Kannur
ആശ്വാസത്തിന്റെ ചിറകിലേറി അവർ നാടണഞ്ഞു

മട്ടന്നൂർ | കുവൈത്തിൽ നിന്ന് 180 യാത്രക്കാരെയും വഹിച്ചുള്ള ഐ സി എഫ് ചാർട്ടേർഡ് വിമാനം കണ്ണൂരിലെത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം 6.45 ഓടെയാണ് കണ്ണൂരിൽ പറന്നിറങ്ങിയത്.
എട്ട് ഗർഭിണികൾ ഉൾപ്പെടെ 36 വനിതകൾ, 13 കുട്ടികൾ, 23 രോഗികൾ എന്നിവർക്കു പുറമേ തൊഴിൽ വിസ ക്യാൻസൽ ചെയ്ത് നാടു പിടിക്കാൻ കാത്തു നിന്നിരുന്നവർ, സന്ദർശക വിസയുടെ കാലാവധി തീർന്നവർ എന്നിവരാണ് ഐ സി എഫിന്റെ ചിറകിലേറി നാടണഞ്ഞത്. യാത്രക്കാര്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലക്കാരാണ്.
കൊറോണ വൈറസ് വിതച്ച ഭീതിയുടെ പശ്ചാത്തലത്തിൽ ഒരു സംഘടനയുടെ ആഭിമുഖ്യത്തിൽ ഫ്ലൈറ്റ് മുഴുവനായി ചാർട്ടർ ചെയ്തു കൊണ്ട് കുവൈത്തിൽ നിന്ന് പുറപ്പെടുന്ന ആദ്യത്തെ സംരംഭമാണിത്. നേരത്തെ ഐ സി എഫ് നേതൃത്വത്തില്‍ മസ്‌കത്തില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനം കരിപ്പൂരിലെത്തിയിരുന്നു.
ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നതിന് ഗവർൺമെന്റ് തലത്തിൽ അനുമതി ലഭിച്ച ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി കുവൈത്ത് ഐ സി എഫ് രംഗത്തിറങ്ങിയിരുന്നു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നൂറു കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകരുടെ ബാഹുല്യം മൂലം രണ്ടാം ഘട്ടം വിമാനം ചാർട്ടർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.