Connect with us

Gulf

കൊവിഡ് 19 മൊബൈൽ പരിശോധനാകേന്ദ്രങ്ങൾ അൽ ഐനിൽ

Published

|

Last Updated

അൽ ഐൻ | കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ളവർക്ക് പരിശോധനകൾ നടത്തുന്നതിന് സഹായകമാകുന്ന രണ്ട് മൊബൈൽ കൊവിഡ് 19 പരിശോധനാകേന്ദ്രങ്ങൾ അൽ ഐനിൽ ആരംഭിച്ചതായി തവാം ഹോസ്പിറ്റൽ അറിയിച്ചു. അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (സിഹ) കീഴിലാണ് അൽ ഐൻ തവാം ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള സിഹയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതിനാണ് പുതിയ രണ്ട് മൊബൈൽ സ്‌ക്രീനിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളതെന്ന് തവാം ഹോസ്പിറ്റൽ ഓപ്പറേഷൻസ് ഡയറക്ടർ യൂസഫ് അൽ കത്ബി വ്യക്തമാക്കി.

ഇതിൽ ആദ്യത്തെ ക്ലിനിക്ക് അൽ ജീമി മാളിന് എതിർവശത്തായാണ് പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. രണ്ടാമത്തേത് അൽ ഐനിലെ ഹീലി വ്യവസായ കേന്ദ്രത്തിലാണ്. അൽ ജീമി മാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രത്തിൽ ആഴ്ചയിൽ ഏഴു ദിവസവും ഉച്ചക്ക് 12 മുതൽ വൈകീട്ട് ഏഴുവരെ പരിശോധനകൾ നടത്താവുന്നതാണെന്ന് അൽ കത്ബി അറിയിച്ചു. ഹീലി വ്യവസായ സോണിലെ പരിശോധനാ കേന്ദ്രം ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ പ്രവർത്തിക്കുന്നതാണ്.

പുതുതായി ആരംഭിച്ച രണ്ട് കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തുന്നതിനായി 10 ഡോക്ടർമാരുൾപെടെയുള്ള ആരോഗ്യ പ്രവർത്തകർ സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനകൾക്ക് വരുന്നവർക്ക് തെർമൽ സ്‌ക്രീനിംഗ് നടത്തിയ ശേഷം രോഗലക്ഷണങ്ങളുണ്ടോ എന്നറിയുന്നതിനുള്ള ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കുമെന്നും, തുടർന്ന് ഇവരിൽ നിന്ന് കൊവിഡ് -19 ടെസ്റ്റിംഗിനായി സ്രവം സ്വീകരിക്കുമെന്നും അൽ കത്ബി വ്യക്തമാക്കി. 48 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest