Editorial
മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ അധികാരദണ്ഡ്

അധികാരി വര്‍ഗത്തിന്റെ കൊള്ളരുതായ്മകളെയും ഭരണപരാജയങ്ങളെയും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍ കുടുക്കി നിശ്ശബ്ദമാക്കുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് സ്‌ക്രോള്‍.ഇന്‍ ലേഖിക സുപ്രിയ ശര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ഡൊമാരി ജില്ലയില്‍ ലോക്ക്ഡൗൺ കാലത്തെ റേഷന്‍ വിതരണ സംവിധാനത്തിലെ അപാകതകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് സുപ്രിയ ശര്‍മക്കെതിരെ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തിരിക്കുകയാണ് ഉത്തര്‍ പ്രദേശ് പോലീസ്. അപകീര്‍ത്തിപ്പെടുത്തല്‍, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം, പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തിയത്.
പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമമാണ് ഡൊമാരി. ഇവിടെ ലോക്ക്ഡൗണ്‍ കാലത്ത് നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാെണന്ന വസ്തുത ഗ്രാമീണരുടെ സാക്ഷ്യപത്രത്തോടെയാണ് ലേഖിക റിപ്പോര്‍ട്ട് ചെയ്തത്. ഈ ഗണത്തില്‍ ഡൊമാരി പ്രദേശത്തെ മാല എന്ന സ്ത്രീയുടെ വിവരണവും ഉള്‍പ്പെടുത്തിയിരുന്നു. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ തെറ്റായാണ് ഉദ്ധരിച്ചതെന്നും ലോക്ക്ഡൗണ്‍ സമയത്ത് അവര്‍ക്ക് യാതൊരു പ്രശ്‌നവും നേരിട്ടിരുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം, പ്രസ്തുത റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തീര്‍ത്തും വസ്തുതാപരമാണെന്നും അതിലിപ്പോഴും ഉറച്ചുനില്‍ക്കുന്നതായും സ്‌ക്രോള്‍.ഇന്നും ലേഖിക സുപ്രിയയും വ്യക്തമാക്കി. ലോക്ക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ ജീവിതസാഹചര്യങ്ങള്‍ പുറത്തുവരുന്നതിനെ ഭീഷണിപ്പെടുത്തി തടയാനുള്ള ശ്രമമാണ് കേസ് ചുമത്തിയതിന്റെ പിന്നിലെന്നും അവര്‍ ആരോപിക്കുന്നു.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി യാതൊരു മുന്നൊരുക്കവുമില്ലാതെ പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജനജീവിതത്തിന്റെ വിവിധ തുറകളില്‍ കൊടിയ ദുരിതങ്ങള്‍ സൃഷ്ടിച്ചത് നിഷേധിക്കാനാകില്ല. ഇത്തരം ദുരിതങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പലായന കഥകളും പലരും പരമ്പരകളാക്കിയതാണ്. കൊവിഡ് പ്രതിരോധത്തില്‍ ഗുജറാത്ത് സര്‍ക്കാറും ആശുപത്രികളും കാണിച്ച കുറ്റകരമായ അനാസ്ഥയും അഹ്്മദാബാദ് സിവില്‍ ആശുപത്രിയിലെ കൊവിഡ് രോഗികളുടെ കൂട്ടമരണവും ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരൊന്നും നേരിടാത്ത നിയമനടപടികള്‍ക്ക് സുപ്രിയ ശര്‍മ വിധേയമായത് അവര്‍ പുറത്തുകൊണ്ടുവന്നത് പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ, അതും അദ്ദേഹം ദത്തെടുത്ത ഗ്രാമത്തിലെ കഥകളായതുകൊണ്ടായിരിക്കണം. “പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വാരാണസിയിലെ ഗ്രാമത്തില്‍ ജനങ്ങള്‍ പട്ടിണിയില്‍” എന്ന തലക്കെട്ടോടെയായിരുന്നു സ്‌ക്രോള്‍.ഇന്‍ പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ജനാധിപത്യത്തിന്റെ നാലാം തൂണെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജനാധിപത്യത്തിന് പോറലേല്‍ക്കുമ്പോഴും ജനങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുമ്പോഴും ജനാധിപത്യ ഭരണത്തില്‍ അത് ചൂണ്ടിക്കാട്ടാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. അധികാരി വര്‍ഗം ജനാഭിലാഷങ്ങളെ ചവിട്ടിമെതിക്കുമ്പോള്‍ അത് തുറന്നുകാട്ടുകയും അതിനെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരികയും വേണം. കൈപ്പേറിയ സത്യങ്ങളായിരിക്കാം ചിലപ്പോള്‍ പുറത്തുകൊണ്ടുവരുന്നത്. സ്വാഭാവികമായും അത് ചിലരെ അലോസരപ്പെടുത്തും. വിശേഷിച്ചും ഭരണകൂടങ്ങളെ. വാളിനേക്കാള്‍ മൂര്‍ച്ഛയുണ്ട് മാധ്യമങ്ങള്‍ക്കെന്നാണല്ലോ നെപ്പോളിയന്‍ പറഞ്ഞത്. ചൂണ്ടിക്കാണിക്കപ്പെടുന്ന തെറ്റുകളും പാളിച്ചകളും അബദ്ധങ്ങളും തിരുത്തുകയാണ് മാധ്യമ വിമര്‍ശങ്ങളെ നേരിടാനുള്ള നേരായ വഴി. പ്രതികാര നടപടികളല്ല. ഭരണകൂടങ്ങള്‍ പൊതുവെ സ്വീകരിക്കുന്നത് ഖേദകരമായ ഈ മാര്‍ഗമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും എക്കാലത്തുമുണ്ടായിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഭരണ വൈകല്യങ്ങളെ ചൂണ്ടിക്കാട്ടിയപ്പോള്‍ പത്രം അടച്ചുപൂട്ടിയും രാമകൃഷ്ണപിള്ളയെ നാടുകടത്തിയുമായിരുന്നു സര്‍ സി പി പ്രതികരിച്ചത്.
ഏകാധിപത്യവും സ്വേഛാധിപത്യവും കൊടികുത്തി വാഴുന്ന ഇക്കാലത്ത് ഈ പ്രവണത വര്‍ധിച്ചുവരികയാണ്. സ്വതന്ത്രവും സത്യസന്ധവുമായ പത്രപ്രവർത്തനം കൂടുതല്‍ ദുഷ്‌കരണമാണിന്ന്. യു എ പി എ പോലുളള കരിനിയമങ്ങള്‍ ഉപയോഗപ്പെടുത്തിയും ചിലപ്പോള്‍ ജീവന്‍ കവര്‍ന്നുമാണ് ഇന്ന് ഭരണ പാളിച്ചകളെ തുറന്നുകാണിക്കുന്നവരെ അധികാരി വര്‍ഗം നേരിടുന്നത്. ജമ്മു കശ്മീരിലെ സൈനിക നടപടിയുടെ ഇരുണ്ട വശങ്ങൾ തുറന്നു കാണിച്ചതിന് കശ്മീര്‍ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് മസ്‌റത്ത് സഹ്‌റക്കെതിരെ സര്‍ക്കാര്‍ പ്രയോഗിച്ചത് യു എ പി എയായിരുന്നു. “റൈസിംഗ് കശ്മീര്‍” പത്രാധിപര്‍ ശുജാഅത്ത് ബുഖാരിയെ പരസ്യമായി വെടിവെച്ചുകൊല്ലുകയായിരുന്നു. ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത നിയമ സംഹിതയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ സ്വീകരിച്ചുവരുന്നത്.
വിയോജിപ്പിനെ രാജ്യദ്രോഹമെന്ന് മുദ്രകുത്തുകയും തങ്ങള്‍ക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ പാടില്ലാത്തവിധം ജനാധിപത്യ ധ്വംസനം ദേശീയതയായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് യു പി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍കുമാറിനെ വിട്ടയച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ജൂണില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. “ഒരു ഭരണഘടനയുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കിഷോര്‍കുമാര്‍ നടത്തിയ ട്വീറ്റ് വസ്തുതാ വിരുദ്ധമാണെങ്കില്‍ അധികൃതര്‍ക്ക് അതിനെതിരെ നിയമ നടപടി സ്വീകരിക്കാം. അതുപക്ഷേ, അയാളെ ജയിലില്‍ അടച്ചുകൊണ്ടാകരുത്. അപ്പേരില്‍ ഒരു പൗരന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു കൂടാത്തതാണ്”. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ ഈ വാക്കുകള്‍ സ്‌ക്രോള്‍.ഇന്‍ ലേഖിക സുപ്രിയ ശര്‍മയുടെ കാര്യത്തിലും പ്രസക്തമാണ്.