Connect with us

Malappuram

മലപ്പുറത്തിന് ഇന്ന് 51-ാം പിറന്നാൾ

Published

|

Last Updated

മലപ്പുറം | കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ ജില്ലക്ക് ഇന്ന് 51-ാം പിറന്നാൾ. 1969 ജൂൺ 16നാണ് മലപ്പുറം ജില്ല രൂപവത്കരിക്കുന്നത്. മങ്കട നിയോജക മണ്ഡലം എം എൽ എയായിരുന്ന പി അബ്ദുൽ മജീദാണ് മലപ്പുറം ജില്ല രൂപവത്കരിക്കണമെന്ന ആവശ്യവുമായി നിയമസഭയിൽ ശബ്ദമുയർത്തിയത്. ജില്ലക്ക് അനുമതി നൽകിയതാകട്ടെ മലപ്പുറം ജില്ലക്കാരനും മുഖ്യമന്ത്രിയുമായ ഇ എം എസ് നമ്പൂതിരിപ്പാടും. ഇതോടെ പാലക്കാടിനും കോഴിക്കോടിനുമിടയിൽ കുടുങ്ങിക്കിടന്ന ജില്ലക്ക് ശ്വാസം നേരെ വീണു. ഭരണസിരാകേന്ദ്രമായി മലപ്പുറം മുണ്ടുപറമ്പിൽ സ്ഥലം കണ്ടെത്തി കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു.

മഹാമാരിയെ നേരിടുന്നതിനിടെ ദേശീയതലത്തിൽ ജില്ലയെ മനഃപൂർവം അപമാനിക്കാൻ ചിലർ ശ്രമം നടത്തിയെങ്കിലും അതിനെയെല്ലാം ജില്ല തലയുർത്തിയാണ് നേരിട്ടത്. ഇതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കേസുമായി കോടതിയെയും സമീപിച്ച് കഴിഞ്ഞു. അധിക്ഷേപിച്ചവർക്കുള്ള മറുപടി നിയമത്തിന്റെ വഴിക്ക് ലഭിക്കും.

ഇന്നത്തെ സിവിൽ സ്റ്റേഷൻ നിൽക്കുന്ന കെട്ടിടത്തിൽ അന്ന് കരസേനയുടെ ക്യാമ്പ് പ്രവർത്തിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി കെ ഭാസ്‌കരൻ നായർക്കായിരുന്നു കലക്ടറുടെ ചുമതല. അദ്ദേഹത്തിന് കീഴിൽ 12 പേരെ നിയമിച്ചു. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കെ കെ മുഹമ്മദായിരുന്നു ആദ്യത്തെ ശിരസ്തദാർ. കരസേനയുടെ ക്യാമ്പ് മലപ്പുറത്ത് നിന്ന് മാറ്റിയതോടെ മുണ്ടുപറമ്പിൽ നിന്ന് സിവിൽ സ്റ്റേഷൻ കുന്നുമ്മലിലെത്തി. ഇന്നത്തെ കോട്ടപ്പടി താലൂക്ക് ആശുപത്രി നിലകൊള്ളുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം ഗവ. കോളജ് മുണ്ടുപറമ്പിലേക്കും മാറ്റി. കേരളത്തിൽ കൂടുതൽ നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളുള്ള ജില്ല കൂടിയാണ് മലപ്പുറം.

ജനസാന്ദ്രതയിലും സ്‌കൂൾ വിദ്യാർഥികളുടെ എണ്ണത്തിലും മറ്റ് ജില്ലകളേക്കാൾ കൂടുതലാണ്. ജില്ലയുടെ സാമ്പത്തിക കുതിപ്പുകൾക്ക് ആക്കം കൂടിയത് പ്രവാസികളുടെ കരുത്തിലാണ്. ഇത് സമഗ്രമേഖലയിലും ജില്ലക്ക് കുതിപ്പേകി. വിദ്യാഭ്യാസരംഗത്ത് ജില്ല വലിയ മുന്നേറ്റമാണ് ഓരോ വർഷങ്ങളിലും നടത്തിവരുന്നത്. കലാകായിക മേഖലയിലും ഈ കുതിപ്പ് തുടരുകയാണ്.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വന്ന പ്രളയം സൃഷ്ടിച്ച പ്രയാസങ്ങൾ മാറുന്നതിനിടെ കൊവിഡ് കൂടി വന്നതോടെ അതിനെ തരണം ചെയ്യാനുള്ള പ്രവർത്തനത്തിലാണ്. ജില്ലയിലെ ആരോഗ്യ പ്രവർത്തകരും ഭരണകൂടവും പോലീസും ജനങ്ങളും ഒറ്റക്കെട്ടായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.