Connect with us

Gulf

ദുബൈയിൽ സഞ്ചാരികൾ എത്തിത്തുടങ്ങി

Published

|

Last Updated

ദുബൈ| സഞ്ചാരികളുടെ പറുദീസയായിരുന്ന ദുബൈയിലേക്ക് വിനോദ യാത്രികർ വീണ്ടും എത്തിത്തുടങ്ങി. കൊവിഡ് കാരണം അനേകം മാസങ്ങളായി സന്ദർശകർ ഇല്ലായിരുന്നു. ജൂലൈ 7 ചൊവ്വാഴ്ച 12 ആയതോടെ ആദ്യ യാത്രികർ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
ലോകത്ത് ഏറ്റവും ആളുകൾ സന്ദർശിക്കുന്ന നഗരങ്ങളിലൊന്നാണ് ദുബൈ.

കൊവിഡ് കാരണം നിശ്ചലമായി. വിനോദസഞ്ചാരികൾക്കായി ഇന്നലെ ഔദ്യോഗികമായി ദുബൈയുടെ കവാടങ്ങൾ വീണ്ടും തുറക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ്എ) ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. മാസ്‌കുകളും കയ്യുറകളും ധരിച്ച സഞ്ചാരികൾ എമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ വരി നിൽക്കുന്നത് കാണാനായി. സാമൂഹിക അകലം അടക്കം എല്ലാ മുൻകരുതൽ നടപടികളും പാലിക്കുന്നു.

വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ അവധിക്കാലം ഉറപ്പുവരുത്തുന്നതിനായി ദുബൈയിൽ പ്രധാന വാണിജ്യ കേന്ദ്രങ്ങളും മാളുകളും നിയന്ത്രണങ്ങൾ പിൻവലിച്ചു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ല്യു ടി ടി സി) കഴിഞ്ഞ ആഴ്ച എമിറേറ്റിനു സേഫ് ട്രാവൽ സ്റ്റാമ്പ് നൽകി.നഗരം ഏർപെടുത്തിയ കർശനമായ ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളുകളും ഗുണകരമായെന്നാണ് വിലയിരുത്തൽ.

വിമാനത്താവളത്തിൽ കൊവിഡ് പരിശോധനയുണ്ട്. കൊവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കാണിത്. സർട്ടിഫിക്കറ്റില്ലാത്തവർ 14 ദിവസം സമ്പർക്ക നിരോധത്തിൽ പോകണം. സർക്കാർ നിശ്ചയിച്ച താമസ കേന്ദ്രത്തിലേക്ക് മാറണം. സഞ്ചാരികൾക്ക് ഒരു യാത്രാ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ആവശ്യമെങ്കിൽ ചികിത്സക്കും ക്വാറന്റൈനുമുള്ള ചെലവുകൾ സ്വയം വഹിക്കുമെന്ന് ഉറപ്പുനൽകണം. (കെ എം അബ്ബാസ്)

Latest