National
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഭൂചലനം

ന്യൂഡൽഹി| ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഭൂചലനം. പഞ്ചാബിലും അരുണാചൽ പ്രദേശിലും ത്രിപുരയിലുമാണ് ഇന്ന് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 7.45 നാണ് പഞ്ചാബിലെ ബതിന്ദയിൽ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയതായി ഇന്ത്യൻ നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ബന്ദിതയിൽ നിന്ന് 117 കിലോമീറ്റർ അകലെ വടക്ക്-പടിഞ്ഞാറ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു.
അരുണാചൽ പ്രദേശിലെ ചാംഗ്ലാങ്ങിന് സമീപം ഇന്ന് രാവിലെ 8.11 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. ചാംഗ്ലാങ്ങിൽ നിന്ന് തെക്ക്-കിഴക്ക് 148 കിലോമീറ്ററാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു.
ത്രിപുരയിലെ ബെലോണിയക്ക് സമീപം ഇന്ന് രാവിലെ 6.2 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് 4.8 തീവ്രത രേഖപ്പെടുത്തി. ബെലോണിയയിൽ നിന്ന് 43 കിലോമീറ്റർ തെക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഡിഗ്ലിപൂറിന് സമീപം ഇന്ന് രാവിലെ 5.19ന് ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന് 4.8 തീവ്രത രേഖപ്പെടുത്തി.
ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് തെക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു.