Covid19
പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം തീരുമാനമെന്ന് മന്ത്രി ശൈലജ

തിരുവനന്തപുരം | പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതില്‍ പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാത്രം തീരുമാനമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ഇതര രാജ്യങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ കൊവിഡ് പരിശോധനക്ക് വിധേയരായ ശേഷം വരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് അവരുടെ തന്നെ സുരക്ഷ മുന്‍നിര്‍ത്തിയാണ്. കൊവിഡ് പോസിറ്റീവ് ആയ ആളുകളില്‍ നിന്ന് സഹയാത്രികരിലേക്ക് രോഗം പകരുന്നത് തടയാനാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
ചൊവ്വാഴ്ച പ്രധാന മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ശൈലജ പറഞ്ഞു. പുറത്തു നിന്ന് ധാരാളം പേര്‍ സംസ്ഥാനത്ത് എത്തുകയും കൊവിഡ് കേസുകളുടെ എണ്ണം കൂടുകയും ചെയ്‌തെങ്കിലും സാമൂഹിക വ്യാപനം തടഞ്ഞുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഹോ ക്വാറന്റൈന്‍ അടക്കമുള്ള ചിട്ടയായ നടപടികളിലൂടെയാണ് അത് സാധിച്ചത്. മറ്റു രാജ്യങ്ങളിലെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 10 ശതമാനത്തിനു മാത്രമാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിട്ടുള്ളത്. അത് അഞ്ച് ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു. അതിന് കൂട്ടായ പ്രവര്‍ത്തനം വേണം. അതേസമയം, 30 ശതമാനത്തില്‍ കവിഞ്ഞാല്‍ സ്ഥിതി കൈവിട്ടുപോകും. നിലവില്‍ അത്തരമൊരു സാഹചര്യമില്ല എന്നതാണ് ആശ്വാസകരമെന്നും മന്ത്രി പറഞ്ഞു.