Connect with us

Covid19

വിസാ നിയന്ത്രണം: ഇനി യു എസിലേക്കുള്ള യാത്ര എളുപ്പമാകില്ല

Published

|

Last Updated

വാഷിംഗ്ടൺ| തൊഴിൽ അധിഷ്ഠിത വിസകൾ നിയന്ത്രിക്കാനുള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‌റെ നീക്കം വ്യവസായിക, സാങ്കേതിക,സാമ്പത്തിക-ആരോഗ്യ മേഖലകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 2,40,000 ആളുകളെ നേരിട്ട് ബാധിക്കും. വിവിധ തൊഴിൽ വിസകളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനുള്ള ഉത്തരവിൽ ഇന്ന് ഒപ്പ് വെച്ചേക്കുമെന്ന് ശനിയാഴ്ച ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ രാജ്യത്ത് ജോലി ചെയ്യുന്നവരെ പുതിയ പരിഷ്‌കാരം ബാധിക്കില്ല.

എച്ച് 1 ബി,എച്ച് 2 ബി, എൽ 1, ജെ 1 വിസകളാണ് താത്കാലികമായി നിർത്തിവെക്കുന്നത്. സയൻസ്, എൻജിനിയറിംഗ്, ഐ ടി മേഖലകളിലെ വിദഗ്ധരാണ് എച്ച് 1 ബി വിസയിൽ ജോലി ചെയ്യുന്നത്. ഹോട്ടൽ, നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്കാണ് എച്ച് 2 ബി വിസ നൽകുന്നത്. എൽ 1 വിസക്ക് കീഴിൽ വരുന്നവർ കോർപറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ജെ 1 വിസയിൽ വരുന്നവർ ഗവേഷകർ, പ്രൊഫസർമാർ എന്നിവരുമാണ്. എച്ച് 1 ബി വിസയിൽ പുതിയ പരിഷ്‌കാരങ്ങൾക്ക് നിർദേശം നൽകുന്ന ബിൽ കഴിഞ്ഞ മാസം യു എസ് കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു.

2019 സാമ്പത്തിക വർഷം 1,33,000 ജീവനക്കാർക്കാണ് എച്ച് 1 ബി വിസ നൽകിയത്. 12,000ൽ അധികം ആളുകൾക്ക് എൽ 1 വിസയും 98,000ൽ അധികം ആളുകൾക്ക് എച്ച് 2 ബി വിസയും നൽകി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബിസിനസ്സിന് തിരിച്ചടിയാണെന്നും വളർച്ച തടസ്സപ്പെടുത്തുന്നെന്നും ആശങ്ക പ്രകടിപ്പിച്ച് യു എസ് ചേംബർ ഓഫ് കൊമേഴ്‌സ്, ഐ ടി ഇൻഡസ്ട്രി കൗൺസിൽ തുടങ്ങിയ വ്യവസായ ഗ്രൂപ്പുകൾ ട്രംപിന് കത്തയച്ചിരുന്നു. തുടർന്ന് യു എസിലേക്കുള്ള കുടിയേറ്റം താത്കാലികമായി നിർത്തിവെക്കാൻ താൻ പദ്ധതിയിടുന്നതായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.