National
കരസേന മേധാവി ഇന്ന് ലഡാക്കിലേക്ക്; അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്തും

ന്യൂഡൽഹി| അതിർത്തിയിലെ സൈനിക വിന്യാസം വിലയിരുത്താൻ കരസേന മേധാവി ജനറൽ മുകുന്ദ് നരവനെ ഇന്ന് ലഡാക്ക് സന്ദർശിക്കും. ഗൽവാൻ അതിർത്തിയിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിനുശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും ഇന്ന് കൂടികാഴ്ച നടത്തും. റഷ്യ കൂടി ഉൾപ്പെടുന്ന വിദേശകാര്യ മന്ത്രിമാരുെട സംയുക്ത യോഗത്തിലാണ് ഇരു രാജ്യങ്ങളും കൂടികാഴ്ച നടത്തുക.
ഗൽവാൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇരുസേനകളും ചർച്ച നടത്തിയതിനു പിന്നാലെയാണ് സന്ദർശനം. അതിർത്തിയിലെ 32 റോഡ് നിർമാണ പദ്ധതികൾ വേഗത്തിലാക്കാനും ആഭ്യന്തര മന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി.
അതിർത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ചും ചൈനയുമായുള്ള സൈനിക സംഭാഷണത്തിലെ പുരോഗതിയെക്കുറിച്ചും നരവാനെ കൂടികാഴ്ചയിൽ വിശദീകരിക്കും. അവിടുത്തെ സൈനികരുമായി സംവദിക്കുകയും ചെയ്യും. സംഘർഷത്തിന് ശേഷം ഇദ്ദേഹത്തിന്റെ ലഡാക്കിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്. മെയ് 22ന് അദ്ദേഹം ലേ സന്ദർശിച്ചിരുന്നു. ബുധനാഴ്ച ഇദ്ദേഹം കശ്മീർ സന്ദർശനം നടത്തുമെന്നാണ് സൂചന.