Connect with us

Kerala

അഞ്ജുവിന്റെ മരണം കോളജിന് വീഴ്ച പറ്റി: എം ജി. വി സി

Published

|

Last Updated

കോട്ടയം| അഞ്ജു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി വി എം കോളജിന് വീഴ്ച പറ്റിയെന്ന് എം ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്. കോപ്പിയടിച്ചെന്ന് ആരോപിച്ചിട്ടും വിദ്യാര്‍ഥിനിയെ വീണ്ടു പരീക്ഷാഹാളില്‍ ഇരുത്തിയത് കോളജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

കോപ്പിയടിച്ചെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് കൊണ്ട് പോകണമായിരുന്നു. പരീക്ഷാഹാളിലെ സി സി ടി വി ദൃശ്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതാണ്. പൊതുജനത്തിനല്ല, സര്‍വകലാശാലക്കാണ് അത് കൈമാറണ്ടത്. ക്രമക്കേട് വരുത്തിയ ഹാള്‍ ടിക്കറ്റ് നല്‍കേണ്ടിയിരുന്നത് യൂനിവേഴ്‌സിറ്റിക്കായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഷയം കോളജ് ഗൗവരവത്തിലെടുത്തില്ല. കോളജ് പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് നീക്കും. സംഭവം നടന്ന അന്ന് വൈകീട്ട് തന്നെ ബി വി എം കോളജ് വൈസ് പ്രിന്‍സിപ്പല്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാള്‍ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് നല്‍കിയത്.

പരീക്ഷാ കേന്ദ്രങ്ങള്‍ വിദ്യാര്‍ഥി സൗഹൃദങ്ങളാക്കണം. ഭാവിയില്‍ ഇത്തരം സംഭവമുണ്ടായാല്‍ മാതാപിതാക്കളെ അറിയിക്കുന്ന രീതിയുണ്ടാകണം. സര്‍വകലാശാല പരീക്ഷകളില്‍ നവീന രീതികള്‍ ആരംഭിക്കേണ്ട കാലമായെന്നും ഇത്തരം കാര്യങ്ങള്‍ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ജുവന്റെ മരണത്തില്‍ ഇടക്കാല റിപ്പോര്‍ട്ടാണ് സര്‍വകലാശാല സമര്‍പ്പിച്ചിരിക്കുന്നത്.