Connect with us

Covid19

തിരുപ്പതിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തോട് അവഹേളനം; ജെ സി ബി ഉപയോഗിച്ച് മൃതദേഹം കുഴിയിലേക്ക് തള്ളിയിട്ടു

Published

|

Last Updated

ഹൈദരാബാദ് | ആന്ധ്രാ പ്രദേശിലെ തിരുപ്പതിയില്‍ കൊവിഡ്- 19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കുഴിയിലേക്ക് ജെ സി ബി ഉപയോഗിച്ച് തള്ളിയിട്ടു. തിരുപതി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരാണ് മൃതദേഹത്തോട് അവഹേളനം പ്രകടിപ്പിച്ചത്. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

ജെ സി ബി ഉപയോഗിച്ച് മൃതദേഹം ഉയര്‍ത്തുന്നതും കുഴിയിലേക്ക് തള്ളിയിടുന്നതും വീഡിയോയിലുണ്ട്. 50കാരനാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ ശ്രീ വെങ്കടേശ്വര റാം നാരായണ്‍ റുയിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയാണ് മരിച്ചത്.

തിരുപ്പതി നഗരത്തിലെ ഹരിശ്ചന്ദ്ര ശ്മശാനത്തിലാണ് സംഭവം. ആംബുലന്‍സില്‍ കൊണ്ടുവന്ന മൃതദേഹത്തെ വാഹനത്തില്‍ നിന്ന് തറയിലേക്ക് തള്ളിയിടുകയായിരുന്നു. മൃതദേഹം ചുമന്ന് കൊണ്ടുപോകുന്നതിന് പകരം ജെ സി ബിയാണ് ഉപയോഗിച്ചത്. ശവക്കുഴി നിര്‍മിക്കാനെത്തിയ ജെ സി ബിയാണ് ഇതിനുപയോഗിച്ചത്. സാധാരണ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഇവിടെ വെച്ച് ദഹിപ്പിക്കാറില്ലെന്നും പരാതികളൊന്നുമില്ലാതെ ഇതുവരെ 17 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായും തിരുപ്പതി മുനിസിപ്പല്‍ കമ്മീഷണര്‍ പി എസ് ഗിരിഷ അറിയിച്ചു.