International
കൊവിഡ് 19- ബെയ്‌ജിംഗിൽ 1200 വിമാന സർവീസുകൾ റദ്ദാക്കി; നഗരത്തിൽ ഗുരുതരമായ സാഹചര്യമെന്ന് അധികൃതർ

ബെയ്‌ജിംഗ്| കൊവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിംഗിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള 1200 വിമാന സർവീസുകൾ റദ്ദാക്കി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തുറന്ന സ്‌കൂളുകൾ വീണ്ടും അടക്കുകയും പൊതുഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ 31 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 137 ആയി.
ബെയ്‌ജിംഗിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള 1200 വിമാന സർവീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ഇത് ഇവിടെനിന്നുള്ള വിമാന സർവീസുകളുടെ 70 ശതമാനത്തോളം വരും. ബെയ്‌ജിംഗിൽ നിന്നുള്ള യാത്രക്കാരെ ചൈനയിലെ മറ്റ് പ്രവിശ്യകളിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. അങ്ങനെയുള്ളവരെ ക്വാറന്റീനിൽ പാർപ്പിക്കുകയാണ് അധികൃതർ.
ബെയ്‌ജിംഗിലെ ഭക്ഷണ മാർക്കറ്റുകളിൽ നിന്നാണ് വീണ്ടും വൈറസ് വ്യാപനം നടന്നതെന്നാണ് സൂചന. അതിനാൽ നഗരത്തിലെ 11 മാർക്കറ്റുകൾ അടച്ചു. നഗരത്തിലെ ഭക്ഷണ വിൽപനശാലകളെല്ലാം അണുവിമുക്തമാക്കി കൊണ്ടിരിക്കുകയാണ്. പുതുതായി 137 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്ക ഇവിടെയുണ്ട്. ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ജനങ്ങൾ തിങ്ങിപാർക്കുന്ന 30 ജനവാസ കേന്ദ്രങ്ങൾ ഇപ്പോഴും സമ്പൂർണ ലോക്ക് ഡൗണിൽ ആണ്. നഗരത്തിൽ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.