Connect with us

National

ബിഹാറില്‍ ആര്‍ ജെ ഡിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടി വിട്ടു

Published

|

Last Updated

പാറ്റ്‌ന | ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ ജെ ഡിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും എം എല്‍ എയുമായ വിജേന്ദ്ര കുമാറും പാര്‍ട്ടി വിട്ടു. നിയമസഭയില്‍ ഭോജ്പുര്‍ ജില്ലയിലെ സന്ദേശ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് വിജേന്ദ്ര കുമാര്‍. പാര്‍ട്ടിയുടെ പ്രാഥമികാംഗത്തില്‍ നിന്ന് രാജിവക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ടുള്ള കത്ത് അദ്ദേഹം സംസ്ഥാന അധ്യക്ഷന്‍ ജഗ്ദാനന്ദ് സിംഗിന് അയച്ചുകൊടുത്തു. കത്തിലെ വിശദീകരണം ഇങ്ങനെയാണ്: “30 വര്‍ഷത്തോളമായി പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഞാന്‍ 1984 മുതല്‍ ലാലുജിയുടെ വിശ്വസ്തനായിരുന്നു. സന്ദേശ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടു തവണയാണ് ഞാന്‍ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, സമര്‍പ്പിത മനസ്‌കനും വിശ്വസ്തനുമായ തന്നെ പോലുള്ളവരെ അടുത്തിടെയായി പാര്‍ട്ടി മൂലക്കിരുത്തുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുന്‍ പരിചയമില്ലാത്തവരും പുതുതായി കടന്നുവന്നവരുമെല്ലാമാണ് ഇപ്പോള്‍ പ്രാമുഖ്യം നേടുന്നത്. നിലവില്‍ കടലാസില്‍ മാത്രമാണ് ഞാന്‍ വൈസ് പ്രസിഡന്റായി നില്‍ക്കുന്നത്. പാര്‍ട്ടിയുടെ നയരൂപവത്ക്കരണത്തില്‍ എനിക്കൊരു സ്ഥാനവും ലഭിക്കുന്നില്ല. ആകെ താറുമാറായ അവസ്ഥയിലാണ് ആര്‍ ജെ ഡി.”

ബി ജെ പി, ജനതാദള്‍ (യു), എല്‍ ജെ പി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ പാര്‍ട്ടികളിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും തന്നെ വിലകല്‍പ്പിക്കുകയും ആദരവു നല്‍കുകയും ചെയ്യുന്നവരുടെ കൂടെ ചേരുമെന്നും ഭാവി പരിപാടി സംബന്ധിച്ചു ചോദിച്ചപ്പോള്‍ യാദവ് പറഞ്ഞു. ആര്‍ ജെ ഡി പിന്തുണയോടെ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്ന സി പി ഐ-എം എല്ലിനോടും തനിക്ക് താത്പര്യമുണ്ടെന്നും എന്നാല്‍, ആര്‍ ജെ ഡിയില്‍ നിന്നുള്ള രാജി തീരുമാനം പുനപ്പരിശോധിക്കുന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, ആര്‍ ജെ ഡി വിട്ട അഞ്ച് എം എല്‍ സിമാര്‍ മറ്റൊരു ഗ്രൂപ്പ് രൂപവത്ക്കരിക്കുകയും ഭരണകക്ഷിയായ ജെ ഡി-യുവില്‍ ലയിക്കുകയും ചെയ്തിരുന്നു. ഇതേ ദിവസം തന്നെ പാര്‍ട്ടിയിലെ അതികായനായ രഘുവംശ് പ്രസാദ് സിംഗും രാജിവച്ചിരുന്നു.

Latest