21ാം നൂറ്റാണ്ടിന്‌റെ അവസാനത്തോടെ രാജ്യത്തെ താപനില കൂടുതൽ ഉയരും

Posted on: June 15, 2020 4:25 pm | Last updated: June 15, 2020 at 4:29 pm

ന്യൂഡൽഹി| 21ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. അതേസമയം, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപതരംഗങ്ങളുടെ തീവ്രത 3-4 മടങ്ങ് വർധിക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ടിൽ പറയുന്നു. 1901 – 2018 കാലയളവിൽ ഇന്ത്യയുടെ ശരാശരി താപനില 0.7 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു.ഇതിന് പ്രധാനകാരണം ഹരിതഗൃഹ വാതകങ്ങൾ മൂലമുണ്ടായ താപനം മൂലമാണെന്നാണ് ഭൂമിശാസ്ത്ര മന്ത്രാലയത്തിന്‌റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പുണെയിലെ മോയ്‌സ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിക്ക് കീഴിലുള്ള സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ട് ശാസ്ത്ര സാങ്കേതിക മന്ത്രി ഹർഷ് വർധൻ നാളെ പ്രസിദ്ധീകരിക്കും.

ഇന്ത്യയിലെ ശരാശരി താപനില ഏകദേശം 4.4 ഡിഗ്രി സെൽഷ്യസ് ഉയരും. 1986 നും 2015 നും ഇടയിലുള്ള 30 വർഷ കാലയളവിൽ, ഏറ്റവും ചൂടുള്ള ദിവസത്തിലെ താപനിലയും വർഷത്തിലെ ഏറ്റവും തണുപ്പുള്ള രാത്രിയും യഥാക്രമം 0.63 ഡിഗ്രി സെൽഷ്യസും 0.4 ഡിഗ്രി സെൽഷ്യസും ഉയർന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഏറ്റവും ചൂടുള്ള ദിവസത്തിന്റെയും തണുപ്പുള്ള രാത്രിയുടെയും താപനില യഥാക്രമം 4.7 ഡിഗ്രി സെൽഷ്യസും 5.5 ഡിഗ്രി സെൽഷ്യസും ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉഷ്ണപകലുകളും രാത്രികളും ഉണ്ടാകുന്നതിന്‌റെ ആവൃത്തി 55 ശതമാനം മുതൽ 70 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേനൽക്കാലത്ത് (ഏപ്രിൽ-ജൂൺ) ഇന്ത്യയിൽ ചൂട് തരംഗങ്ങൾ മൂന്ന് മുതൽ നാല് മടങ്ങ് വരെ കൂടും. ചൂട് തരംഗ സംഭവങ്ങളുടെ ശരാശരി ദൈർഘ്യവും ഏകദേശം ഇരട്ടിയാകും. ഇന്ത്യയിലുടനീളം ഉപരിതല താപനിലയും ഈർപ്പവും കൂടിച്ചേർന്ന് കനത്ത ചൂട് അനുഭവപ്പെടും.

സമുദ്രനിരപ്പ് 1986-2005 കാലഘട്ടത്തിലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 300 മില്ലിമീറ്റർ ഉയരും. ഇന്ത്യയിൽ കാലവർഷം (ജൂൺ മുതൽ സെപ്തംബർ വരെ) 1951 മുതൽ 2015 വരെ ആറ് ശതമാനം കുറഞ്ഞു. ഇന്തോ-ഗംഗാ സമതലങ്ങളിലും പശ്ചിമഘട്ടത്തിലും ഇതിൽ ശ്രദ്ധേയമായ കുറവുണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.