Kerala
ജോസ് പക്ഷം പെട്ടന്ന് ഒരു മുന്നണിയിലേക്കും പോകില്ല; തദ്ദേശ തിരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കും

കോട്ടയം | യു ഡി എഫ് പുറത്താക്കിയതിനെ തുടര്‍ന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് രാവിലെ പത്തിന് കോട്ടയത്ത് ചേരും. അപ്രതീക്ഷിതമായി യു ഡി എഫ് പുറത്താക്കിയതിലുള്ള അമര്‍ശം ഉള്ളിലൊതുക്കിയാണ് യോഗം ചേരുന്നത്. എല്‍ ഡി എഫ് പരോക്ഷമായും ബി ജെ പി പരസ്യമായും സഖ്യത്തിന് അനുകൂലമാണെന്ന് ജോസ് പക്ഷത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ ഉടന്‍ ഒരു തീരുമാനം എടുക്കില്ല. തത്കാലം ഒറ്റക്ക് നില്‍ക്കാനായിരിക്കും ഇന്നത്തെ യോഗം തീരുമാനിക്കുക. യു ഡി എഫിനെതിരെ വലിയ രാഷ്ട്രീയ ക്യാമ്പയിനും പാര്‍ട്ടി ഒരുങ്ങിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യു ഡി എഫിനോടും കോണ്‍ഗ്രസുനോടും ഇനി ഒരു മൃദുസമീപനവും ഉണ്ടാകില്ലെന്നാണ് ജോസ് കെ മാണിയോട് അടുത്ത് നില്‍ക്കുന്നവര്‍ പറയുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി ജെ ജോസഫ് വിഭാഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ എല്‍ ഡി എഫിന്റെ പിന്തുണ തേടാനും ഇന്നത്തെ യോഗം തീരുമാനിക്കും. അങ്ങിനെയെങ്കില്‍ ഇടത് മുന്നണിയുമായുള്ള പുതിയ സഖ്യത്തിന്റെ നാന്ദിയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ടന്നാണ് നേതാക്കളില്‍ ഭൂരിഭാഗത്തിനുമുള്ളത്. എന്നാല്‍ താഴെക്കിടയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെകൂടി കേട്ട ശേഷം മുന്നണി മാറ്റം ആലോചിക്കാനാണ് നീക്കം. പാര്‍ട്ടിയിലെ എം എല്‍ എമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നു. അതേ സമയം പതിറ്റാണ്ടുകളായി യു ഡി എഫ് മനോഭാവം പുലര്‍ത്തുന്ന അണികളുടേയും ചെറു നേതാക്കാളേയും ഒപ്പം നിര്‍ത്തുക എന്നത് ജോസ് വിഭാഗത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ട്.