Editorial
കള്ളക്കടത്തും ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങളും

പെണ്‍കെണി കള്ളക്കടത്ത് ലോബിയുടെ മുഖ്യ തന്ത്രങ്ങളിലൊന്നാണ്. തിരുവനന്തപുരത്തെ നയതന്ത്ര കള്ളക്കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് ലോബി സ്വപ്‌ന സുരേഷിനെ ഉപയോഗപ്പെടുത്തിയത് ദുബൈ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയെന്ന നിലയില്‍ മാത്രമല്ല, വളഞ്ഞ വഴിയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കൂടിയായിരുന്നുവെന്ന് മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വഴിവിട്ട ബന്ധം പുറത്തു വന്നതോടെ വ്യക്തമായി. ശിവശങ്കര്‍ മാത്രമല്ല, പോലീസുകാര്‍ ഉള്‍പ്പെടെ വേറെയും പ്രമുഖ ഉദ്യോഗസ്ഥര്‍ സ്വപ്‌നയുടെ കെണിയില്‍ വീണിട്ടുണ്ടെന്നാണ് വിവരം.
2019 മെയ് 13ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ദുബൈ ഫ്‌ളൈറ്റില്‍ നിന്ന് 25 കിലോ സ്വര്‍ണം പിടിച്ചെടുത്ത കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടായിരുന്നു. പെണ്‍കെണിയിലൂടെയാണ് ഇവരെയും സ്വര്‍ണക്കടത്ത് ലോബി വലയില്‍ വീഴ്ത്തിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ കഴക്കൂട്ടത്തുകാരി സറീന, കള്ളക്കടത്തിന്റെ സൂത്രധാരന്‍ അഡ്വ. ബിജു മോഹനന്റെ ഭാര്യ തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയായിരുന്നു അന്ന് സ്വര്‍ണം കടത്തിയിരുന്നത്. സറീന ദുബൈയിലെ തന്റെ ബ്യൂട്ടിപാര്‍ലറില്‍ ജോലിക്കെന്ന വ്യാജേന യുവതികളെ കൊണ്ടുപോയി അവര്‍ മുഖേനയും സ്വര്‍ണം കടത്തിയിരുന്നു. ഇവര്‍ ആറ് മാസത്തിനിടെ നാല് തവണ ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായി പിന്നീട് കണ്ടെത്തി. സ്വര്‍ണവുമായി വരുന്ന പുരുഷനൊപ്പം സ്ത്രീയെ ഭാര്യയെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ അയച്ച് പരിശോധനകള്‍ മറികടക്കുന്നതാണ് ഇവരുടെ രീതി. 2017 സെപ്തംബറില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്റലിജന്‍സ് വിഭാഗം രണ്ടര കോടിയോളം വില വരുന്ന രണ്ടര കിലോ രത്‌നം പിടിച്ചെടുത്ത കേസില്‍ മുഖ്യ കണ്ണി മാധവി പൗസ് എന്ന യുവതിയായിരുന്നു.
2000ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നടന്ന ചൈനീസ് സില്‍ക്ക് വേട്ട കേസിലെ മുഖ്യ കണ്ണികളിലൊരാളും ഒരു സുന്ദരിയായിരുന്നു- ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനി ഓള്‍ഗ കൊസിരേവ. കസ്റ്റംസ് ഉദ്യോഗസ്ഥരെ വലയിലാക്കി ശതകോടികളുടെ ചൈനീസ് സില്‍ക്കാണ് ഇവര്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയത്. 10 മാസത്തിനിടെ ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് 68 തവണയാണ് ഓള്‍ഗ ഇന്ത്യയിലേക്ക് പറന്നത്. 2000 ആഗസ്റ്റ് 28ന് ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലില്‍ വെച്ച് കസ്റ്റംസ് സംഘം പിടികൂടുമ്പോള്‍ 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സില്‍ക്കിന്റെ 27 ബാഗുകള്‍ അവരുടെ കൈവശമുണ്ടായിരുന്നു. ഓരോ തവണയും ഇത്രയും സില്‍ക്ക് ബാഗുകളുമായിട്ടായിരുന്നു അവരുടെ വരവ്. ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഓള്‍ഗയുടെ അടിക്കടിയുള്ള വരവും കള്ളക്കടത്തും. ഈ ഉപകാരത്തിനു പ്രത്യുപകാരമായി കള്ളക്കടത്ത് സംഘം ഉദ്യോഗസ്ഥര്‍ക്ക് കിടക്ക പങ്കിടാന്‍ ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശികളായ സ്ത്രീകളെ അയച്ചു കൊടുത്തിരുന്നതായി സി ബി ഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രത്യേക സംശയമില്ലെങ്കില്‍ വനിതാ യാത്രക്കാരെ കസ്റ്റംസ് പരിശോധിക്കാറില്ല. ഹാന്‍ഡ് ബാഗുകള്‍ തുറന്നുള്ള പരിശോധനയുമില്ല. ഇതാണ് സ്വര്‍ണക്കടത്തുകാര്‍ വനിതകളെ കരിയര്‍മാരാക്കുന്നതിനു പിന്നിലെ മറ്റൊരു രഹസ്യം. സ്ത്രീകളുടെ കെണിയില്‍ അകപ്പെടുന്ന ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങളുടെ ഫോട്ടോകളും വീഡിയോകളും കള്ളക്കടത്ത് ലോബിയുടെ കൈകളിലുണ്ടാകും. അതുകൊണ്ട് ഒരിക്കല്‍ അവരുടെ വലയില്‍ അകപ്പെട്ട ഉദ്യോഗസ്ഥന് പിന്നീട് രക്ഷപ്പെടാനാകില്ല.
