Connect with us

Articles

കുറ്റപത്രമല്ല; മുഴുനീള നുണകള്‍

Published

|

Last Updated

ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ അധ്യായമാണ് ഡല്‍ഹി കലാപത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നാം വീക്ഷിക്കുന്നത്. ഡല്‍ഹി കലാപത്തിന്റെ കുറ്റപത്രം ഏകപക്ഷീയവും വസ്തുതാവിരുദ്ധവും ആകുന്നത് നമ്മെ തെല്ലും ആശ്ചര്യപ്പെടുത്തുന്നില്ല എന്നതാണ് നേര്. അല്ലെങ്കിലും കലാപം ഉണ്ടാകാനോ അത് വ്യാപിക്കാനോ കാരണക്കാരായ ഡല്‍ഹി പോലീസ് എങ്ങനെയാണ് അതേ കലാപത്തെ കുറിച്ച് അന്വേഷിക്കുന്നത്?

ഈ പതിറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും കുത്തഴിഞ്ഞ പോലീസ് സംവിധാനവും ക്രമക്കേടും ഡല്‍ഹി പോലീസിന്റേതാണ്. ലോകത്താകമാനം ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയ വര്‍ഷമായിരുന്നു 2019. എന്നാല്‍ മറ്റെവിടെയും കാണാത്ത പോലീസ് വാഴ്ചയും ഭീകരതയും ഡല്‍ഹി പോലീസിന്റെയും ഉത്തര്‍ പ്രദേശ് പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഉത്തര്‍ പ്രദേശ് പോലീസിനും ഡല്‍ഹി പോലീസിനും എതിരായി ഉയരുന്ന പരാതികളെയും ആരോപണങ്ങളെയും കണ്ടില്ലെന്ന് വെക്കുന്ന സര്‍ക്കാറുകള്‍ നേരത്തേ കണക്കുകൂട്ടി പറഞ്ഞുറപ്പിച്ച വംശഹത്യാ പദ്ധതി നടപ്പാക്കുകയാണ് എന്ന് മനസ്സിലാക്കണം.

