National
വനിതാ സൈനികർക്ക് സ്ഥിരം കമ്മീഷൻ; കേന്ദ്രത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് സുപ്രിം കോടതി

ന്യൂഡൽഹി| വനിതാ സൈനിക ഓഫീസർക്ക് (ഷോർട്ട് സർവീസ് കമ്മീഷൻ) ഇന്ത്യൻ ആർമിയിൽ സ്ഥിരം കമ്മീഷൻ നൽകാനുള്ള ഫെബ്രുവരിയിലെ വിധി നടപ്പാക്കാൻ സുപ്രിം കോടതി കേന്ദ്രത്തിന് ഒരു മാസം കൂടി സമയം അനുവദിച്ചു. വിധിന്യായത്തിൽ നൽകിയിട്ടുള്ള എല്ലാ നിർദേശങ്ങളും കേന്ദ്രം പാലിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കൊറോണ വൈറസ് മഹാമാരി നടപടിക്രമങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കാൻ ആറുമാസം സമയം ആവശ്യപ്പെട്ട് കേന്ദ്രം അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നിർദേശം.
സ്ത്രീകളെ കമാൻഡ് പദവിയിലേക്ക് പരിഗണിക്കാനും, വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ നൽകാനും സുപ്രിം കോടതി ഫെബ്രുവരിയിൽ ഉത്തരവിറക്കിയിരുന്നു. മൂന്ന് മാസത്തിനുള്ളിൽ സ്ഥിരം കമ്മീഷൻ നൽകണമെന്നായിരുന്നു കോടതി ആദ്യം നിർദേശിച്ചിരുന്നത്.
എസ്എസ് സി സൈന്യത്തിലുള്ള വനിതാ ഓഫീസർമാർക്ക് 14 വർഷത്തിൽ കൂടുതൽ സേവന പരിചയം ഉണ്ടെങ്കിൽ അവർക്ക് സ്ഥിരം കമ്മിഷന് അർഹതയുണ്ടെന്ന് 2010ൽ ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു.