Kerala
അന്തരിച്ച സംവിധായകന്‍ സച്ചിയെ അനുസ്മരിച്ച് പ്രമുഖര്‍

തൃശ്ശൂര്‍ കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയെ അനുസ്മരിച്ച് പ്രമുഖര്‍.
മരണ വാര്‍ത്ത അറിഞ്ഞ് സിനിമാ മേഖലയിലെ നിരവധി പേരാണ് ആശുപത്രിയിലെത്തിയത്. അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ന് നടക്കുന്ന പൊതുദര്‍ശനത്തിലും പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. സച്ചിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടു പോയി. ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ പത്ത് വരെ പൊതുദര്‍ശനത്തിനു വെക്കും. അതു കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകും. വൈകീട്ട് നാലരക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
സച്ചിയുടെ വിയോഗം മലയാള സിനിമക്ക് പ്രതിഭാശാലിയായ കലാകാരനേയാണ് നഷ്ട്‌പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സച്ചിയുടെ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് സംവിധായകന്‍ സേതു പറഞ്ഞു.
പോയി.. എന്ന ഒറ്റ വാക്കിലാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ ഓര്‍മ പങ്കുവെച്ചത്. പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ചയാളാണ് സച്ചി.
പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടിക്കൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്റെ അഭിനയ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്.
അതിനിടെ സച്ചിന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ നേരത്തെയുള്ള താത്പര്യ പ്രകാരം ദാനം ചെയ്തു. മരണം ഉറപ്പുവരുത്തിയ ഉടന്‍ ഡോക്ടര്‍മാര്‍ കണ്ണൂകള്‍ ദാനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.