സി എ എ വിരുദ്ധ പ്രക്ഷോഭകാരികളുടെ ഗൂഢാലോചനയാണ് ഡല്‍ഹി കലാപം എന്ന ഉപസംഹാരമാണ് കുറ്റപത്രത്തിലുള്ളത്. ഇത് അന്വേഷണത്തിന് മുന്പേ പോലീസ് ഉറപ്പിച്ചതുമാണ്. കലാപം ഉണ്ടായ സാഹചര്യം, കലാപം വ്യാപിച്ച വഴികള്‍ തുടങ്ങി എല്ലാ വിഷയത്തിലും പോലീസിന് സംഘ്പരിവാര്‍ ഭാഷയാണ്. കലാപം നടക്കുമ്പോള്‍ മുതല്‍ ഓണ്‍ലൈനില്‍ സംഘ്പരിവാര്‍ വെബ്സൈറ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്ന മുഴുനുണകളോ അര്‍ധസത്യങ്ങളോ ആണ് കുറ്റപത്രം നിറയെ. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുതല്‍ കോണ്‍ഗ്രസ്, സി പി എം, മുസ്‌ലിം ലീഗ് എന്നീ പ്രതിപക്ഷ കക്ഷികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും വരെ ആഭിമുഖ്യത്തില്‍ നടന്ന വസ്തുതാന്വേഷണത്തിലെ കണ്ടെത്തലുകളെയും നിരീക്ഷണങ്ങളെയും പാടെ അവഗണിച്ചു. പകരം വ്യാജവാര്‍ത്ത നിര്‍മിക്കാന്‍ വേണ്ടി മാത്രമെന്നോണം ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ വെബ്സൈറ്റുകളെ ഡല്‍ഹി പോലീസ് മുഖവിലക്കെടുത്തു. കലാപത്തിന്റെ ഉത്തരവാദികള്‍ സി എ എ വിരുദ്ധ സമരക്കാരാണെന്നും അവരുടെ ഭാഗത്തു നിന്നാണ് അക്രമങ്ങള്‍ ഉണ്ടായതെന്നും രാഷ്ട്രത്തിന് അപകീര്‍ത്തി വരുത്താനുള്ള അവരുടെ ഗൂഢാലോചനയാണ് എല്ലാത്തിന്റെയും ആധാരമെന്നുമുള്ള കാര്യങ്ങളിലാണ് ഡല്‍ഹി പോലീസിന്റെ അന്വേഷണ നാടകം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സി എ എ വിരുദ്ധ സമരക്കാര്‍ അക്രമകാരികളും സി എ എ അനുകൂലികള്‍ പ്രതിരോധിച്ചവരും ആണത്രെ. 2019 ഡിസംബര്‍ 10ന് തുടങ്ങിയ സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളൊഴികെ എവിടെയും സമരക്കാര്‍ അക്രമത്തിന് മുതിര്‍ന്നിട്ടില്ല. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും കര്‍ണാടകയിലും തുടങ്ങി എല്ലായിടത്തും പോലീസ് സേനയുടെ പ്രകോപനങ്ങളിലും ആക്രമണങ്ങളിലും ഉണ്ടായ നേരിയ സംഘര്‍ഷങ്ങളാണ് ആകെയുള്ളത്. ഉത്തര്‍പ്രദേശില്‍ പോലീസ് വെടിവെച്ചുകൊന്നു എന്ന് പറയുന്ന മുഴുവന്‍ സമരക്കാരും സമാധാനപരമായി സമരം ചെയ്തവരും പോലീസിന്റെ ഏകപക്ഷീയമായ ആക്രമണത്തിനിരയായവരുമാണ്.
ഡല്‍ഹിയിലേക്ക് തന്നെ വന്നാല്‍, കലാപത്തിന് മുമ്പ് ഡല്‍ഹിയില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ ഒന്ന്, ഡിസംബര്‍ 13ന് ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളുടെ പാര്‍ലിമെന്റ് മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമമാണ്. ഒന്നുരണ്ട് മണിക്കൂറിനുള്ളില്‍ അറുപതിലധികം കണ്ണീര്‍ വാതകങ്ങള്‍ പൊട്ടിച്ചും ലാത്തിച്ചാര്‍ജ് നടത്തിയും കല്ലെറിഞ്ഞും പോലീസ് നടത്തിയ ഏകപക്ഷീയമായ ആക്രമണമാണ് അത്. അന്ന് പരീക്ഷാ ഹാളിനടുത്തേക്ക് വരെ പോലീസ് കണ്ണീര്‍ വാതകം തൊടുത്തിരുന്നു. രണ്ട്, ന്യൂ ഫ്രണ്‍സ് കോളനി പരിസരത്ത് ഉണ്ടായ സംഘര്‍ഷം. അത് തന്നെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചും ലാത്തി വീശിയും ആക്രമണം തുടങ്ങി എന്നാണ് പറയപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അന്ന് പോലീസ് സേനയുടെ ഭാഗത്ത് നിന്ന് കൈയേറ്റം ഉണ്ടായിരുന്നു. അന്നേ ദിവസം രാത്രി ജാമിഅ മില്ലിയ്യ സര്‍വകലാശാലയുടെ ക്യാമ്പസില്‍ പോലീസ് നടത്തിയ തേര്‍വാഴ്ചയാണ് മൂന്നാമത്തേത്. തികച്ചും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സര്‍വകലാശാലക്കുണ്ടായി.

മാസങ്ങളോളം ലൈബ്രറിയും വായനാ മുറികളും അടച്ചിടേണ്ട വിധം എല്ലാം പോലീസ് തകര്‍ത്തു. കണ്ണ് നഷ്ടമായവര്‍, ഇരു കൈകളും കാലുകളും ഒടിഞ്ഞവര്‍ എന്നിങ്ങനെ ആക്രമണത്തിന്റെ ഊക്ക് ഭീകരമായിരുന്നു. മറ്റൊന്ന് സീലംപൂരില്‍ പോലീസ് നടത്തിയ അക്രമ സംഭവങ്ങളാണ്. ഡല്‍ഹി ജമാ മസ്ജിദില്‍ സമരം ആരംഭിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പോലീസ് നടത്തിയ ക്രൂരമായ കടന്നുകയറ്റം കൂടിയായിരുന്നു അത്. ചന്ദ്രശേഖര്‍ കീഴടങ്ങുക അല്ലെങ്കില്‍ പോലീസ് അതിക്രമം തുടരും എന്നതായിരുന്നു സ്ഥിതി. ഈ സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എഴുപതിലധികം ദിവസം സമാധാനപരമായി മാത്രമാണ് ജാമിഅയിലും ശഹീന്‍ ബാഗിലും സീലംപൂരിലും ഖുറേജിലും എല്ലാം പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടത്. സി എ എ വിരുദ്ധ സമരങ്ങളുടെ ലക്ഷ്യം അക്രമം ആയിരുന്നെങ്കില്‍ 70 ദിവസത്തെ സമരത്തിന്റെ ആവശ്യം എന്തായിരുന്നു?