ഉദ്യോഗസ്ഥരുടെ അസാന്മാര്‍ഗിക ജീവിതവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും പലപ്പോഴും സര്‍ക്കാറിന്റെ പ്രതിച്ഛായയെ വരെ ബാധിക്കാറുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറെ പഴി കേള്‍ക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ പി എയുടെയും ഗണ്‍മാന്മാരുടെയും വഴിവിട്ട ബന്ധങ്ങളായിരുന്നല്ലോ. സ്വപ്‌ന സുരേഷുമായുള്ള ശിവശങ്കറിന്റെ അടുപ്പം ഇപ്പോള്‍ പിണറായി വിജയനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഉദ്യോഗതലത്തില്‍ കുഞ്ചിക സ്ഥാനങ്ങളിലെ നിയമനങ്ങളില്‍ ബന്ധപ്പെട്ടവര്‍ അതീവ ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കൃത്യനിര്‍വഹണത്തിലുള്ള കഴിവ് മാത്രമാകരുത്, സ്വഭാവശുദ്ധി കൂടിയായിരിക്കണം നിയമനങ്ങളുടെ മാനദണ്ഡം. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ സി പി എം നേതൃത്വം ചില കര്‍ശന നിയന്ത്രണങ്ങള്‍ വെച്ചിരുന്നു. പേഴ്‌സനല്‍ സ്റ്റാഫിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ വ്യക്തിത്വവും സാമ്പത്തിക ശുദ്ധിയും സ്വഭാവ ശുദ്ധിയും സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും പോലീസിന്റെയും ഇന്റലിജന്‍സിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ നിയമിക്കാവൂ എന്നുമായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ജോപ്പനും ജിക്കു മോനും സലീം രാജും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതു പോലെ, പേഴ്‌സനല്‍ സ്റ്റാഫുകള്‍ ഈ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഇത്.
നിയമ ലംഘനവും തോന്നിവാസവും നടത്തുന്ന ഉദ്യോഗസ്ഥരെ യഥാസമയം പടിക്കു പുറത്താക്കാതെ ഭരണവര്‍ഗം അവര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് തെറ്റുകള്‍ ആവര്‍ത്തിക്കാനും അഴിമതിക്കു കൂട്ടുനില്‍ക്കാനും ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം പകരുന്നത്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ് മദ്യപിച്ചു ലക്കുകെട്ട് വണ്ടിയോടിച്ച വെങ്കിട്ടരാമന്‍ ഐ എ എസ് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊന്നത്. ഇക്കാര്യത്തില്‍ അയാള്‍ തീര്‍ത്തും തെറ്റുകാരനാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതും അന്വേഷണത്തില്‍ കണ്ടെത്തിയതുമാണ്. എന്നിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഏതാനും ആഴ്ചകള്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്തിയ ശേഷം സര്‍ക്കാര്‍ അയാള്‍ക്ക് വീണ്ടും ഉന്നത തസ്തികയില്‍ നിയമനം നല്‍കി. എക്‌സിക്യൂട്ടീവ് ബ്യൂറോക്രസിയെ അന്ധമായി തുണക്കുന്ന, അഥവാ അവരെ ഭയക്കുന്ന നാണംകെട്ട സ്ഥിതിവിശേഷം നിലനില്‍ക്കുന്ന കാലത്തോളം ശിവശങ്കര്‍മാരും രാധാകൃഷ്ണന്മാരും ശ്രീറാംവെങ്കിട്ടരാമന്മാരും പിറവിയെടുക്കാതിരിക്കുമോ?