Gulf
രോഗബാധിതർ കുറയുന്നു; ദുബൈയിൽ 1,217 പേർക്ക് കൂടി രോഗം ഭേദമായി

ദുബൈ | യു എ ഇയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു. 1217 പേരാണ് ഇന്നലെ മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടത്. പുതുതായി 45,000 പേർക്ക് പരിശോധന നടത്തിയപ്പോൾ 479 രോഗബാധിതരെ മാത്രമേ കണ്ടെത്തിയുള്ളൂ. മരിച്ചത് രണ്ടു പേർ. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 15,466 പേരാണ്. മെയ് 30ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. ഇന്നലെ രോഗം ഭേദമായവരുടെ അനുപാതത്തിൽ യുഎഇയിൽ രോഗമുക്തിനേടുന്നവരുടെ ശതമാനം 61.6 ആണ്.
യു എ ഇ ഭരണകൂടം കൊവിഡ് പ്രതിരോധത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം കാണുന്നുവെന്നാണ് ഇതിനർഥമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. നൂതനമായ മെഡിക്കൽ ടെസ്റ്റിംഗ് രീതികൾ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് പരിശോധനയുടെ എണ്ണത്തിൽ വലിയ വർധനവും വരുത്തിയിരുന്നു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുക, ആവശ്യമായ ചികിത്സ നടപ്പാക്കുക എന്നീ ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി ടെസ്റ്റുകളുടെ വ്യാപ്തി വർധിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
ഒരു മാസത്തിനിടക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണമാണ് ഇന്നത്തേത് 462. ഇതിന് മുൻപ് 500 ൽ താഴെ രോഗികളുണ്ടായിരുന്നത് മെയ് അഞ്ചിനാണ്. ഏറ്റവും കൂടുതൽ രോഗികൾ മെയ് 22നായിരുന്നു 994. മൂന്നാഴ്ചക്കുള്ളിൽ നേർപകുതിയുമായി. രോഗബാധിതരെല്ലാം എത്രയും വേഗം സുഖപ്പെടാൻ ആരോഗ്യ മന്ത്രാലയം ആശംസിച്ചു.
രോഗലക്ഷണം കണ്ടാൽ സുരക്ഷാ മുൻകരുതലുകളെടുക്കണമെന്നും ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണമെന്നും നിർദേശിച്ചു. സുരക്ഷാ മുൻകരുതൽ നിബന്ധനകൾ പാലിക്കുന്നതിനാലും മതിയായ ചികിത്സ ലഭിക്കുന്നതിനാലും നിലവിൽ ലോകത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായും വ്യക്തമാക്കി.
രാത്രികാല അണുനശീകരണ യജ്ഞം അടക്കം യു എ ഇയിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇത് ജനങ്ങൾ കർശനമായി പാലിക്കുന്നുമുണ്ട്. നിയമലംഘകർക്കെതിരെ കനത്ത പിഴയാണ് ചുമത്തുന്നത്. ഇതിന്റെയെല്ലാം ഫലമാണ് കൊവിഡ് യു എ ഇയിൽ കുറയാൻ കാരണം.
എല്ലാവരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നതിനുള്ള പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.