Articles
കീറിമുറിക്കുന്ന ആത്മഹത്യാ കവറേജുകള്‍

പല സാഹചര്യങ്ങളിലായി ആത്മഹത്യകള്‍ തുടര്‍ച്ചയായി നടന്ന ദിവസങ്ങളിലൊന്നാണ് ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മുംബൈയിലെ തന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയും വന്നത്. ഒരുപക്ഷേ, സമീപകാലത്ത് ഇന്ത്യന്‍ സിനിമാലോകം ഇത്രമേല്‍ ഞെട്ടലോടെ കേട്ട മറ്റൊരു വാര്‍ത്തയില്ല. വിഷാദത്തെക്കുറിച്ചും ഒറ്റപ്പെട്ടുപോകുന്ന ജീവിതങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടാണ് സുശാന്ത് സിംഗ് എന്ന പ്രതിഭ വിടവാങ്ങിയതെങ്കിലും ഈ ആത്മഹത്യയുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തെ പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ തീര്‍ത്തും നിരാശാജനകമായിരുന്നു. രാജ്യത്തെ ഹിന്ദി വാര്‍ത്താ ചാനലുകളുടെ ഏറ്റവും മോശം റിപ്പോര്‍ട്ടുകളിലൊന്നായി സുശാന്ത് സിംഗ് ആത്മഹത്യാ കവറേജ് ചരിത്രത്തില്‍ അടയാളപ്പെട്ടുകിടക്കും. അത്രമേല്‍ ദയനീയമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടിംഗും ചര്‍ച്ചകളും.
ഒരു സിനിമാതാരം ആത്മഹത്യ ചെയ്താല്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തനത്തെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള തരംതാഴ്ന്ന പെര്‍ഫോമന്‍സാണ് സുശാന്ത് സിംഗ് ആത്മഹത്യ കവര്‍ ചെയ്യുമ്പോള്‍ മിക്ക ഹിന്ദി ചാനലുകളും കാഴ്ചവെച്ചത്. ആത്മഹത്യ നടന്ന ജൂണ്‍ 14 മുതല്‍ ഇതെഴുതുന്ന നിമിഷം വരെ മരണപ്പെട്ട വ്യക്തിയെ അപമാനിക്കുന്ന രീതിയിലുള്ള സമീപനമാണ് വാര്‍ത്താ ചാനലുകളുടെ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞത്. ഇന്ത്യാ ടി വി ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത് തൂങ്ങിക്കിടക്കുന്ന സുശാന്ത് എന്ന് വിളിച്ചായിരുന്നു. ഒപ്പം തീര്‍ത്തും അപ്രധാനമായ ഡീറ്റെയ്‌ലിംഗും. അതിസാഹസികമായി തങ്ങളുടെ റിപ്പോര്‍ട്ടര്‍ നടന്റെ കഴുത്തില്‍ കണ്ടെത്തിയ കറുത്ത പാടും കൊലപാതക സാധ്യതകളും. ഈ സമയം ആജ് തക്, എ ബി പി ന്യൂസ് എന്നീ ചാനലുകള്‍ മരണപ്പെട്ട നടന്റെ ബന്ധുക്കളെ വിളിച്ച് വിചാരണ തുടങ്ങിയിരുന്നു. ഒരു മരണം ഒരിക്കലും എങ്ങനെ കവര്‍ ചെയ്യരുത് എന്ന തിരിച്ചറിവാണ് ഇത്തരം വാര്‍ത്താ ചാനലുകള്‍ മാധ്യമ ലോകത്തിന് നല്‍കുന്ന ഏറ്റവും ശ്രദ്ധേയമായ സന്ദേശം.
മരണം നടന്ന ഞായറാഴ്ച ഉച്ചമുതല്‍ മറ്റെല്ലാ പ്രധാനപ്പെട്ട വാര്‍ത്തകളും മാറ്റിവെച്ച് ആത്മഹത്യയുടെ വിശദാംശങ്ങള്‍ മാത്രമായിരുന്നു മിക്ക ചാനലുകളും സംപ്രേഷണം ചെയ്തത്. ടൈംസ് നൗ, റിപ്പബ്ലിക് ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളും ഒട്ടും പിന്നിലായിരുന്നില്ല. പാതിരാത്രിയിലും ആത്മഹത്യയുടെ പിന്നിലുള്ള സാധ്യമായ കാരണങ്ങളെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച അര്‍ധ സത്യങ്ങളും വസ്തുതകള്‍ ഒട്ടുമേയില്ലാത്ത കാര്യങ്ങളും ഇവര്‍ ഗവേഷണം ചെയ്തുകൊണ്ടേയിരുന്നു. മരിച്ച നടനെ അക്ഷരാര്‍ഥത്തില്‍ കീറിമുറിച്ചു. ഒരു ചെറിയ വിവരം പോലും ഹിന്ദി ചാനലുകളിലെ ബ്രേക്കിംഗ് ആയിരുന്നു. സീ ന്യൂസിലെ വാര്‍ത്താവതാരകരായ സച്ചിന്‍ അറോറയും അതിഥി ത്യാഗിയും പ്രൈംടൈം ചര്‍ച്ചക്കെത്തിയ പാനലിസ്റ്റുകളോട് ചോദിച്ച പ്രധാന ചോദ്യം, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ യഥാര്‍ഥ ജീവിതം സ്‌ക്രീനില്‍ അവതരിപ്പിച്ച സുശാന്ത് എങ്ങനെയാണ് തന്റെ യഥാര്‍ഥ ജീവിതം അവസാനിപ്പിച്ചത് എന്നാണ്. ഒരുപക്ഷേ, ഈ ചോദ്യത്തില്‍ അസ്വാഭാവികത പുറമേ കാണില്ലെങ്കിലും മരിച്ച ഒരു വ്യക്തിയെയും അയാളുടെ ബന്ധുക്കളെയും ഈ ചോദ്യം എത്രമേല്‍ കൊച്ചാക്കുന്നുവെന്ന് ചാനല്‍ ചര്‍ച്ച പൂര്‍ണമായി കാണുമ്പോള്‍ മനസ്സിലാകും. ആജ് തകിലെ ചിത്ര ത്രിപാഠി തന്റെ പാനലിലെ ചര്‍ച്ചയില്‍ ചോദിച്ചത് സുശാന്ത് സിംഗ് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതെങ്ങനെ എന്നാണ്. എത്രമേല്‍ ക്രൂരമായ പ്രയോഗമാണത്. ജീവിതത്തിന്റെ ഇന്നിംഗ്‌സില്‍ അദ്ദേഹം തോറ്റുപോയതിന്റെ കാരണങ്ങള്‍ ഓരോന്നായി കണ്ടെത്തുകയും ചെയ്യുന്നു പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുത്തവര്‍. ആജ് തക് അവിടെയും നിര്‍ത്തിയില്ല. നടനെ ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയ പുതിയ കാരണങ്ങള്‍ കണ്ടെത്താന്‍ ചാനല്‍ പ്രേക്ഷകര്‍ക്കും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അവസരം നല്‍കി. അപ്പോഴൊക്കെയും സുശാന്ത് ഇത്‌നേ അശാന്ത് കൈസെ (സുശാന്ത് ഇത്രയധികം അശാന്തനായതെങ്ങനെ) എന്ന ചോദ്യം ഭീകരമായ സംഗീത പശ്ചാത്തലത്തില്‍ ചോദിക്കാനും ചാനല്‍ മറന്നില്ല.
ആത്മഹത്യാ വാര്‍ത്ത പുറത്തുവന്നതിന് ശേഷം, സുശാന്ത് സിംഗിന്റെ പാട്‌നയിലുള്ള വീട്ടില്‍ ആദ്യമായെത്തുന്നത് ആജ് തക് ആണ്. പിതാവ് കെ കെ സിംഗിന്റെ പ്രതികരണത്തിനായി മൈക്കുമായി കിണഞ്ഞു ശ്രമിക്കുന്ന ആജ് തകിന്റെ റിപ്പോര്‍ട്ടറെ കാണുന്ന ആര്‍ക്കും ഒരടിവെച്ചുകൊടുക്കാനേ തോന്നൂ. മകന്റെ വിയോഗമറിഞ്ഞ് ദുഃഖഭാരത്താല്‍ വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന ആ പിതാവിന്റെ ക്ഷമ അപാരമാണ്. എത്രമേല്‍ ദയനീയമാണ് നമ്മുടെ മാധ്യമപ്രവര്‍ത്തനം? അല്‍പ്പം കൂടി കടന്നാണ് എ ബി പി ന്യൂസിന്റെ പ്രകടനം. സുശാന്ത് സിംഗിന്റെ പിതാവ് തലകറങ്ങിവീണ റൂമിനുള്ളില്‍ കയറി അവിടെയുള്ള സവിശേഷതകള്‍ വിവരിക്കുന്ന തിരക്കിലായിരുന്നു എ ബി പി റിപ്പോര്‍ട്ടര്‍. വീട്ടില്‍ തടിച്ചുകൂടിയ ബന്ധുക്കളില്‍ പലരുടെയും മുന്നില്‍ മൈക്കുമായി ചെന്നെങ്കിലും ആര്‍ക്കും പ്രതികരിക്കാന്‍ കഴിഞ്ഞില്ല. അത്രമേല്‍ അവര്‍ തളര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബൈറ്റെടുക്കാനുള്ള പ്രഹസനങ്ങള്‍ അരങ്ങേറിയത്. മുഴുവന്‍ ഹിന്ദി ചാനലുകളും