Articles
തൊഴിലാളിക്ക് കഞ്ഞി കുമ്പിളില്‍ തന്നെ

റിംഗ് വല യൂനിറ്റിന്റെ മുതല്‍ മുടക്ക് പരമ്പരാഗത യൂനിറ്റിനേക്കാള്‍ ഏറെ കൂടുതലാണ്. ഈ വലകള്‍ വഹിക്കുന്ന യാനങ്ങളുടെ വലിപ്പത്തിനനുസരിച്ച് എന്‍ജിന്‍ കുതിരശക്തി ഉയര്‍ത്തുകയും അതിനനുസരിച്ച് ഇന്ധന വിനിയോഗം കൂടുകയും ചെയ്യുന്നു. മത്സ്യം കുറയുകയോ കിട്ടാതിരിക്കുകയോ ചെയ്യുമ്പോള്‍ ഇന്ധനച്ചെലവ് ഉടമ വഹിക്കുകയും പിന്നീട് നന്നായി മത്സ്യം കിട്ടുമ്പോള്‍ ഇതിനെ മുന്‍കടമായി കണക്കാക്കി പിടിക്കുകയും ചെയ്യും.
തീരക്കടലില്‍ പ്രത്യക്ഷപ്പെടുന്ന വലിയ മത്സ്യക്കൂട്ടങ്ങളെ അപ്പാടെ പിടിച്ചെടുക്കാന്‍ റിംഗ് വലക്ക് കഴിയുന്നു. നാല് മുതല്‍ 40 വരെ അംഗങ്ങളുടെ ഉടമസ്ഥതയിലാണ് റിംഗ് വല യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
1980കളുടെ അവസാനം പരമ്പരാഗത മത്സ്യ മേഖലയില്‍ റിംഗ് വല ഉപയോഗത്തിന് പ്രാമുഖ്യമേറി. യൂനിറ്റുകള്‍ വര്‍ധിക്കുകയും ഉടമകള്‍ റിംഗ് വലയുടെ വലിപ്പം നിരന്തരം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിനായി കൂടുതല്‍ കുതിരശക്തിയുള്ള മോട്ടോറുകളും ഉപയോഗിച്ചു. ഇതോടെ ചെറിയ യൂനിറ്റുകള്‍ പലതും പ്രവര്‍ത്തനരഹിതമായി. പരമ്പരാഗത രീതികള്‍ പലതും അന്യംനിന്ന് പോകുകയും ചെയ്തു. കൊല്ലി വല, അയല വല, ചാള വല, വീശു വല തുടങ്ങിയവ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും മധ്യ ജില്ലകളിലെ തുമ്പുപിടി എന്ന രീതിയും നിലച്ചു പോയവയില്‍ ചിലതാണ്.
കൂടുതല്‍ വലിപ്പമുള്ള റിംഗ് വലകള്‍ ഉപയോഗിച്ച് തുടങ്ങിയത് ഉടമകള്‍ക്ക് ഭാരിച്ച ചെലവ് വരുത്തിവെച്ചു. ശാരീരിക അധ്വാനത്തെ മാത്രം ആശ്രയിച്ചിരുന്ന മത്സ്യബന്ധനം മൂലധനത്തെ വലിയ തോതില്‍ ആശ്രയിച്ചു. വമ്പിച്ച മുതല്‍ മുടക്കും മനുഷ്യ പ്രയത്നവും ആവശ്യമുള്ള ഒന്നായി റിംഗ് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം മാറി. റിംഗ് വല യൂനിറ്റുകള്‍ വന്‍തോതില്‍ മത്സ്യം പിടിച്ചെടുത്തു. എന്നാല്‍ മത്സ്യോത്പാദനത്തില്‍ ഉണ്ടായ വര്‍ധന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്പെട്ടു എന്നു പറയാനാകില്ല.
റിംഗ് വലയുടെ വരവിനു ശേഷം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ധിച്ചു. മുമ്പ് വര്‍ഷത്തില്‍ 10 മാസം മത്സ്യബന്ധനം ഉണ്ടായിരുന്നത് 12 മാസവും ആയി. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിഗമനം.
ഒരു നിശ്ചിത വേതന നിരക്ക് അനുസരിച്ചല്ല മത്സ്യത്തൊഴിലാളികള്‍ പണിയെടുക്കുന്നത്. മൊത്ത വരുമാനത്തില്‍ നിന്ന് പ്രവര്‍ത്തനച്ചെലവ് കുറച്ച് കിട്ടുന്ന തുക നിശ്ചിത അനുപാതത്തില്‍ യൂനിറ്റ് ഉടമയും തൊഴിലാളികളും വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്.
മോട്ടോര്‍വത്കരണത്തിനു മുമ്പ് 20:80 എന്ന അനുപാതത്തിലായിരുന്നു ഉടമയും തൊഴിലാളികളും വരുമാനം പങ്കിട്ടത്. മോട്ടോര്‍വത്കരണത്തിനു ശേഷം ഈ അനുപാതം വിവിധ സ്ഥലങ്ങളില്‍ 30:70, 40:60 എന്നിങ്ങനെയായി മാറി. യഥാര്‍ഥത്തില്‍ റിംഗ് വലയുടെ വരവോടെ തൊഴിലാളികളുടെ വരുമാന വിഹിതം കുറയുകയാണുണ്ടായത്.
(തുടരും)