National
രാജ്യത്തെ വിഭജിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ജെ പി നഡ്ഡ

ന്യൂഡൽഹി| രാജ്യത്തെ വിഭജിക്കാനും സേനയുടെ ആത്മവീര്യം തകർക്കാനുമാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന രൂക്ഷ വിമർശവുമായി ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡ. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി
ക്കും കേന്ദ്രത്തിനുമെതിരെ രാഹുലും കോൺഗ്രസ് പാർട്ടിയും തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് നഡ്ഡ ട്വീറ്റുമായി രംഗത്തെത്തിയത്.
മുമ്പ് കോൺഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പ്രഭാവത്തിലാണോ രാഹുൽ ഇത്തരത്തിൽ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതെന്ന് പഴയ മാധ്യമ വാർത്തകളെ ഉദ്ധരിച്ചുകൊണ്ട് നഡ്ഡ ചോദിച്ചു.
ആദ്യം കോൺഗ്രസ് ചൈനയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പിന്നീട് കോൺഗ്രസ് പാർട്ടി ഇന്ത്യൻ ഭൂമി ചൈനക്ക് മുന്നിൽ അടിയറവെച്ചു. ഡോക്ലാം സംഘർഷ സമയത്ത് രാഹുൽ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയിൽ പോയിരുന്നുവെന്നും നഡ്ഡ ആരോപിച്ചു.
കൂടാതെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും കഴിഞ്ഞ ദിവസം നഡ്ഡ വിമർശിച്ചിരുന്നു. തന്റെ വാക്കുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പ്രധാനമന്ത്രി ശ്രദ്ധാലുവായിരിക്കണമെന്നും തെറ്റായ വിവരങ്ങൾ നയതന്ത്രത്തിനോ നിർണായക നേതൃത്വത്തിനോ പകരമാകില്ലെന്നും മോദിയെ വിമര്ർശിച്ച് മൻമോഹൻ സിംഗ് പറഞ്ഞിരുന്നു.