Covid19
കര്‍ണാടക നാളെ മാസ്‌ക് ദിനമായി ആചരിക്കും; വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ മാര്‍ച്ച്

ബംഗളൂരു | കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ മാസ്‌കും സാനിറ്റൈസറുകളും ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ കര്‍ണാടക നാളെ (ജൂണ്‍ 18) മാസ്‌ക് ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് ജന പ്രതിനിധികള്‍, വിശിഷ്ടാതിഥികള്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ പങ്കാളിത്തത്തോടെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്‌കര്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ, താലൂക്ക് ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടു.
വാര്‍ഡ്, പഞ്ചായത്ത്, താലൂക്ക്, ജില്ല തലങ്ങളില്‍ കൊവിഡ് ബോധവത്കരണ മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ ഒരിടത്തും 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിപാടിക്കെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
കര്‍ണാടകയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബിഎസ് യദിയൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമ ലംഘകര്‍ക്ക് എതിരെ ആദ്യഘട്ടത്തില്‍ 200 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.