Connect with us

International

കൊവിഡ്: ഗോൾഡൻ ഗ്ലോബ്‌സ്- 2021 ഫെബ്രുവരി 28ലേക്ക് മാറ്റി

Published

|

Last Updated

ലോസ്ഏഞ്ചൽസ് | ആഗോളതലത്തിൽ കൊറോണവൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ ഗോൾഡൻ ഗ്ലോബ്‌സ്- 2021 പുരസ്‌കാര പ്രഖ്യാപനം ഫെബ്രുവരി 28ലേക്ക് മാറ്റി. പുരസ്‌കാര ചരിത്രത്തിലാധ്യമായാണ് ഇങ്ങനെയൊരു മാറ്റിവെക്കൽ നടക്കുന്നത്.

ഹോളിവുഡിന്റെ അവാർഡ് സീസൺ ആരംഭിക്കുന്നത് ഗോൾഡൻ ഗ്ലോബ്‌സ് പുരസ്‌കാര പ്രഖ്യാപനത്തോടെയാണ്. ജനുവരി ആദ്യഞായറാഴ്ച നടക്കുന്ന ചടങ്ങ് ഫെബ്രുവരി 28നായിരിക്കും നടത്തുകയെന്ന് ട്രോഫികൾ നൽകുന്ന ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ (എച്ച് എഫ് പി എ) അറിയിച്ചു. പുരസ്‌കാരത്തിനായി നാമനിർദേശങ്ങൾക്കുള്ള പുതിയ തീയതിയും യോഗ്യതാ മാനദണ്ഡവും വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും ഇവർ പറഞ്ഞു.

കഴിഞ്ഞയാഴ്ച ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയെന്ന് വിശേഷിപ്പിക്കുന്ന ഓസ്‌കാർ പുരസ്‌കാര ചടങ്ങ് ഫെബ്രുവരി 28ൽ നിന്ന് ഏപ്രിൽ 25ലേക്ക് മാറ്റിയിരുന്നു. ലോകമെമ്പാടും കൊവിഡ് ഭീതിയിൽ നിരവധി പ്രോജക്ടുകളുടെ നിർമാണം നിർത്തിവെച്ചതിനാൽ ചലച്ചിത്ര പ്രവർത്തകർക്ക് സിനിമകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കുമെന്ന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാർച്ച് മുതൽ സിനിമാ തിയേറ്ററുകളും അടച്ചിരുന്നു.

ബ്രിട്ടന്റെ ബാഫ്റ്റ ഇവന്റ് ഉൾപ്പെടെയുള്ള മറ്റ് പല അവാർഡ് പരിപാടികളുടെയും തീയതികൾ നീട്ടിയിട്ടുണ്ട്. അതേസമയം, ലോസ് ഏഞ്ചൽസിൽ രണ്ടാഴ്ച മുമ്പ് ഹോളിവുഡ് സിനിമാ- ടി വി ഷോകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് കർശന നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരുന്നു. സാനിറ്റൈസർ ഉപയോഗം, മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ എന്നിവ ഇതിലുൾപ്പെടും.

കൂടാതെ, അമേരിക്കയിൽ മൂന്ന് പ്രധാന സിനിമാ തിയറ്റർ ശൃംഖലകൾ ജൂലൈ 10 മുതൽ വീണ്ടും തുറക്കാനും പദ്ധതിയുണ്ട്.