Kerala
അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ

കൊച്ചി | അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ. കുഞ്ഞിന്റെ തലച്ചോറിനേറ്റ ക്ഷതം ഗുരുതരമാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ സോജന്‍ ഐപിന്റെ പ്രതികരണം.
കുട്ടി ആദ്യം കട്ടിലില്‍ നിന്ന് വീണെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. കൊതുകിന് കൊല്ലുന്ന ബാറ്റ് വീശിയപ്പോള്‍ കൊണ്ട് എന്ന് പിന്നീട് പറഞ്ഞു. അസ്വാഭാവികത തോന്നിയതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷൈജു തോമസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കുഞ്ഞ് തന്റേതല്ലെന്ന സംശയവും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേള്‍വിയില്ലാത്ത ക്രൂരത്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ കാലില്‍ പിടിച്ച് വായുവില്‍ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ മിഷനിലും പ്രവേശിപ്പിച്ചത്.