതിന് ശ്രമം തുടങ്ങിയിട്ടുമുണ്ട്. അതിന് ചൂട്ടുപിടിക്കാന്‍ നിന്നാല്‍ നഷ്ടം യു ഡി എഫിന് കൂടിയാണെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രതിപക്ഷ നേതാവിനോ കെ പി സി സി പ്രസിഡന്റിനോ ഉണ്ടാകുമോ?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest