Connect with us

International

മദ്യലഹരിയിൽ യുവതി ജനൽച്ചില്ലുകൾ തകർത്തു; വിമാനം അടിയന്തരമായി നിലത്തിറക്കി

Published

|

Last Updated

ബീജിംഗ്| മദ്യലഹരിയിൽ യാത്രിക ജനൽ ചില്ലുകൾ തകർത്തതിനെ തുടർന്ന് ചൈനയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി. ലുംഗ് എയർലൈൻസിൽ കഴിഞ്ഞ മാസം നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. പ്രണയബന്ധം തകർന്നതിനാൽ മാനസിക സംഘർഷത്തിലായിരുന്ന 29 കാരിയായ ലീ ആണ് മദ്യലഹരിയിൽ ബോധമില്ലാതെ ജനൽച്ചില്ല് അടിച്ച് തകർത്തത്.

വെയ്‌ബോ പോലുള്ള ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ സംഭവത്തിന്‌റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലീ തന്റെ സീറ്റിൽ ഇരുന്ന് കരയുന്നതും ജനലിന്റെ ഗ്ലാസിൽ അടിക്കുന്നതും വീഡിയോയിൽ കാണാം. വിമാന ജീവനക്കാരും മറ്റ് യാത്രികരും യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് യുവതി വിമാനത്തിന്‌റെ ജനൽച്ചില്ല് അടിച്ച് തകർത്തത്. തുടർന്ന് സൈനിംഗിൽ നിന്ന് കിഴക്കൻ ചൈനയിലെ തീരദേശനഗരമായ യാഞ്ചെംഗിലേക്ക് പുറപ്പെട്ട വിമാനം ഹെനാൻ പ്രവിശ്യയിലെ ഷെംഗ്ഷൗവിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

യുവതി ചൈനീസ് മദ്യമായ ബൈജീയു കഴിച്ച ശേഷമാണ് വിമാനത്തിൽ കയറിയതെന്ന് ഷെംഗ്ഷൗ പോലീസ് പറഞ്ഞു. യുവതിയെ കസ്റ്റഡിയിലെടുക്കുകയും പിഴ ശിക്ഷ ചുമത്തുകയും ചെയ്തിട്ടുണ്ട്.

Latest