നിരന്തരം എയര്‍ ചെയ്ത ചോദ്യം സുശാന്ത് എന്തിനിത് ചെയ്തു എന്നായിരുന്നു. പാട്‌നയിലെ സുശാന്ത് മുംബൈയിലെത്തി എന്തിന് ആത്മഹത്യ ചെയ്തു എന്നുവരെ സീ ന്യൂസ് ചോദിക്കുകയുണ്ടായി. സുശാന്ത് മരിച്ചുകിടക്കുന്ന സാങ്കല്‍പ്പിക ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് ന്യൂസ് നാഷന്‍ വാര്‍ത്ത നല്‍കിയത്. ഈ ചിത്രമാണ് പിന്നീട് വാട്‌സ് ആപ്പിലും ഇന്‍സ്റ്റഗ്രാമിലും വ്യാപകമായി പ്രചരിച്ചത്. അതും യഥാര്‍ഥ ചിത്രം എന്ന രീതിയില്‍. താമസിയാതെ ആത്മഹത്യാ ചിത്രങ്ങള്‍ എന്ന രീതിയില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്ന് മുംബൈ പോലീസ് ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സുശാന്തിന്റെ പ്രണയനൈരാശ്യം ഗവേഷണം ചെയ്യുകയായിരുന്നു മറ്റു ചില ചാനലുകള്‍.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെക്കുറിച്ച് മോശമായി വാര്‍ത്ത നല്‍കിയ ഇന്ത്യാ ടുഡേയുടെ നേതൃത്വത്തിലുള്ള ആജ് തക് ചാനലിനെതിരെ നിയമ നടപടിയുമായി ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകന്‍ മോഹിത് സിംഗ് മുന്നോട്ടുവന്നു എന്നതാണ് ഒടുവിലെ വാര്‍ത്ത. നടനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഇന്ത്യാ ടുഡേ ചെയര്‍മാനും എഡിറ്റര്‍ ഇന്‍ ചീഫുമായ അരുണ്‍ പുരിക്കാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഒരേ ആത്മഹത്യയെക്കുറിച്ചുള്ള തുടര്‍ച്ചയായ റിപ്പോര്‍ട്ടിംഗ് ഒഴിവാക്കുക, ആത്മഹത്യയുടെ ഭീകരത കുറക്കുന്ന വിധത്തിലുള്ള ഭാഷ ഉപയോഗിക്കുക, ആത്മഹത്യ ചെയ്ത രീതിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കാതിരിക്കുക, ആത്മഹത്യ നടന്ന ലൊക്കേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പരമാവധി ഒഴിവാക്കുക, മനുഷ്യത്വം ഉള്‍ക്കൊള്ളുന്ന തലക്കെട്ടുകള്‍ മാത്രം നല്‍കുക, മരിച്ച വ്യക്തിയുടെ ഫോട്ടോ, വീഡിയോ എന്നിവ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അവയില്‍ ചിലതാണ്. മറ്റാര്‍ക്കും കിട്ടാത്ത വാര്‍ത്ത തേടി മൈക്കുമായി ഓടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ നിര്‍ദേശങ്ങളൊക്കെ ശ്രദ്ധിക്കാന്‍ എവിടെ സമയം?
2018ല്‍ പ്രമുഖ നടി ശ്രീദേവി ദുബൈയില്‍ മരണപ്പെട്ടപ്പോള്‍ തെലുങ്ക് വാര്‍ത്താ ചാനലായ മഹാന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്ത അന്ന് അന്തര്‍ദേശീയ മാധ്യമ രംഗത്ത് വ്യാപകമായ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. ഏറെ അഭ്യൂഹങ്ങള്‍ക്കു ശേഷം, മദ്യലഹരിയില്‍ ബാത്ത്ടബ്ബില്‍ വീണാണ് നടി മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നെങ്കിലും മഹാന്യൂസ് ഹൈദരാബാദ് റിപ്പോര്‍ട്ടര്‍ മധുവിന് അത് കൃത്യമായി പ്രേക്ഷകരെ ബോധ്യപ്പെടുത്തണമെന്ന് ഒരേയൊരു നിര്‍ബന്ധം. അങ്ങനെ ഈ റിപ്പോര്‍ട്ടര്‍ ഒരു ബാത്ത്ടബ്ബില്‍ കയറിയിരുന്ന് ശ്രീദേവി എങ്ങനെയൊക്കെയായിരിക്കും മരണത്തിലേക്ക് കടന്നതെന്ന് വിശദമായി പരിശോധിച്ചുതുടങ്ങി. അത് വിശദീകരിച്ചുകൊണ്ട് ബാത്ത്ടബ്ബില്‍ കിടന്നും ഇരുന്നും റിപ്പോര്‍ട്ടിംഗ് ചെയ്തു. ഒരുപക്ഷേ, അതിനേക്കാള്‍ ഭീകരമായ അവഹേളനമാണ് സുശാന്ത് സിംഗ് രജ്പുതിന് നേരിടേണ്ടി വന്നത്. ഇനിയെങ്കിലും മരിച്ച വ്യക്തിയെ അവഹേളിക്കാതിരിക്കാനുള്ള പക്വത നമ്മുടെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചേ പറ്റൂ.