ഫെബ്രുവരി 22ന് ജാഫറാബാദ് മെട്രോ സ്റ്റേഷന് താഴെയുള്ള റോഡ് ഉപരോധിച്ചതാണ് കലാപകാരികളെ ഏറ്റവും ഒടുവില്‍ പ്രകോപിപ്പിച്ചത് എന്നതാണ് സത്യം. ശഹീന്‍ ബാഗ് മോഡല്‍ സമരമായിരുന്നു ജാഫറാബാദിലും സംഘടിപ്പിക്കപ്പെട്ടത്. സര്‍ക്കാറോ സുപ്രീം കോടതിയോ സമരക്കാരെ കേള്‍ക്കണമെന്നായിരുന്നു ആവശ്യം. ഡിസംബറില്‍ സീലംപൂരിലുണ്ടായ പോലീസ് വേട്ടയുടെ ശേഷം സീലംപൂരിലെ റോഡിന്റെ ഒരു വശത്ത് ആരംഭിച്ച സമരം ജാഫറാബാദിലെ റോഡ് ഉപരോധത്തിലേക്ക് മാറുന്നത് ശഹീന്‍ ബാഗ് സമരക്കാരുമായി സുപ്രീം കോടതി പ്രതിനിധികള്‍ ചര്‍ച്ച ആരംഭിച്ചതോടെയാണ്. സമരം സര്‍ക്കാറോ നീതിപീഠമോ പരിഗണിക്കണമെങ്കില്‍ ചക്കാ ഷമമാ (റോഡ് ഉപരോധം) അനിവാര്യമാണെന്ന് സമരക്കാര്‍ കരുതിയിരുന്നു. എന്നാല്‍ കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23ന് ജാഫറാബാദിനടുത്തുള്ള മൗജ്പൂരില്‍ ഒരുമിച്ചുകൂടിയ ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമത്തിന് ആഹ്വാനം നടത്തി. പോലീസ് സമരക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ അവര്‍ തന്നെ അത് ചെയ്യുമെന്ന് കപില്‍ മിശ്ര പ്രഖ്യാപിക്കുമ്പോള്‍ ഡല്‍ഹി പോലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ കപില്‍ മിശ്രയുടെ തൊട്ടടുത്ത് നിന്നിരുന്നു. ഈ പ്രസംഗം കുറ്റപത്രത്തില്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ തിരിമറികളിലൊന്ന്. കലാപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ വിദ്വേഷ പ്രസംഗമായിരുന്നു. എന്നാല്‍ ഒരു എഫ് ഐ ആര്‍ പോലും കപില്‍ മിശ്രക്കെതിരെ പോലീസ് ഫയല്‍ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച ഡല്‍ഹി കോടതിയുടെ നിര്‍ദേശവും പോലീസ് അവഗണിച്ചു. കപില്‍ മിശ്രയുടേത് വിദ്വേഷ പ്രസംഗമാണെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സ്ഥിരീകരണം വന്നത് കഴിഞ്ഞ ദിവസമാണ് എന്നത് കൂട്ടി വായിക്കണം.

ഇതാണ് ഏറ്റവും യോജിച്ച സമയമെന്നും ഈ അവസരം പാഴാക്കിയാല്‍ ഇനിയൊന്ന് ഇതുപോലെ ഉണ്ടാകില്ലെന്നും ആ യോഗത്തില്‍ സി എ എ അനുകൂലികള്‍ എന്ന് പറയുന്ന സംഘം പരസ്യമായി പറഞ്ഞു. അന്ന് രാത്രി ജാഫറാബാദിനും മൗജ്പൂരിനും ഇടയില്‍ സി എ എ അനുകൂലികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ട്രാക്ടറുകളില്‍ കല്ലുകള്‍ ഇറക്കി സമരക്കാര്‍ക്ക് നേരെ എറിയാന്‍ തുടങ്ങി. അതുവഴി വന്ന വാഹനങ്ങള്‍ അക്രമിച്ചു. യാത്രക്കാരെ കൈയേറ്റം ചെയ്തു. പിറ്റേന്ന് ഉച്ചയോടെ മൗജ്പൂരില്‍ സി എ എ അനുകൂലികള്‍ ട്രക്കുകള്‍ കത്തിച്ചും പെട്രോള്‍ പമ്പ് അഗ്‌നിക്കിരയാക്കിയും അക്രമം തുടര്‍ന്നു. ഷാരൂഖ് പത്താന്‍ എന്ന ഒരു ചെറുപ്പക്കാരന്‍ തോക്ക് ചൂണ്ടുന്നതുവരെ പോലീസ് നിഷ്‌ക്രിയരായി നിന്നു. ഷാരൂഖിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും കലാപം അടക്കമുള്ള കുറ്റം ചുമത്തുകയും ചെയ്തു. പോലീസ് വീണ്ടും നാടകം തുടര്‍ന്നു.

അക്രമകാരികള്‍ക്കൊപ്പം ചേര്‍ന്ന് പോലീസ് കടകള്‍ നശിപ്പിച്ചും കല്ലെറിഞ്ഞും പരിക്കുപറ്റിയവരെ ആശുപത്രികളില്‍ നിന്ന് അറസ്റ്റ് ചെയ്തും കലാപത്തെ അതിന്റെ വഴിക്കു വിട്ടു. ആക്രമണങ്ങളുടെ ഘട്ടം കഴിഞ്ഞ് പ്രതിരോധങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും ഘട്ടത്തിലാണ് പോലീസ് രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അപ്പോഴും പോലീസ് പക്ഷം പിടിച്ചു. പോലീസിന്റെ മാധ്യമ വക്താക്കള്‍ നുണകള്‍ പറഞ്ഞുകൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് രക്ഷ യാചിച്ചുകൊണ്ടുള്ള ഇരകളുടെ ഫോണ്‍ വിളികള്‍ അവഗണിച്ചു. ആയുധ ധാരികളായ കലാപകാരികള്‍ക്ക് പോലീസ് കാവല്‍ നിന്നു. സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ ശ്രമിച്ചവരെ തിരിച്ചയച്ചു. നിര്‍ബന്ധം പിടിച്ചവര്‍ക്ക് വേണ്ടി എഫ് ഐ ആര്‍ തയ്യാറാക്കുമ്പോള്‍ നാലും അഞ്ചും വ്യത്യസ്ത സംഭവങ്ങള്‍ വരെ ഒരേ എഫ് ഐ ആര്‍ നമ്പറിലെഴുതി പോലീസ് ഒരു ക്രിമിനല്‍ കുറ്റത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ക്രമക്കേട് കാണിച്ചു. അക്രമ സംഭവങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ നിരോധനാജ്ഞയോ കര്‍ഫ്യൂവോ പ്രഖ്യാപിക്കണമെന്ന ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശത്തെ കെജ്്രിവാള്‍ അവഗണിച്ചതോടെ കലാപത്തിന്റെ കറ കേന്ദ്ര സര്‍ക്കാറില്‍ ഒതുങ്ങാതെ വന്നു.

എന്നാല്‍ എല്ലാം തലതിരിച്ചാണ് പോലീസ് കുറ്റപത്രത്തില്‍ എഴുതിയത്. കലാപത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന് വ്യക്തമാക്കുന്ന എല്ലാ വിവരങ്ങളും പോലീസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. കലാപകാരികള്‍ സി സി ടി വി ക്യാമറകള്‍ നശിപ്പിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍ സി സി ടി വി ക്യാമറകള്‍ പോലീസ് തന്നെ നശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്നതാണ്. അതുപോലെ കലാപ സ്ഥലത്ത് കലാപം നടക്കുന്നതിന്റെ തൊട്ടുതലേ ദിവസം നടത്തിയ കലാപാഹ്വാനം പോലീസ് വിട്ടുകളയുന്നു.
1992ലെ ബോംബെ കലാപത്തിന് ശേഷമുള്ള ബോംബെ നഗരത്തിന്റെ സാമൂഹിക പരിസരങ്ങളെ കുറിച്ച് രാധിക സുബ്രഹ്മണ്യം നടത്തിയ പഠനത്തില്‍, ഇന്ത്യയിലെ മുഴുവന്‍ കലാപങ്ങള്‍ക്കും ഒരേ പാറ്റേണ്‍ ആണെന്ന് പറയുന്നുണ്ട്. ബോംബെ കലാപത്തിന് പുറമെ 1984ലെ സിഖ് വിരുദ്ധ കലാപമാണ് പഠനത്തില്‍ പ്രതിപാദിക്കപ്പെടുന്നതെങ്കിലും കലാപത്തിന് മുമ്പും ശേഷവുമുള്ള സാമൂഹിക, രാഷ്ട്രീയ പരിസരങ്ങള്‍ എപ്പോഴും ഒന്നാണെന്ന് രാധിക ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ സംഭവിച്ച ഒട്ടുമിക്ക കലാപങ്ങളും ഇതുപോലെ ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അവയുടെ നാള്‍വഴികള്‍ക്ക് ആശ്ചര്യജനകമായ സാമ്യതകളുണ്ടെന്നും മനസ്സിലാക്കാം. ബോംബെയിലും 2002ല്‍ ഗോദ്രയിലും സംഭവിച്ചതുപോലെ തന്നെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലും മുസ്‌ലിം വീടുകള്‍ പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടിരുന്നു. കലാപത്തിന് പരസ്യമായ ആഹ്വനം ഉണ്ടായിരുന്നു. കലാപത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പോലീസ് നിഷ്‌ക്രിയത്വം കാണിച്ചിരുന്നു. പിന്നീട് കലാപകാരികളുടെ പക്ഷം ചേര്‍ന്ന് വേട്ട നടത്തിയിരുന്നു. തെളിവ് നശിപ്പിച്ചിരുന്നു. സാക്ഷികളെ ചേര്‍ക്കുന്നതിലും മൊഴിയെടുക്കുന്നതിലും പക്ഷപാതിത്വം കാണിച്ചിരുന്നു. വസ്തുതാന്വേഷണ സംഘങ്ങളുടെ നിരീക്ഷണങ്ങളെ അവഗണിച്ചിരുന്നു. മനുഷ്യാവകാശ പ്രശ്‌നങ്ങളെ ലാഘവത്തോടെ തള്ളിക്കളഞ്ഞിരുന്നു.
ഡല്‍ഹി പോലീസിന്റെ അന്വേഷണം ഒരറ്റം മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നും കലാപത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും ഡല്‍ഹി കോടതിയിലെ അഡീഷനല്‍ സെഷന്‍ ജഡ്ജി ധര്‍മേന്ദ്ര റാണ ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ മാസം 27നാണ്. കലാപാനന്തരം സി എ എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളെ യു എ പി എ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തും പീഡിപ്പിച്ചും ലോക്ക്ഡൗണിന് ശേഷം ഒരു സമരം ഉയര്‍ന്നുവരരുതെന്ന് പോലീസ് കണക്കുകൂട്ടുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ തോക്കുകളും ഗ്യാസ് സിലിന്‍ഡര്‍ ബോംബുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അവ കലാപ പ്രദേശത്തേക്ക് എത്തിച്ചതും വിതരണം ചെയ്തതുമടക്കമുള്ള വിഷയങ്ങളില്‍ വസ്തുതാപരമായ അന്വേഷണം നടന്നാല്‍ ഭരണകൂട ഭീകരതയുടെ വ്യാപ്തി ഇനിയും വലുതാകും. കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടത് നീതിയും പുനരധിവാസവുമാണ്. കലാപം ചര്‍ച്ച ചെയ്യാന്‍ ഹോളി തീര്‍ന്നുള്ള ഒരു മുഹൂര്‍ത്തം നോക്കാം എന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് കലാപത്തിന്റെ ഇരകള്‍ക്ക് തണലൊരുക്കുക. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സമര പന്തലുകള്‍ പൊളിക്കുന്ന അതേ ആവേശത്തില്‍ കലാപത്തിന്റെ ഇരകള്‍ പാര്‍ത്തിരുന്ന ക്യാമ്പുകളും സര്‍ക്കാര്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അതെ, ഇന്ത്യ അത്രമേല്‍ വംശീയവും വര്‍ഗീയവുമായ ചേരിതിരിവുകളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അതിന് പോലീസും നിയമവാഴ്ചയും മറ്റു ഭരണകൂട സംവിധാനങ്ങളും ആക്കം കൂട്ടുന്നു. ഇതാണ് ഞെട്ടിക്കുന്ന സത്യം.