Connect with us

National

എന്ത് ഭീഷണിയെയും നേരിടാന്‍ സൈന്യം സജ്ജം

Published

|

Last Updated

ന്യൂഡല്‍ഹി| കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ പാകിസ്ഥാനില്‍ നിന്നുള്ള പ്രകോപനപരമായ നീക്കത്തെ നേരിടാന്‍ സൈന്യം സുസജ്ജമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍.

ജലപ്രശ്‌നം നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മത്സ്യബന്ധനം നടത്തുന്നതില്‍ നിന്ന് പാകിസ്ഥാനെ പിന്തിരപ്പിക്കുന്നതിനായി പടിഞ്ഞാറന്‍ മേഖലകളില്‍ സൈന്യം കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇരുഭാഗങ്ങളിലെയും സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായിട്ടാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

അതിര്‍ത്തിയില്‍ ചൈനയും പാകിസ്ഥാനും ഒരുപോലെ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് പാര്‍ലിമന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇന്ത്യക്കെതിരേ ചൈന ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെങ്കില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ശത്രുതാപരമായ നീക്കമുണ്ടാകുമെന്ന് 2014ല്‍ മുതിര്‍ന്ന ഇന്ത്യന്‍ വ്യോമ ഉദ്യോഗസ്ഥന്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ ചൈന ആക്രമിക്കാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളെയും യുദ്ധത്തിലേക്ക് നയിക്കുന്ന സാധ്യത ഒഴിവാക്കാന്‍ സൈന്യം തയ്യാറാണെന്നും മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ വീക്ഷിക്കുന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന് സാധ്യതയില്ല. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭീഷണിയെ നേരിടാന്‍ സൈന്യം തയ്യാറായിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Latest