Uae
ഈ വർഷം ദുബൈയിൽ നാല് പുതിയ വിദ്യാലയങ്ങൾ

ദുബൈ | 2020-21 അധ്യയന വർഷത്തിൽ ദുബൈയിൽ നാല് പുതിയ സ്‌കൂളുകൾ ആരംഭിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) അറിയിച്ചു. 4,100 പുതിയ സീറ്റുകൾ സൃഷ്ടിക്കപ്പെടും. ഇന്ത്യൻ പാഠ്യ പദ്ധതി വിദ്യാലയങ്ങളും ഇക്കൂട്ടത്തിലുണ്ട്. ദുബൈയുടെ വിവിധ പ്രദേശങ്ങളിലാണ് വിദ്യാലയങ്ങൾ തുറക്കുകയെന്നു കെ എച്ച് ഡി എയുടെ പെർമിറ്റ്‌സ് ആന്റ് കംപ്ലയിൻസ് സെക്ടർ സി ഇ ഒ മുഹമ്മദ് ദർവീശ് പറഞ്ഞു: അബു ഹൈൽ, ദുബൈ സിലിക്കൺ ഒയാസിസ്, ജബൽ അലി, അൽ റാശിദിയ എന്നിവിടങ്ങളിലാണ് ഈ വർഷം ആരംഭിക്കുന്നത്.
“ആഗോള സമ്പദ്്് വ്യവസ്ഥയിൽ ഒരു പ്രധാന നഗരമായ ദുബൈ വിദ്യാഭ്യാസരംഗത്തെ തുടർച്ചയായ നവീകരണമാണ് സൃഷ്ടിക്കുന്നത്. പുതിയ വിദ്യാലയങ്ങൾ പുതിയ വിദ്യാഭ്യാസ മാതൃകകൾ കൊണ്ടുവരും. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ അടിസ്ഥാനമാക്കിയാണിത്. ഇന്ന് 300,000 വിദ്യാർത്ഥികളാണ് ദുബൈയിൽ ഉള്ളത്. എമിറേറ്റിൽ ആകെ 209 സ്വകാര്യ സ്‌കൂളുകളുണ്ട്. ഇത് എമിറേറ്റിന്റെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചാ ചലനാത്മകതയെ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൊത്തം 30 പുതിയ സ്‌കൂളുകൾ നിലവിൽ വന്നു. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം ദുബൈയെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. യുകെ, യു എസ് പാഠ്യ പദ്ധതികളും ഉണ്ടാകും. ദർവീശ് കൂട്ടിച്ചേർത്തു.